മഞ്ചേരിയിലെ 85 കാരന്റെ മരണത്തിലേക്കുള്ള നാള്‍ വഴികള്‍ ഇങ്ങനെ
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ പുലര്‍ച്ചെ മരിച്ച കീഴാറ്റൂര്‍ പൂന്താനം കാരിയമാട് വീരാന്‍കുട്ടി 30 വര്‍ഷമായി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നയാള്‍.
വിദഗ്ധ ചികിത്സയെ തുടര്‍ന്ന് കോവിഡ് ഭേദമായെങ്കിലും മാര്‍ച്ച് 31 ന് വൈറല്‍ ന്യുമോണിയ ബാധിച്ചു. തുടര്‍ന്നാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ മൂന്നിന് ആലപ്പുഴ എന്‍.ഐ.വിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ 7, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു. മാര്‍ച്ച് 11ന് രോഗിയെ തുടര്‍ നിരീക്ഷണത്തിനായി ഐസൊലേഷനില്‍ നിന്ന് സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റി.
ഏപ്രില്‍ 13 ന് വൈകുന്നേരം നാലു മണിക്ക് രോഗിക്ക് കഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡ്യൂട്ടി കാര്‍ഡിയോളജിസ്റ്റ് രോഗിയെ പരിശോധിച്ച് ഇ.സി.ജി, എക്കോ പരിശോധനകളിലൂടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഉടന്‍തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഏപ്രില്‍ 13 ന് മൂന്നാമത്തെ സാമ്പിള്‍ പരിശോധനാ ഫലത്തിലും കോവിഡ് നെഗറ്റീവായി കണ്ടു.
ഏപ്രില്‍ 14ന് രോഗിക്ക് മൂത്രത്തിന്റെ അളവ് കുറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അക്യൂട്ട് കിഡ്നി ഇഞ്ചുറി ഉണ്ടായതായി കണ്ടെത്തി വെന്റിലേറ്ററിലേക്ക് മാറ്റി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ നെഫ്രോളജിസ്റ്റുകളുടെ സംഘം ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.
ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായ രോഗിക്ക് ഏപ്രില്‍ 16ന് കഠിനമായ പനി അനുഭവപ്പെട്ടു. തുടര്‍ പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായും കണ്ടെത്തി. ക്രിട്ടിക്കല്‍ കെയര്‍ ടീം ചികിത്സ ആരംഭിച്ചു. ഏപ്രില്‍ 17 ന് നടത്തിയ പരിശോധനയില്‍ രോഗിക്ക് സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം രോഗങ്ങള്‍ ബാധിച്ചതായും കണ്ടെത്തിയിരുന്നു. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ ഏപ്രില്‍ 18ന് പുലര്‍ച്ചെ നാലു മണിയോടെ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."