ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് വൈദ്യുതിയുടെ ഒളിച്ചുകളി
മാവൂര്‍: ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് വൈദ്യുതിയുടെ ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു.
മൂന്ന് ആഴ്ചയായി കെ.എസ്.ഇ.ബിയുടെ മാവൂര്‍ സബ് ഓഫിസ് പരിധിയില്‍ വൈദ്യുതിയുടെ ഒളിച്ചുകളി തുടങ്ങിയിട്ട്. നോമ്പ് തുറയുടെയും അത്താഴത്തിന്റെയും സമയത്ത് വൈദ്യുതിയുടെ മിഴി തുറന്ന ദിവസങ്ങള്‍ പരിമിതം. കാറ്റും മഴയും കാരണം മരങ്ങളും വൈദ്യുതലൈനും വൈദ്യുതത്തൂണുകളും പൊട്ടിവീഴുന്നുവെന്നാണ് അധികൃതരുടെ പതിവ് വിശദീകരണം.
പരീക്ഷകാലത്തടക്കം ഇവിടെ വൈദ്യുതിമുടക്കം പതിവാണ്. നേരിയ കാറ്റ് അടിക്കുമ്പോഴേക്ക് മാവൂര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം താറുമാറാകും. വൈദ്യുതലൈനുകളില്‍ തകരാര്‍ കണ്ട് വിളിക്കാമെന്ന് കരുതിയാല്‍ ഓഫിസിലെ ഫോണ്‍ സദാസമയവും തിരക്കലുമാണ്. അസി. എന്‍ജിനിയറുടെ ഔദ്യോഗിക മൊബൈല്‍ ഇന്നലെ മുതല്‍ സ്വിച്ച് ഓഫുമായി. കാര്യം നേരില്‍ അറിയിക്കാന്‍ മാവൂരിലെ സെക്ഷന്‍ ഓഫിസിലെത്തിയപ്പോള്‍ ലാന്‍ഡ് ഫോണ്‍ റസീവര്‍ എടുത്ത് മേശയില്‍ വച്ച കാഴ്ചയാണ് കണ്ടത്.
ഇന്നലെ മാവൂര്‍ സെക്ഷന്‍ ഓഫിസിലേക്ക് ഉപഭോക്താക്കളുടെ പ്രവാഹമായിരുന്നു. വൈദ്യുതിമുടക്കം കാരണം പഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ സംവിധാനങ്ങളും മുടങ്ങുന്നുണ്ട്. മാവൂര്‍ സബ് ഓഫിസ് പരിധിയില്‍ വെള്ളിയാഴ്ച രാത്രി മുടങ്ങിയ വൈദ്യുതി പലയിടത്തും ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല.
ബില്ല് അടക്കാന്‍ ഒരുദിവസം വൈകുമ്പോഴേയ്ക്കും ഫ്യൂസ് ഊരാന്‍ മാത്രമാണ് അധികൃതര്‍ക്ക് ശുഷ്കാന്തിയെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."