അപകട ഭീഷണിയുമായി റോഡരികില്‍ വന്‍മരം; മിണ്ടാട്ടമില്ലാതെ അധികൃതര്‍
എടച്ചേരി: പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടച്ചേരി ലക്ഷംവീട് കോളനിക്കടുത്ത് അരൂര്‍ - എളയടം - തണ്ണീര്‍ പന്തല്‍ റോഡരികിലെ കൂറ്റന്‍ അരയാല്‍ മരം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു.
ഇത് മുറിച്ചു മാറ്റാന്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും അവര്‍ക്ക് മിണ്ടാട്ടമില്ല. റേഷന്‍കടയും നിസ്‌കാര പള്ളിയും മദ്‌റസയും പ്രൈമറി സ്‌കൂളും ഇതിനടുത്തായതിനാല്‍ നാട്ടുകാര്‍ ഭയത്തിലാണ്. മരം കടപുഴകുകയോ, പൊട്ടിവീഴുകയോ ചെയ്താലുണ്ടാകുന്ന വന്‍ദുരന്തം ഒഴിവാക്കാന്‍ വേണ്ടി ഇത് മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഇരുനൂറോളം ആളുകള്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. ഈ വര്‍ഷത്തെ മഴയ്ക്ക് മുന്‍പും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും ഇതിനടുത്തുള്ള മറ്റൊരു കൂറ്റന്‍ മരം വൈദ്യുത ലൈനില്‍ പൊട്ടി വീണ് വന്‍ നാശനഷ്ടം സംഭവിച്ചിരുന്നു. അപകടങ്ങള്‍ കണ്‍മുന്‍പില്‍ നടക്കുമ്പോഴും ഇക്കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ നാട്ടുകാര്‍ക്ക് വന്‍ പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."