വയനാട് റയില്‍വേ പദ്ധതിരേഖ തയ്യാറാക്കാനും സ്ഥലനിര്‍ണയ സര്‍വേ നടത്താനും സര്‍ക്കാര്‍ ഉത്തരവ്
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റയില്‍പാതയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്താനും ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡെല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിനാവശ്യമായ എട്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുമ്പ് റയില്‍വേ നടത്തിയ സര്‍വേയില്‍ നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ പാതക്ക് 236 കി.മി ദൂരവും 6000 കോടി രൂപ ചിലവുമാണ് കണക്കാക്കിയത്.
ഈ റിപ്പോര്‍ട്ട് പ്രകാരമാണ് കഴിഞ്ഞ റയില്‍വേ ബജറ്റില്‍ ബജറ്റിതര ഫണ്ട് വിഭാഗത്തില്‍ പാതക്ക് അനുമതി ലഭ്യമായത്. എന്നാല്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഡോ. ഇ ശ്രീധരനെക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ഈ പാതയുടെ പേപ്പര്‍ അലൈന്‍മെന്റ് സര്‍വേ നടത്തിക്കുകയും 156 കി.മി ദൂരത്തിലും വൈദ്യുതീകരണമടക്കം 3500 കോടി രൂപ ചിലവിലും പാത നിര്‍മിക്കാമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
വനത്തില്‍ കടന്നുപോകുന്ന 11 കി.മിീറ്ററില്‍ ഭൂഗര്‍ഭപാത നിര്‍മിക്കുന്നതിനടക്കമാണ് ഈ ചിലവു വരിക. ബംഗളുരില്‍നിന്നും കേരളത്തിലേക്കുള്ള ഏറ്റവും എളുപ്പവഴിയായ ഈ പാത വന്‍ലാഭമാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര അനുമതി ബജറ്റിതരവിഭാഗത്തിലായതിനാല്‍ കമ്പനി രൂപീകരിച്ച് സ്വകാര്യമൂലധനമോ, വിദേശ ധനസഹായമോ ലഭ്യമാക്കി പാത നിര്‍മിക്കാനാവും.
അതിനായി പാതയുടെ വിശദമായ പദ്ധതി രേഖയും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും നടത്തണമെന്ന് ഡോ. ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡി.എം.ആര്‍.സി, റയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ഇക്കണോമിക് സര്‍വിസ് ലിമിറ്റഡ് (റൈറ്റ്‌സ്), റയില്‍ വികാസ് നിഗം ലിമിറ്റഡ് എന്നീ ഏജന്‍സികളില്‍ ആരെയെങ്കിലും ഇതിനായി ചുമതലപ്പെടുത്തണമെന്നും ഇതിനു വരുന്ന ചിലവായ എട്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
ഈ നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് ധനകാര്യ സെക്രട്ടറിയും ഗതാഗതവകുപ്പ് സെക്രട്ടറിയും പഠനം നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏതാണ്ട് ഒന്‍പത് മാസം കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. തുടര്‍ന്ന് നിക്ഷേപകരെ കണ്ടെത്തിയോ, വായ്പ ലഭ്യമാക്കിയോ പാതയുടെ പണി ആരംഭിക്കാനാവും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് ഇന്ത്യയിലെ റയില്‍ പദ്ധതികള്‍ക്ക് 0.3% പലശനിരക്കില്‍ 40 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ പദ്ധതിച്ചെലവിന്റെ 85% വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ ഈ വായ്പ സ്വീകരിച്ചാണ് നടപ്പാക്കുന്നത്. ഫ്രഞ്ച് ഏജന്‍സിയുടെ വായ്പ സ്വീകരിച്ചാണ് കൊച്ചി മെട്രോ നടപ്പാക്കുന്നത്. ഇന്ത്യയില്‍ത്തന്നെ എല്‍.ഐ.സി റയില്‍വേയില്‍ വന്‍നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റയില്‍പാത നടപ്പാക്കുന്നതിനുള്ള കമ്പനി രൂപീകരിക്കാനുള്ള ധാരണാപത്രവും സംസ്ഥാനസര്‍ക്കാറും കേന്ദ്രവുമായി ഒപ്പിട്ടിരുന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും രണ്ടാഴ്ച മുമ്പ് ഇ ശ്രീധരനുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
തുടര്‍ന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും റയില്‍വേയുടെ ചാര്‍ജ് വഹിക്കുന്ന മന്ത്രി ജി സുധാകരനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ നടപടികളാണ് സര്‍ക്കാര്‍ ഉത്തരവ് വേഗത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."