രണ്ടാമത്തെ സാമ്പത്തിക പാക്കേജ് അപര്യാപ്തം; കേരളത്തിനു തിരിച്ചടി: മന്ത്രി ഐസക്
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച രണ്ടാമത്തെ സാമ്പത്തിക പാക്കേജും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അപര്യാപ്തമാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്.
രാജ്യമാകെ നിശ്ചലമായ ഈ ഘട്ടത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടുന്നതിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉദാരമായ വായ്പയും നിലവിലുള്ള വായ്പയുടെ പുനഃസംഘടനാ പാക്കേജും പ്രഖ്യാപിക്കാത്തതും കേരളത്തിനു തിരിച്ചടിയാണ്.
സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിധി മൂന്നു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ 18,000 കോടി രൂപ കൂടുതല്‍ വായ്പയെടുക്കാന്‍ കഴിയുമായിരുന്നു. അനുവദിച്ചത് താല്‍ക്കാലികമായി 729 കോടി മാത്രമാണ്. അടിയന്തരമായി നബാര്‍ഡില്‍ നിന്ന് കേരളം അഭ്യര്‍ഥിച്ച അധിക വായ്പ ലഭ്യമാക്കണം. സിഡ്ബി കൂടുതല്‍ പണം കെ.എഫ്.സിക്ക് അനുവദിക്കണം. നാഷണല്‍ ഹൗസിങ് ബാങ്ക് ലൈഫ് മിഷനു വായ്പ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റിപ്പോ റേറ്റ് 4.4 ശതമാനമായി കുറച്ചതുകൊണ്ട് റീട്ടെയില്‍ പലിശനിരക്കില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. അതുകൊണ്ട് ടി.എല്‍.ടി.ആര്‍.ഒ (ടാര്‍ഗറ്റഡ് ലോങ് ടേം റിപ്പോ ഓപ്പറേഷന്‍സ്) വഴി 50,000 കോടി രൂപ ബാങ്കേതര സ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കുന്നത് നല്ല കാര്യമാണ്. സാധാരണഗതിയിലുള്ള റിപ്പോ വായ്പയ്ക്ക് ഒരു മാസത്തില്‍ താഴെ കാലാവധിയാണ്. എന്നാല്‍ പുതിയ വായ്പകള്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ ദൈര്‍ഘ്യമുള്ളവയാണ്.
നബാര്‍ഡിനും സിഡ്ബിക്കും നാഷനല്‍ ഹൗസിങ് ബാങ്കിനും കൂടുതല്‍ റീഫൈനാന്‍സ് അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിന് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യം വെയിസ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും തുല്യമായ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവുമടക്കം 3,159 കോടി രൂപ വായ്പയെടുക്കാന്‍ അനുവാദമുണ്ട്. ഇതിന്റെ പകുതി വരുന്ന ഓവര്‍ ഡ്രാഫ്റ്റ് 21 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി കേരളത്തിന് താല്‍ക്കാലികമായി എടുക്കാവുന്ന തുക 3,888 കോടി രൂപയായി ഉയര്‍ന്നു. 729 കോടി രൂപയുടെ വര്‍ധന. ഇതുതന്നെ സെപ്തംബര്‍ 30 വരെ മാത്രമേയുള്ളൂ. അതു കഴിഞ്ഞാല്‍ പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."