സഊദിയിൽ പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്താത്ത മേഖലകളിൽ ടാക്‌സി സർവീസ് പുനരാരംഭിക്കാൻ രാജാവിന്റെ അനുമതി
റിയാദ്: കൊവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റദ്ദാക്കിയിരുന്ന ടാക്‌സി സേവനം ഭാഗികമായി പുനരാരംഭിക്കാൻ അനുമതി. 24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത പ്രദേശങ്ങളിൽ ഓൺലൈൻ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ സഊദി ഭരണാധികാരി സൽമാൻ രാജാവാണ് നിർദേശം നൽകിയത്. ഇത്തരം മേഖലകളിൽ മൊബൈൽ ഉപയോഗിച്ചുള്ള ഓൺലൈൻ ടാക്‌സി സർവ്വീസുകൾക്കാണ് രാജാവ് അനുമതി നൽകിയത്. ടാക്‌സി ഡ്രൈവർമാർക്ക് ആപുകൾ വഴിയുള്ള ഓർഡറുകൾ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് കൊറോണക്കാലത്ത് മാത്രമായിരിക്കും.
യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷക്കാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ടാക്‌സികൾ ഓടേണ്ടത്. ഇത് സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസിർ അറിയിച്ചു. നേരത്തെ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ടാക്‌സി, വിമാന, ട്രെയിൻ, ബസ് ഗതാഗത സർവീസുകൾആഭ്യന്തര മന്ത്രാലയം നിർത്തി വെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."