കുന്നുകരയില്‍ കലിതീരാതെ കാലവര്‍ഷം
നെടുമ്പാശ്ശേരി: കനത്ത കാറ്റും മഴയും കുന്നുകര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ നാശം വിതച്ചു. ശനിയാഴ്ച്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി അതിശക്തമായ കാറ്റാണ് പ്രദേശത്ത് വീശിയടിച്ചത്.
പലയിടത്തും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണതോടെ ഇന്നലെ പകല്‍ മുഴുവന്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. തെക്കെ അടുവാശ്ശേരി ചുങ്കത്ത് മൂലംപറമ്പില്‍ ഷബീറിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുന്നില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു.
വയല്‍ക്കര കല്ലിടിച്ചി ഇബ്രാഹിം കുട്ടിയുടെ വീടിനു മുകളിലേക്ക് അയല്‍വാസിയുടെ പറമ്പില്‍ നിന്നിരുന്ന മരം മറിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. തെക്കെ അടുവാശ്ശേരി ആനന്ദഭവനില്‍ നാരായണന്‍ നായരുടെ വീടിനു മുകളിലേക്ക് പ്ലാവ് മറിഞ്ഞു വീണ് വീടിന്റെ ഒരു ഭാഗത്ത് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. തേലത്തുരുത്ത് ചിറയില്‍ അങ്കണവാടിക്ക് സമീപം മരം മറിഞ്ഞ് വീണ് വൈദ്യുതി ബന്ധം തകരാറിലായി. ഐരൂര്‍ കൃസ്ത്യന്‍ ദേവാലയത്തിന് സമീപത്തെ പറമ്പില്‍ നിന്നിരുന്ന മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു. രാത്രി വൈകിയും ഈ ഭാഗത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.
ആറ്റുപുറം പായതുരുത്തിലും സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന മരം കടപുഴകി വീണ് വൈദ്യുതി കമ്പികള്‍ പൊട്ടി. ചാലാക്കല്‍, കുത്തിയതോട്, കുന്നുകര, വയല്‍കര, അടുവാശ്ശേരി, ഐരൂര്‍, മലായിക്കുന്ന് പ്രദേശങ്ങളില്‍ കാര്‍ഷിക വിളകള്‍ക്കും വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തെക്കെ അടുവാശ്ശേരി ചുങ്കത്ത് നാസറിന്റെ അന്‍പതോളം ഏത്ത വാഴകളാണ് കാറ്റില്‍ ഒടിഞ്ഞു വീണത്.
കനത്ത മഴയെ തുടര്‍ന്ന് പെരിയാറിലും ചാലക്കുടിയാറിന്റെ കൈവഴിയായ മാഞ്ഞാലി തോട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ പലയിടത്തും കാര്‍ഷിക വിളകള്‍ വെള്ളത്തിനടിയിലായി. ചാലാക്കല്‍ കോരന്‍ കടവ് പാലത്തിന് സമീപം പുരുഷന്റെ 150 ഓളം വാഴകളും, അഞ്ഞൂറോളം മരച്ചീനിയും വെള്ളം കയറി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."