ജാമിഅ അക്രമം: ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി
ന്യൂഡല്‍ഹി: ജാമിഅ മില്ലിയയില്‍ സംഘര്‍ഷമുണ്ടാവാന്‍ കാരണമായത് ജാമിഅ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ വിദ്വേഷ പ്രസംഗമാണെന്നാരോപിച്ച് ഡല്‍ഹി പൊലിസ് അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ ജാമിഅ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഫലമായാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതെന്നും ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കലാപത്തിനും തീവയ്പിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. കലാപത്തില്‍ നിരവധി പൊലിസുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു- ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലിസ് പറയുന്നു. ന്യൂ ഫ്രന്റ്‌സ് കോളനി, ജാമിഅ നഗര്‍ പൊലിസ് സ്റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് .
2019 ഡിസംബര്‍ 13ന് നടത്തിയ വിദ്വേഷ പ്രസംഗത്തിലൂടെ ജാമിഅയില്‍ കലാപത്തിന് പ്രേരിപ്പിച്ചതിനാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തതെന്നാണ് ന്യൂ ഫ്രന്റ്‌സ് കോളനി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. അന്വേഷണത്തിനിടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹത്തിനും ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കിയതിന് 153 എ പ്രകാരവുമാണ് കേസെടുത്തതെന്ന് പൊലിസ് പറയുന്നു. പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തവര്‍ക്കെതിരേ പൊലിസ് നേരത്തെ ഒരു കുറ്റപത്രം തയാറാക്കിയിരുന്നു.
ജനുവരി 28നാണ് ബിഹാറിലെ ജഹനാബാദില്‍വച്ച് ഷര്‍ജീല്‍ ഇമാമിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഷഹീന്‍ബാഗ് സമരത്തിന്റെ സംഘാടനത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കിലും ജാമിഅയില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് ഷര്‍ജീല്‍ ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹത്തിനെതിരേ കേസെടുത്തതും.
പൗരത്വ നിയമഭേദഗതിയുടെ ഫലമായി അസമിനെ കുറച്ചു മാസത്തേക്കെങ്കിലും ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റുമെന്ന് പ്രസംഗിച്ചതിനും ഷര്‍ജീലിനെതിരേ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."