യഥാര്‍ഥ തൊഴിലന്വേഷകരെ കണ്ടെത്താന്‍ സര്‍വേ നടത്തും: മന്ത്രി
കാസര്‍കോട്:എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരിലെ യഥാര്‍ഥ തൊഴിലന്വേഷകരെ കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാനഗറിലെ മിനി സിവില്‍ സ്‌റ്റേഷനില്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ 35 ലക്ഷത്തിലധികം തൊഴിലന്വേഷകര്‍ പേര് രജിസ്റ്റര്‍ ചെയ്തതായാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത്രയും തൊഴിലന്വേഷകര്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്താന്‍ സര്‍വേ നടത്തും. മറ്റ് തൊഴിലുകള്‍ ചെയ്യുന്നവരും വിവിധ ക്ഷേമപദ്ധതിയില്‍ അംഗമായവരുമെല്ലാം ഇത്തരത്തില്‍ എംപ്ലോയ്‌മെന്റ് ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തി ഉറപ്പു വരുത്തി ഒഴിവാക്കാനുള്ള നടപടികളുമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ തേടിയെത്തുന്ന അഭ്യസ്തവിദ്യര്‍ക്ക് സഹായകരമാകും എംപ്ലോയബിലിറ്റി സെന്ററുകള്‍. എംപ്ലോയബിലിറ്റി സെന്ററുകള്‍ക്കു പുറമെ എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍കൂടി ആരംഭിക്കും. എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി സംസ്ഥാനത്ത് ഇതുവരെ 1.35 ലക്ഷം അഭ്യസ്തവിദ്യര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 85817 പേര്‍ക്ക് വിവിധ മേലകളില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി. 42,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തിരുത്തി യുവജനതയ്ക്കു പുതിയ ദിശാബോധം നല്‍കുന്ന വിവിധ പദ്ധതികള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് നടപ്പാക്കിവരികയാണ്. ഗ്രാമീണ മേഖലയിലെ തൊഴിലന്വേഷകര്‍ക്കു പരിശീലനം നല്‍കുന്നതിന് കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും ആരംഭിച്ചു. എംപ്ലോയബിലിറ്റി സെന്ററുകളും കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും മുഖേന നടത്തിക്കൊണ്ടിരിക്കുന്ന ജോബ് ഫെയറുകള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. എ.ഡി.എം എന്‍. ദേവീദാസ്, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം സദാനന്ദന്‍, കെ.എ.എസ്.ഇ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രതാപ് മോഹന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ഗീതാകുമാരി, എംപ്ലോയ്‌മെന്റ് റീജ്യണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, സംസ്ഥാന വൊക്കേഷനല്‍ ഗൈഡന്‍സ് ഓഫിസര്‍ കെ.അബ്ദുറഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."