കൊവിഡ്-19: മക്കയിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
മക്ക: കൊവിഡ്-19 വൈറസ് ബാധയേറ്റു മക്കയിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. മക്ക ഹറം പദ്ധതിയേറ്റെടുത്ത സഊദി ബിൻലാദിൻ ഗ്രൂപ്പ് ഇലക്ട്രിക്കൽ എൻജിനീയർ ഉത്തർപ്രദേശ് മീറത്ത് സ്വദേശി മുഹമ്മദ് അസ്‌ലം ഖാൻ (51) ആണ് മരിച്ചത്. മക്കയിലെ ആശുപത്രിയിൽ വെച്ചാണ് മരണം. ഏതാനും മാസം മുൻപ് കുട്ടികളുടെ പഠന സൗകര്യാർഥം ജിദ്ദയിലേക്ക് താമസം മാറ്റിയതിന് ശേഷം മാർച്ച് 21 നാണ് അവസാനമായി ജിദ്ദയില കുടുംബത്തെ സന്ദർശിച്ചത്. അതിനു ശേഷം പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനാൽ മക്കയിൽ തന്നെ തങ്ങുകയായിരുന്നു. രോഗം കുറയാതായതോടെ ഏപ്രിൽ മൂന്നിന് മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ ലഭ്യമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാത്രി മരണപ്പെടുകയായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കും. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ആൺകുട്ടികളുടെ വിഭാഗം 9-12 ബ്ലോക്കിലെ ഇംഗ്ലീഷ് അധ്യാപിക ഗുലിസ്താൻ അസ്‌ലം ഭാര്യയാണ്. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളായ തമന്ന (പ്ലസ് വൺ), ഹംദി (എട്ടാം ക്ലാസ്) എന്നിവർ മക്കളാണ്. കുടുംബം ജിദ്ദയിൽ ക്വാറന്റൈനിലാണ്.
ഇത് കൂടാതെ, കഴിഞ്ഞ ദിവസം മക്കയിൽ ഇതേ കമ്പനിയിൽ ഹറം പവർ സ്‌റ്റേഷൻ എഞ്ചിനിയറായി ജോലി ചെയ്‌തു വരികയായിരുന്ന തെലങ്കാന നിസാമാബാദ് സ്വദേശി അസ്മത്തുല്ല ഖാൻ (65) കഴിഞ്ഞദിവസം മരിച്ചിരുന്നു. മക്കയിലെ നൂർ ഹോസ്പിറ്റലിൽ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.
നിലവിൽ ശനിയാഴ്ച്ച വൈകീട്ട് വരെയുള്ള ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം മക്കയിൽ 1899 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ഇവരിൽ 343 പേർ ആരോഗ്യം വീണ്ടെടുത്ത് വൈറസ് മുക്തരാകുകയും 28 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്‌തതായാണ് കണക്കുകൾ. 1528 രോഗികളാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."