ജില്ലയില്‍ പ്ലസ്‌വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായി
ഒലവക്കോട്: ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ പ്ലസ്‌വണ്‍ ക്ലാസുകള്‍ എല്ലാം സ്‌കൂളുകളില്‍ ആരംഭിച്ചു. അടുത്ത ഘട്ടം ജുലൈ എട്ടിന് ആരംഭിക്കും. ഒന്നാംഘട്ടത്തില്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് അടുത്തദിവസം ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഓപ്ഷന്‍ മാറാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ഓരോ സ്‌കൂളുകളിലും ഒഴിവുള്ള സീറ്റുകള്‍, ഏതൊക്കെ വിഷയങ്ങളില്‍ വീണ്ടും അപേക്ഷ നല്‍കാം എന്നിവയൊക്കെയാണ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതോടെ എട്ട് മുതല്‍ രണ്ടാംഘട്ട അലോട്ട് മെന്റിനായുള്ള അപേക്ഷ നല്‍കാനാകും. വിദ്യാര്‍ഥികള്‍ ഓപ്ഷന്‍ നല്‍കിയതനുസരിച്ച് പ്രവേശന നടപടി പൂര്‍ത്തിയാക്കിയവര്‍ ക്ലാസുകളില്‍ എത്തിതുടങ്ങി.
ഒഴിവുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ഓപ്ഷന്‍ നല്‍കാം. കഴിഞ്ഞ 13നാണ് ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചതോടെ 20നെ ആദ്യ അലോട്ട്‌മെന്റ് ആരംഭിച്ചു. ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ ലഭിച്ചത് 46,310 അപേക്ഷകളായിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച് വിജയിച്ച 41,815 പേരും സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച 3083 പേരും ഐ.സി.എസ്.ഇ സിലബസില്‍ പഠിച്ച 105 പേരും മറ്റ് വിഭാഗങ്ങളിലായി 1,307 പേരുമാണ് ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ നല്‍കിയത്.
ആഗസ്ത് എട്ടിന് പ്രവേശന നടപടി അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹയര്‍ സെക്കന്‍ഡറി കോ-ഓഡിനേറ്റര്‍ അറിയിച്ചു. സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വരുന്നതനുസരിച്ച് ഇതിന്റെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള രണ്ടാഘട്ട ഓണ്‍ലൈന്‍ അപേക്ഷ ഈ മാസം പത്തുവരെ സ്വീകരിക്കും. ജില്ലയില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ഉള്‍പ്പെടെ ഹയര്‍ സെക്കന്‍ഡറിക്ക് 26,936 സീറ്റ് മാത്രമാണുള്ളത്. ഉള്ളതിന്റെ ഇരട്ടിയോളം അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. ആകെ 145 സ്‌കൂളുകളില്‍ 62 സര്‍ക്കാര്‍ സ്‌കൂളുകളാണുള്ളത്. 62 എയ്ഡഡ് സ്‌കൂളുകളും 17 അണ്‍ എയ്ഡഡ് സ്‌കൂളുകളുമുണ്ട്. കൂടാതെ രണ്ടുവീതം റസിഡന്‍ഷ്യല്‍ സ്‌കൂളും സ്‌പെഷ്യല്‍ സ്‌കൂളുമാണുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ ജില്ലയ്ക്ക് അധികം കിട്ടിയത് 4,820 സീറ്റ്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ 12,850ഉം എയ്ഡഡ് സ്‌കൂളുകളിലെ 11,250 സീറ്റുകളും കണക്കാക്കിയാല്‍ ആകെ 24,100 സീറ്റുകളാണുണ്ടായിരുന്നത്. ഇത് 28,920 ആയി ഉയര്‍ന്നു. ആകെ സീറ്റ് 31,756 ആയും ഉയര്‍ന്നു. ഇതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ടായി. മുന്‍കാലങ്ങളില്‍ ആദ്യ രണ്ട് അലോട്ട്‌മെന്റുകള്‍ക്കുശേഷമാണ് സര്‍ക്കാര്‍ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിറക്കാറുള്ളത്. എന്നാല്‍, ഇത്തവണ ഒന്നാംഘട്ട അലോട്ട്‌മെന്റ് വരുന്നതിനുമുമ്പേ സീറ്റ് വര്‍ധിപ്പിച്ചത് സ്‌കൂളുകള്‍ക്കും നടപടി എളുപ്പമാക്കി. കൂടുതല്‍ പേര്‍ക്ക് ആദ്യംതന്നെ പ്രവേശനവും ലഭിച്ചു.
എസ്.എസ്.എല്‍.സിക്ക് ഇത്തവണ ജില്ലയില്‍ 93.99 ശതമാനം വിജയമാണ്. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പ്ലസ്ടുതലംവരെ പഠിക്കാനുള്ള സൗകര്യമുള്ള സാഹചര്യത്തില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് പ്രാഥമിക പരിഗണന നല്‍കി പ്രവേശനം ആദ്യം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."