ശിവദാസ് കാത്തിരിക്കുന്നു; സുമനസുകളെ തേടി ശരീരം മുഴുവന്‍ തളര്‍ന്ന് ഏകാന്ത ജീവിതം നയിച്ച് ശിവദാസ്
ശ്രീകൃഷ്ണപുരം: ശരീരം തളര്‍ത്തിയ സ്‌പൈനല്‍കോഡ് മൂലം രോഗാതുര അവസ്ഥയിലേക്ക് വഴുതിവീണ ശിവദാസ് സുമനസുകളുടെ കനിവിനായി കാത്ത് ഏകാന്ത ജീവിതം നയിക്കുന്നു. കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരിയില്‍ താമസിക്കുന്ന മൂച്ചിക്കുഴിയില്‍ ശിവദാസ്(45) ആണ് ഇന്ന് ശരീരം മുഴുവന്‍ തളര്‍ന്ന് പരസഹായമില്ലാതെ തന്റെ ചെറുകുടിലില്‍ ജീവിതം തള്ളി നീക്കുന്നത്. ആരോഗ്യ ദൃഢഗാത്രനായിരുന്ന ശിവദാസിന് ഭാരമുള്ള ചുമടുകള്‍ക്ക് ഏറ്റി ജീവിത ഭാരം തള്ളി നീക്കുന്ന ജോലിയിലായിരുന്നു തന്റ വരുമാനം. പക്ഷെ 29-ാം വയസില്‍ വിധി വഴിമാറി സഞ്ചരിച്ചു. ചുമട് എടുക്കുന്നതിനിടയില്‍ സ്‌പൈനല്‍കോഡിന് ക്ഷതം സംഭവിച്ച് ശരീരം മുഴുവന്‍ തളര്‍ന്ന് കിടപ്പിലായി. അതോടെ കുടുംബം പട്ടിണിയിലുമായി. രണ്ട് വര്‍ഷത്തിന് ശേഷം തന്റെ സഹധര്‍മ്മിണി 3ചെറിയ മക്കളോടൊപ്പം ഉപേക്ഷിച്ചതോടെ പിന്നീട് ശിവദാസ് ഏകാന്ത ജീവിതത്തിന് വഴിപ്പെട്ടു. ഇപ്പോള്‍ ഭാര്യ മക്കളോടൊപ്പം അവരുടെ വീട്ടിലാണ് താമസം. ഇതിനിടയില്‍ കോയമ്പത്തൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ വര്‍ഷങ്ങളുടെ ചികില്‍സ ഫലമായി വാക്കറുടെ സഹായത്താല്‍ നടക്കാമെന്നായി. എങ്കിലും ഉപജീവനത്തിന് പോകാന്‍ സാധിച്ചില്ല. മുച്ചക്ര വാഹനം ഉപയോഗിച്ച് ലോട്ടറി കച്ചവടം നടത്തിയെങ്കിലും ശരീരത്തിന് വീണ്ടും തളര്‍ച്ച സംഭവിച്ച് വീണ്ടും ഓപ്പറേഷന് വിധേയമായിരിക്കുകയാണ്. ജീവിത പങ്കാളി തന്നെ ഉപേക്ഷിച്ചതോടെ താമസിക്കുന്ന ചെറുകുടിലില്‍ എല്ലാം തനിച്ചാണ് ശിവദാസ് ചെയ്യുന്നത്. താമസിക്കുന്ന വീട്ടില്‍ വൈദ്യുതിയും ഇല്ല. ചോര്‍ന്നൊലിക്കുന്ന വീടിന്റെ അറ്റകുറ്റപണികള്‍ക്കായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും 'ഇപ്പൊ ശരിയാക്കിത്തരാം' എന്ന അഴകൊമ്പന്‍ മറുപടിയാണ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലഭിച്ചത്.വീട് നിര്‍മ്മാണത്തിന് അടുത്തുള്ള സഹകരണ ബാങ്കില്‍ നിന്ന് 25000 രൂപ വായ്പ എടുത്തെങ്കിലും തിരിച്ചടവ് അസാധ്യമായത് കൊണ്ട് ബാങ്ക് അധികൃതര്‍ ജപ്തിക്ക് വേണ്ടി സ്ഥലം അളന്ന് പോയിരിക്കുകയാണ്.മുച്ചക്രമാകട്ടെ സാമ്പത്തിക കുടിശ്ശിക മൂലം ഉപയോഗിക്കാന്‍ സാധിക്കുന്നുമില്ല. അതിനുള്ള ആരോഗ്യവും ഇപ്പോള്‍ നിലവിലില്ല. കുറച്ച് അകലെ താമസിക്കുന്ന സഹോദരിയെ മാത്രമാണ് വല്ലപ്പോഴുമൊക്കെ പരസഹായത്തിന് ലഭിക്കാറുള്ളത.് സഹായത്തിന് നിലവിളിക്കുന്ന ദയനീയതയുടെ മുഖമാണ് ശിവദാസിന് ഇപ്പോഴുള്ളത്. എല്ലാവരും പെരുന്നാള്‍ ഉല്‍സവ ലഹരിയില്‍ ആഘോഷ തിമര്‍പ്പിലാകുമ്പോള്‍ തന്റെ ചോര്‍ന്നൊലിക്കുന്ന കൂരക്ക് മുമ്പില്‍ ദീനാനുകമ്പയുള്ള മിത്രങ്ങളെ കാത്തിരിക്കുകയാണ് ശിവദാസ്. തന്റെ കഷ്ടപ്പാട് അറിഞ്ഞ് സഹായിക്കുമോ എന്നറിയാന്‍ ശിവദാസിന്റെ നമ്പര്‍: 9744441529.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."