ഫേസ്ബുക്കില്‍ പോരടിച്ച് ശബരീനാഥനും ബെന്യാമിനും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതിന്റെ പേരില്‍ ഫേസ്ബുക്കില്‍ തമ്മിലടിച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും സാഹിത്യകാരന്‍ ബെന്യാമിനും.
ദിനേയുള്ള വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിച്ചതിനെ ട്രോള്‍ ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ വ്യാപക വിമര്‍ശനങ്ങളെ നേരത്തെ ബെന്യാമിന്‍ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ ആറുമണിത്തള്ളെന്നു ട്രോളിയ ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കൊഞ്ഞാണന്‍മാര്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു ബെന്യാമിന്റെ പോസ്റ്റ്. ഇതിനു മറുപടിയായി ശബരീനാഥന്‍ എഴുതിയ പോസ്റ്റില്‍ ബെന്യാമിന്‍ ചിലരെ വാഴ്ത്താനായി സെലക്ടീവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവിയാണെന്ന് വിമര്‍ശിച്ചിരുന്നു.
ഇതിനോടുള്ള പ്രതികരണമായി പുതിയ പോസ്റ്റില്‍ ബെന്യാമിന്‍, നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല സാധാരണക്കാരെയാണെന്നാണ് ശബരീനാഥന് മറുപടി നല്‍കിയത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി സാധാരണക്കാര്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയെ കേള്‍ക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ തോതും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങള്‍ക്കെത്തിക്കാന്‍ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാനാണെന്ന് ബെന്യാമിന്‍ പറയുന്നു.
അതിലുള്ള അസഹ്യതയും അസൂയയും കുശുമ്പും ശബരീനാഥന്റെ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടുപോയി. അതിന്റെ ജാള്യത മറയ്ക്കാന്‍ അതിനെ സ്പ്രിംഗ്ലര്‍ വിഷയവുമായി കൂട്ടിക്കെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ടു വേണ്ട. ടി.വിയില്‍ മുഖം കാണിക്കാന്‍ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തിന് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ വിശ്വസിക്കാനാണ് താല്‍പര്യമെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."