കലിതുള്ളി കാലവര്‍ഷം
കാസര്‍കോട്: ശക്തമായ കാറ്റും മഴയുമായി കലിതുള്ളുന്ന കാലവര്‍ഷത്തില്‍ വ്യാപക നാശം. മലവെള്ളപാച്ചിലില്‍ അകപ്പെട്ട് ഒരാള്‍ മരണപ്പെട്ടു. നിരവധി വീടുകളാണ് പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി. കാര്‍ഷിക മേഖലയിലും കനത്തനാശമുണ്ടായി. വൈദ്യുതി തൂണുകള്‍ തകര്‍ന്നു ജില്ലയുടെ വിവിധ മേഖലകളില്‍ വൈദ്യുതി വിതരണം താറുമാറായി.
അഡൂര്‍ ചെര്‍ളക്കയിലെ ചെനിയ നായ്കാ(65)ണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ടത്. പയസ്വിനി പുഴയില്‍ അകപ്പെട്ടാണ് മരണം സംഭവിച്ചത്. രണ്ടുദിവസം മുന്‍പു കാണാതായ ചെനിയ നായ്കിന്റെ മൃതദേഹം അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. താളിപ്പടുപ്പ് ദേശീയപാതയില്‍ മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മരം കടപുഴകിയത്. ഒരു മണിക്കൂറോളം നേരം ഗതാഗതം സ്തംഭിച്ചു.
കാസര്‍കോട് നിന്നെത്തിയ അഗ്നിശമനസേനയും പൊലിസും മരം മുറിച്ചുനീക്കിയതിനു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. കാസര്‍കോട് നഗരത്തില്‍ കറന്തക്കാട്, ഉപ്പള റെയില്‍വേ ഗേറ്റ്, സോങ്കാല്‍, കുഞ്ചത്തൂര്‍ ഉദയനഗര്‍, മൊറത്തണ ഗാന്ധിനഗര്‍, മുള്ളേരിയ നെച്ചിപ്പടുപ്പ്, വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഉപ്പള, ഫോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു.
വാഹനങ്ങള്‍ക്കു മുകളിലും മറ്റുമായി മരം വീണ് വ്യാപകനാശമുണ്ടായി. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം ക്വാര്‍ട്ടേഴ്‌സിനു മുകളിലേക്കു തെങ്ങുവീണ് കെട്ടിടം ഭാഗികമായി തകര്‍ന്നു. സോങ്കാലില്‍ തണല്‍മരം റോഡിലേക്കു മറിഞ്ഞുവീണു. തൂമിനാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് വൈദ്യുതതൂണ്‍ മറിഞ്ഞുവീണു. യാത്രക്കാര്‍ക്കാര്‍ക്കും പരുക്കില്ല, റിക്ഷ ഭാഗികമായി തകര്‍ന്നു. കുഞ്ചത്തൂര്‍ ഉദയനഗറിലെ മാധവന്‍, ലക്ഷ്മി എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ പ്ലാവ് കടപുഴകി വീണു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൊറത്തണ ഗാന്ധി നഗറില്‍ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
വൊര്‍ക്കാടിയില്‍ എച്ച്.ടി ലൈനിലേക്കു മരം മുറിഞ്ഞു വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. ധര്‍മനഗര്‍ കൊടേമാറില്‍ റോഡിലേക്കു കുന്നിടിഞ്ഞുവീണു ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മുള്ളേരിയ നെച്ചിപ്പടുപ്പിലെ കരുണന്റെ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. കുമ്പള ശാന്തിപ്പള്ളത്ത് ശക്തമായ കാറ്റില്‍ ശാന്തിപ്പള്ളം അങ്കണവാടിക്ക് സമീപത്തെ ഷെല്‍വിയുടെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. വീട് ഭാഗികമായി തകര്‍ന്നു. ഷെല്‍വിയും മകളും സംഭവ സമയത്ത് വീടിനു പുറത്തായതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ നഗരത്തിലെ ഫോര്‍ട്ട് റോഡില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് കാറിന്റെ ഒരു ഭാഗം തകര്‍ന്നു. നഗരത്തിലെ പഴവര്‍ഗ വ്യാപാരി അസ്‌ലമിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറാണ് തകര്‍ന്നത്. മരച്ചില്ലകള്‍ വീണ് തടസപ്പെട്ട ഗതാഗതം അഗ്നിശമന സേനയെത്തി പുനഃസ്ഥാപിച്ചു.
കാസര്‍കോട് നായന്മാര്‍മൂലയില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ മരം വീണു. കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിനും കാറിനും മുകളില്‍ മരം വീണു.
തൃക്കരിപ്പൂര്‍: വലിയപറമ്പ് ണ്ടണ്ടണ്ടവില്ലേജ് ഓഫിസ് പരിസരത്തെ ടി.കെ.പി ഫൗസിയയുടെ വീട്ടുവളപ്പിലെ തെങ്ങ് മുറിഞ്ഞു വീണു വാഴകൃഷി നശിച്ചു. ഇന്നലെയുണ്ടായ കാറ്റിലാണ് തെങ്ങുവീണത്.
കുന്നുംകൈ: ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഭീമനടി പ്ലാചിക്കരയിലെ മുന്തിക്കൊട് ബാബുവിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.കാറ്റില്‍ മരം പൊട്ടി വീണാണ് അപകടം ഉണ്ടായത്.
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മലയോരത്തെ റോഡുകള്‍ പലതും ചെളിക്കുളവും വെള്ളക്കെട്ടും കാരണം ഗതാഗതം താറുമാറായി. ഒടയന്‍ചാല്‍ ചെറുപുഴ മേജര്‍ റോഡിലെ ഭീമനടിയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ ചെറു വാഹനങ്ങള്‍ കടന്നു പോകാന്‍ തടസം നേരിട്ടു. വെള്ളരിക്കുണ്ട് , ഭീമനടി , കുന്നുംകൈ, കമ്മാടം എന്നിവിടങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് റോഡിലേക്ക് വലിയ കല്ലും മണ്ണും ഒഴുകിയെതിയതിനാല്‍ റോഡുകള്‍ പലതും ഗതാഗതയോഗ്യമല്ലാതായി മാറി. നിര്‍ദിഷ്ട മലയോര ഹൈവേ കടന്നുപോകുന്ന നല്ലോമ്പുഴ ഭാഗത്തെ റോഡുകളിലെ ചെളിക്കെട്ടു കാരണം ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസം നേരിടുകയാണ്. ഈ റോഡില്‍ കുഴികള്‍ ഉണ്ടായ ഭാഗത്ത് പഞ്ചായത്ത് അധികൃതര്‍ മണ്ണിട്ട് നികത്തിയതിനാലാണ് ചെളിക്കെട്ടു വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്ലാച്ചിക്കര ഫോറസ്റ്റിനരികില്‍ സ്ഥിതി ചെയ്യുന്ന ദ്രവിച്ച കൂറ്റന്‍ മരങ്ങള്‍ ഏതുനിമിഷവും റോഡിലേക്കു നിലം പതിക്കുന്ന നിലയിലാണ്. കഴിഞ്ഞ ദിവസം പാഴ് മരം പൊട്ടി വീണിരുന്നു. മഴക്കാലത്തിനു മുന്‍പേ തീര്‍ക്കേണ്ട പല പ്രവര്‍ത്തികളും സമയബന്ധിതമായി തീര്‍ക്കുന്നതിലുള്ള അലസതയാണ് റോഡുകളും മറ്റും താറുമാറാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് മഴക്കാലത്ത് മുന്‍പു മഴവെള്ളം ഒഴുകിപ്പോകാന്‍ ചാലുകള്‍ നിര്‍മിക്കാറുണ്ടെങ്കിലും ഈ പ്രദേശത്ത് അത്തരം പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
കുമ്പള: കുമ്പള, ഉപ്പള ഇലക്ട്രിക് സെക്ഷനു കീഴില്‍ ഇന്നലെ മാത്രം ഇരുപതിലേറെ വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഉപ്പള മണിമുണ്ടയില്‍ ഇന്നലെ രാവിലെ ഒരേ സമയം പത്ത് വൈദ്യുതി തൂണുകളാണ് തകര്‍ന്നു വീണത്. മണിമുണ്ട കിയൂര്‍ റോഡിലെ ഒരു തൂണിനു മുകളില്‍ വലിയ കാറ്റാടി മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇതോടൊന്നിച്ച് ലൈന്‍ കടന്നു പോകുന്ന പത്ത് തൂണുകളാണ് പൂര്‍ണമായും തകര്‍ന്നത്. പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്.ശക്തമായ മഴ തുടരുന്നതിനാല്‍ പുതിയ തൂണുകള്‍ എളുപ്പം സ്ഥാപിക്കാനായില്ല. പ്രദേശം പൂര്‍ണമായും ഇരുട്ടിലാണ്. ഇന്നത്തോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. കുമ്പളയില്‍ പത്തിടങ്ങളില്‍ മരം വൈദ്യുതി തൂണില്‍ വീണ് എട്ടു തൂണുകള്‍ തകര്‍ന്നു. കുമ്പള ദണ്ഡ ഗോളില്‍ ഹൈടെന്‍ഷന്‍ ലൈനില്‍ ആല്‍മരം വീണ് നാല് ട്രാന്‍സ്‌ഫോര്‍മറിനു കീഴില്‍ വൈദ്യുതി വിതരണം താറുമാറായി. ചെക്ക് പോസ്റ്റ്, ഗയില്‍, ദണ്ഡ ഗോളി എന്നിവിടങ്ങളിലാണ് വൈദ്യുതി നിലച്ചത്.
ഉപ്പളയില്‍ കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കുമ്പള, മഞ്ചേശ്വരം തീരദേശവാസികള്‍ ഭീതിയിലാണ്. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നാലോളം വീടുകള്‍ പൂര്‍ണമായും പത്തിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഷിറിയ ലത്തീഫിയയുടെ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിനു മുകളില്‍ തേക്ക് മരം വീണ് ബസ് തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."