ദേശീയപാത വീണ്ടും തകരുന്നു; യാത്രക്കാര്‍ അപകടഭീഷണിയില്‍
അരൂര്‍: കാലവര്‍ഷം ശക്തിയായതോടെ അരൂരില്‍ ദേശീയപാതയില്‍ വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങി. ഇത് ഇരുചക്രവാഹങ്ങളുടെ യാത്ര ദുസഹമായി മാറ്റിയിരിക്കുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ദേശീയപാതയിലെ ടാറിങ് നടത്തി വരുന്നത്. പാതയിലെ കുഴികള്‍ കുറക്കുന്നതിനും സുഗമമായ ദീര്‍ഘ ദൂരയാത്ര ലഭ്യമാക്കുന്നതിനുമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ റീടാറിങ് സംവിധാനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
മാറി മാറി വരുന്ന സര്‍ക്കാര്‍ റീടാറിങ് നടത്താറുണ്ടെങ്കിലും വര്‍ഷകാലത്ത് റോഡില്‍ ഉണ്ടാകുന്ന കുഴികള്‍ക്ക് കുറവ് കാണുന്നില്ല. തുടക്കത്തില്‍ ഉണ്ടാകുന്ന ചെറുകുഴികളാണ് പിന്നീട് വലിയ ഗര്‍ദ്ദങ്ങളായി മാറുന്നത്. ഇത്തരം വലിയ കുഴികളില്‍ ഇരുചക്ര യാത്രക്കാര്‍ വീണ് പരുക്കേല്‍ക്കാറുണ്ട്. കാലവര്‍ഷം തുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷം അടച്ച കുഴികളുടെ സ്ഥാനത്തും മറ്റു സ്ഥലങ്ങളിലും പുതിയ കുഴികള്‍ രൂപപ്പെട്ടുവരുന്നുണ്ട്.
ദേശീയപാതയിലെ വെള്ളക്കെട്ട് റോഡ് തകരുന്നതിന് ഒരു കാരണമാണ്. മുന്‍ കാലങ്ങളില്‍ വെള്ളക്കെട്ട് ഒഴുക്കി കളയുന്നതിന് പി.ഡബ്ല്യു.ഡി നടപടി എടുക്കാറുണ്ടായിരുന്നു. സ്‌കൂള്‍ തുറന്നതോടെ റോഡില്‍ കെട്ടികിടക്കുന്ന വെള്ളക്കെട്ടിലൂടെയാണ് സ്‌കൂള്‍ കുട്ടികള്‍ നടന്നു പോകുന്നത്. ഇത് അപകടത്തിന് വഴിയൊരുക്കിയിട്ടുണ്ട്. വെള്ളക്കെട്ടില്‍നിന്ന് മാറി റോഡിലൂടെ സഞ്ചരിച്ച കാല്‍നടയാത്രികരായ രണ്ട് പേര്‍ ചന്തിരൂരില്‍ വച്ച് അപകടത്തിന് ഇടയാക്കി മരണം സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."