കാഞ്ഞാണി റൂട്ടിലെ ബസ് മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു
കാഞ്ഞാണി: കുന്നത്തങ്ങാടിയില്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കാഞ്ഞാണി റൂട്ടില്‍ ഇന്നലെ ബസ് ജീവനക്കാര്‍ പണിമുടക്കി.
ഓടിയ ബസുകള്‍ ജീവനക്കാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഓട്ടോ ടാക്സിയിലും ബൈക്കിലും എത്തിയവര്‍ കിരണ്ബസ് തടഞ്ഞ് ബസിലെ കണ്ടക്ടര്‍ ശ്രീരാഗ് (24), ഡ്രൈവര്‍ സനൂപ് (25), എന്നിവരെ മര്‍ദിച്ചത്.
ഓട്ടോ ടാക്സി ഡ്രൈവര്‍ പിങ്കിക്കും അടിപിടിയില്‍ പരുക്കേറ്റിരുന്നു. ബസ് ജീവനക്കാരെ തൃശൂര്‍ ജില്ലാ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓട്ടോയാല് ബസ് ഉരസിയതിനെ ചൊല്ലിയായിരുന്നു അടിപിടി. ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് തൃശൂര്‍ കാഞ്ഞാണി റൂട്ടിലെ ജീവനക്കാര്‍ പണിമുടക്കിയത്.
രാവിലെ സര്‍വിസ് നടത്തിയ ബസുകള്‍ കാത്താണി സെന്ററിലും തൃശൂരിലും ജീവനക്കാര്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. തൃപ്രയാറില്‍ നിന്നും ചേറ്റുവയില്‍ നിന്നും അന്തിക്കാട്, ചാവക്കാട് ഭാഗത്ത് നിന്നും കാഞ്ഞാണി വഴി തൃശൂര്‍ക്ക് പോകുന്ന ബസുകളാണ് പണിമുടക്കിയത്. അപ്രതീക്ഷിതമായുള്ള ബസ് പണിമുടക്ക് യാത്രക്കാരെ വലച്ചു. അതേ സമയം, ബസ് ജീവനക്കാരെ മര്‍ദിച്ച കേസില്‍ കണ്ടാല്‍ അറിയുന്ന അഞ്ച് പേര്‍ക്കെതിരേ അന്തിക്കാട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."