പ്രവാസികളെ തിരികെ കൊണ്ടുവരണം; മുസ്‌ലിം ലീഗ് എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി
മലപ്പുറം: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്ന പ്രവാസി ഇന്ത്യക്കാരെ കൊവിഡ്-19ന്റെ പാശ്ചാത്തലത്തില്‍ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവന്ന് ചികിത്സ ഉറപ്പാക്കുനുള്ള നടപടിയുണ്ടാകണമെന്ന് മുസ്‌ലിം ലീഗ്.
ഇതേ ആവശ്യമുന്നയിച്ച് ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.യു.എ.ഇ, സഊദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴില്‍തേടി പോയ ഇന്ത്യക്കാരില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ദിനേന നിരവധി ഫോണ്‍ കോളുകളാണ് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും എം.പിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു. ദുബൈ പോലുള്ള പ്രദേശങ്ങളില്‍ ഐസൊലോഷന്‍ കേന്ദ്രങ്ങള്‍ തിങ്ങിനിറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. ഇത് സമൂഹവ്യാപനത്തിനു കാരണമാകും. പുറമെ ഭക്ഷണം, ചികിത്സ എന്നിവയും മറ്റ് അടിയന്തര സേവനങ്ങളും ലഭ്യമാകാത്ത സ്ഥിതിയുണ്ടാക്കുമെന്നും എം.പിമാര്‍ ചണ്ടിക്കാട്ടി. സംസ്ഥാനത്തു നിന്നുള്ള പ്രവാസികളെ വിവിധ സന്നദ്ധ സംഘടനകള്‍ നാട്ടിലെത്തിച്ചാല്‍ ചികിത്സയ്ക്കും പാര്‍പ്പിടത്തിനുമുള്ള മതിയായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക വിമാനങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും എം.പിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."