വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം ദുരൂഹം: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
കോഴിക്കോട് : ദുരന്തത്തിന്റെ മറവില്‍ മലയാളിയുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് വിറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ്. സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇത് വരെ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ജീവിക്കാനുള്ള അവകാശം പോലെ പ്രധാനമാണ് പൗരന്റെ സ്വകാര്യതയുടെ മേല്‍ ഉള്ള അവകാശമെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ച ഒരു രാജ്യത്ത് സ്വകാര്യ വിവരങ്ങളായ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം ദുരൂഹമാണ്.
ഈ ഇടപാട് പിണറായി വിജയന്റെ മകളായ വീണ വിജയന്റെ ആവശ്യപ്രകാരം ആണ് നടന്നത് എന്ന് ന്യായമായും സംശയിക്കപ്പെടുന്നു.വീണ വിജയന്‍ മാനേജിംഗ് ഡയറക്ടര്‍ ആയ എക്സാലോജിക്ക് കമ്പനിയുടെ വെബ്സൈറ്റ് കഴിഞ്ഞ നാല് ദിവസമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് സംശയത്തിന് ബലം നല്‍കുന്നു. ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ഏപ്രില്‍ 20ന് (തിങ്കളാഴ്ച) ഉച്ചക്ക് പന്ത്രണ്ട് മണിക്ക് നട്ടുച്ച പന്തം എന്ന പേരില്‍ മുസ്‌ലിം യൂത്ത് ലീഗ് എല്ലാ കവലകളിലും സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് കൊണ്ട് അഞ്ച് പേര്‍ വീതം പങ്കെടുക്കുന്ന സമരമാണ് സംഘടിപ്പിക്കുക.
കേരളം ഒറ്റക്കെട്ടായി രൂപപ്പെടുത്തിയ ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ സ്പ്രിംഗ്ലര്‍ എന്ന സ്വകാര്യ കമ്പനിയുടെ ശ്രമഫലമായി നേടിയെടുത്തതാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ധാരണ ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് ഐ.ടി സെക്രട്ടറി ആരോപണ വിധേയമായ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ അഭിനയച്ചത്.
കേരളത്തിന്റെ മാതൃക ഉണ്ടാക്കിയെടുക്കാന്‍ ലോകത്തിലെ ഏത് ഗവണ്‍മെന്റിനും സംവിധാനമൊരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് സ്പ്രിംഗ്ലര്‍ എന്ന സ്വകാര്യ കമ്പനി അവകാശപ്പെടുന്നത്. ഈ അവകാശ വാദം ശരിയാണെന്ന് സമര്‍ത്ഥിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തരം കച്ചവടത്തിന് കുട്ട്നില്‍ക്കുന്ന പിണറായി വിജയന് ദുരന്തമുഖത്തെ കഴുകന്റെ മനസാണെന്ന കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി.
കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പോലും മറുപടി പറയുന്ന പിണറായി വിജയന്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാത്തത് മടിയില്‍ കനമുള്ളത് കൊണ്ടാണ്. കെ.എം ഷാജിക്കെതിരെ കള്ളക്കേസെടുത്ത് വിഷയത്തെ വഴിതിരിച്ച് വിടാനുള്ള പിണറായി വിജയന്റെ കുബുദ്ധി കേരളത്തില്‍ നടപ്പിലാകില്ല.കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."