ആലടിയില്‍ മണ്ണിടിഞ്ഞ് രണ്ടു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു
കട്ടപ്പന: ശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിഞ്ഞ് കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയില്‍ രണ്ടുമണിക്കൂര്‍ ഗതാഗതം മുടങ്ങി. ചപ്പാത്തിനും ആലടിക്കുമിടയില്‍ ഇന്നലെ രാവിലെ എട്ടോടെയാണ് മണ്ണിടിഞ്ഞ് റോഡില്‍വീണ് ഗതാഗതം തടസപ്പെട്ടത്. ഉപ്പുതറ എസ്‌ഐ കിരണിന്റെ നേതൃത്വത്തില്‍ ജെസിബി എത്തിച്ച് മണ്ണുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.
മണ്ണിടിച്ചിലിനെതുടര്‍ന്ന് പൂമല എസ്റ്റേറ്റിലെ തൊഴിലാളി മരിയ ഭാഗ്യത്തിന്റെ വീട് അപകടാവസ്ഥയിലായി. ചീന്തലാര്‍ മൂന്നാം ഡിവിഷനില്‍ എസ്റ്റേറ്റുലയത്തിന്റെ ഓടുകള്‍ കാറ്റെടുത്തു. മെറീന, ജെസി എന്നിവര്‍ താമസിച്ചിരുന്ന ലയമുറികളുടെ ഓടാണ് കാറ്റെടുത്തത്. ഒന്‍പതേക്കര്‍ സൂര്യകാന്തികവല ഹരിഹരപുരം മുരുകന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. കൂലിപ്പണിക്കാരനായ മുരുകന്‍ ഒരുമാസം മുന്‍പ് നാലുലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച വീടാണ് കാറ്റു നശിപ്പിച്ചത്.
മണ്ണിടിഞ്ഞുവീണ് ഈറ്റക്കാനത്ത് പടപ്പനക്കല്‍ പൗലോസിന്റെ വീട് ഭാഗീകമായി തകര്‍ന്നു. ഷീറ്റ് തകര്‍ന്നുവീണ് പൗലോസിന്റെ അമ്മ ഏലിയാമ്മയ്ക്ക് പരിക്കേറ്റു. ഇവരെ ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരം ഒടിഞ്ഞുവീണ് ഈറ്റക്കാനം തെക്കേക്കുഴി അമ്മിണി, അയ്യപ്പന്‍കോവില്‍ തോണിത്തടി കരിപ്പാപ്പറമ്പില്‍ ഡോമിനിക് എന്നിവരുടെ വീടുകള്‍ ഭാഗീകമായി തകര്‍ന്നു. മത്തായിപ്പാറ എംസി കവലയില്‍ വര്‍ക്ക്‌ഷോപ്പിന്റെ ഷീറ്റുകള്‍ കാറ്റെടുത്തു. ഉപ്പുതറ പത്തേക്കറില്‍ കുറ്റിക്കാലായില്‍ ബേബിയുടെ അഞ്ഞൂറോളം കുലച്ച ഏത്തവാഴയും എഴുന്നൂറോളം മരച്ചീനിയും മേച്ചേരില്‍ ബാബുവിന്റെ 800 ഓളം മരച്ചീനിയും കാറ്റില്‍ നശിച്ചു.
പമ്പ് ഹൗസിനു സമീപം മരം ഒടിഞ്ഞുവീണ് ഉപ്പുതറ- ഒന്‍പതേക്കര്‍ റോഡില്‍ രണ്ടുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരാണ് ഗതാഗതം പുനസ്ഥാപിച്ചത്. രണ്ടുദിവസം മുന്‍പ് അറ്റുപോയ വൈദ്യൂതി ബന്ധം പുനസ്ഥാപിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."