പുന്നമടക്കായലിലെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുങ്ങുന്നു
ആലപ്പുഴ: രാജ്യത്താദ്യമായി ഹൗസ് ബോട്ടുകളില്‍ കൊവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിക്കുന്നു. ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കുന്നത്. പുന്നമടക്കായലിലെ
നെഹ്രുട്രോഫി ഫിനിഷിങ് പോയിന്റിലും സമീപത്തുമായി ഹൗസ് ബോട്ടുകള്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്താണ് ഐസൊലേഷന്‍ മുറികള്‍ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 140 ഹൗസ് ബോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ 700 ഓളം ഹൗസ് ബോട്ടുകളില്‍ കൂടി ഐസൊലേഷന്‍ മുറികള്‍ ഒരുക്കും. 1500മുതല്‍ 2000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും. ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനുമായി അധികൃതര്‍ ചര്‍ച്ച ചെയ്ത് ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയിട്ടുണ്ട്.
അതിനിടെ ഹൗസ് ബോട്ടുകള്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ഫിനിഷിങ് പോയിന്റില്‍ മോക്ക് ഡ്രില്‍ നടത്തി. ഹൗസ്‌ബോട്ടില്‍ നിരീക്ഷണത്തിലുള്ള വ്യക്തിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മോക്ക് ഡ്രില്ലാണ് നടത്തിയത്. വാട്ടര്‍ ആംബുലന്‍സിലാണ് രോഗലക്ഷണമുള്ളയാളെ ഫിനിഷിങ് പോയിന്റിലെത്തിച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരമനുസരിച്ചെത്തിയ പി.പി.ഇ. കിറ്റ് ധരിച്ച ആംബുലന്‍സ് ഡ്രൈവറാണ് വാട്ടര്‍ ആംബുലന്‍സില്‍ നിന്നും രോഗലക്ഷണമുള്ളയാള്‍ക്ക് പുറത്ത് കടക്കാനുള്ള വാതിലുകള്‍ തുറന്നു കൊടുത്തത്. ഇയാളെ പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു. പിന്നീട് രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ്‌ബോട്ട്, വാട്ടര്‍ ആംബുലന്‍സ് എന്നിവ ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തവുമാക്കി.
ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ . വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഫിനിഷിങ് പോയിന്റില്‍ സജ്ജമാക്കിയിരുന്നു. ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ആളുകളുടെയും ആരോഗ്യ സ്ഥിതി, യാത്രാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം, അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനായി പൊലിസ്, അഗ്നിശമന സേന എന്നിവയുടെ കണ്‍ട്രോള്‍ റൂം, ഭക്ഷണം ഉറപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ കണ്‍ട്രോള്‍ റൂം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, എന്നിവയുടെ കണ്‍ട്രോള്‍ റൂമുകളുമാണ് മോക്ക് ഡ്രില്ലിനായി സജ്ജമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."