ജോലി സമയത്ത് യൂനിയന്‍ പ്രവര്‍ത്തനം വേണ്ടെന്ന് പിണറായി
തിരുവനന്തപുരം: ജോലിസമയത്ത് യൂനിയന്‍ പ്രവര്‍ത്തനം വേണ്ടെന്ന് സര്‍വിസ് സംഘടനാനേതാക്കളോടു മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വിസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് സര്‍ക്കാരിന്റെ പെരുമാറ്റച്ചട്ടം മുഖ്യമന്ത്രി അവതരിപ്പിച്ചത്. അടച്ചിട്ടമുറിയിലായിരുന്നു യോഗം. ഭരണം കാര്യക്ഷമമാക്കാന്‍ ജീവനക്കാര്‍ക്ക് അന്‍പതിന നിര്‍ദേശങ്ങളാണു മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.
ജീവനക്കാര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും അഴിമതിരഹിത ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചിത്വം ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനു പൊതുമാനദണ്ഡം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍നില വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ കര്‍ശനമാക്കാന്‍ വകുപ്പ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേലധികാരികള്‍ ഓഫിസുകള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്തും.
ഇതു നടപ്പാക്കുമ്പോള്‍ സര്‍വിസ് സംഘടനകള്‍ ഇടപെടരുത്. ഓഫിസുകള്‍ പല വസ്തുക്കളുടേയും വില്‍പ്പനകേന്ദ്രങ്ങളാകുന്ന അവസ്ഥ ഒഴിവാക്കണം.
കാര്യക്ഷമമായ സിവില്‍ സര്‍വിസ് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പിണറായി വിജയന്‍ വിവിധ സര്‍വിസ് സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ദര്‍ബാര്‍ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഏഴു സംഘടനകളാണു പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."