കെ.എം ഷാജിക്കേതിരേ മാനദണ്ഡം ലംഘിച്ചു, സ്പീക്കര്‍ക്കെതിരേ കോണ്‍ഗ്രസ് എം.എല്‍.എമാര്‍
തിരുവനന്തപുരം: സുപ്രിം കോടതി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കെ.എം.ഷാജിക്കെതിരെ വിജിലന്‍സിന് കേസെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതെന്നാരോപിച്ച് കോണ്‍ഗ്രസ് എം.എം.എല്‍.എമാര്‍. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നടപടി വിചിത്രമാണെന്നും കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി സതീശന്‍, ഷാഫി പറമ്പില്‍,സണ്ണി ജോസഫ്, റോജി എം ജോണ്‍, കെ.എസ് ശബരീനാഥന്‍, എ.പി അനില്‍കുമാര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭ പിരിഞ്ഞത് മാര്‍ച്ച് 13ന് ആണ്. അന്നുതന്നെയാണ് ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസിന് സ്പീക്കര്‍ അനുമതി നല്‍കിയത്. ഇക്കാര്യം ഔദ്യോഗികമായി ഷാജിയെ അറിയിക്കാനുള്ള സാമാന്യ മാന്യതപോലും സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതുകൊണ്ടുതന്നെയാണ് എം.എല്‍.എമാര്‍ ഇത്തരത്തില്‍ പരസ്യമായി സ്പീക്കര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നതും. ഇത് അപൂര്‍വമാണ്.
വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുമ്പോള്‍ സ്പീക്കര്‍ ഒരു നിഷ്പക്ഷതയും കാണിച്ചില്ല. കേസില്‍ സുപ്രീംകോടതി പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണ് സ്പീക്കര്‍ നടത്തിയിരിക്കുന്നത്. എന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി ജോലികള്‍ ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ പ്രതികാരബുദ്ധിയോടുകൂടിയും രാഷ്ട്രീയപ്രേരിതമായുമൊക്കെ പരാതികള്‍ വരാന്‍ സാധ്യതയുണ്ട്. ഉദാസീനമായി ഇത്തരം പരാതികളില്‍ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നും സൂക്ഷ്മ പരിശോധന നടത്തിവേണം സ്പീക്കര്‍ അനുമതി നല്‍കാനെന്നുമാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
എന്നാല്‍, തന്റെ കീഴിലുള്ള അണ്ടര്‍സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് ഷാജിക്കെതിരായി വിജിലന്‍സ് കേസെടുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്ന വിമര്‍ശനവും എംഎല്‍മാര്‍ ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."