വകുപ്പുതല പരിശോധന വേണമെന്ന് ജലവിഭവ വകുപ്പ്; പറ്റില്ലെന്ന് കിഫ്ബി
തിരുവനന്തപുരം: സി.എ.ജി പരിശോധനയ്ക്ക് വഴങ്ങാതിരുന്നതിനു സമാനമായി വകുപ്പുതല പരിശോധനകള്‍ക്കും ഉടക്കിട്ട് കിഫ്ബി. പദ്ധതി നടത്തിപ്പ് പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ച ജലവിഭവ വകുപ്പിനെതിരെ എതിര്‍പ്പുമായെത്തിയ കിഫ്ബി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും നിര്‍ത്തി വയ്ക്കുകയാണെന്നറിയിച്ചു.
വിഷയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ടേക്കും. കിഫ്ബി വഴി കടമക്കുടി പഞ്ചായത്തിലും താനൂര്‍ മുന്‍സിപ്പിലാറ്റിയിലും നടപ്പാക്കുന്ന ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പദ്ധതി നടത്തിപ്പിലെ ചില പോരായ്മകള്‍ കിഫ്ബിയുടെ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ ജലവിഭവ വകുപ്പിന്റെ പരിശോധനാ വിഭാഗം സ്വന്തം നിലയ്ക്കുള്ള അന്വേഷണത്തിന് നടപടി തുടങ്ങി.
ഫെബ്രുവരി പത്തിനായിരുന്നു ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. എന്നാല്‍ നടപടിയെ വിമര്‍ശിച്ചും പരിശോധനക്ക് ജലവിഭവവകുപ്പിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ജലവിഭവ വകുപ്പ് എം.ഡിക്ക് കത്തയച്ചു. കിഫ്ബി ചട്ടം 17 എ പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ക്കു തന്നെ പരിശോധനക്കായി സംഘത്തെ നിയോഗിക്കാമെന്നായിരുന്നു ഇതിനു ലഭിച്ച മറുപടി. തുടര്‍ന്ന് വകുപ്പ് ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി കരാറുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്നു കിഫ്ബി അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."