HOME
DETAILS

കൊവിഡ്കാലത്തെ കൊള്ള അനുവദിക്കില്ല

  
backup
April 20 2020 | 00:04 AM

ramesh-chennithala-on-sprinkler-2020

 

'ഡേറ്റ ഈസ് ദ ന്യൂ ഓയില്‍'. ഇത് അറിയാത്തവരല്ല ഡേറ്റയുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്ന സി.പി.എമ്മും ആ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായ കേരള മുഖ്യമന്ത്രി പിണറായി വിജയനും. പക്ഷേ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ പ്രലോഭനത്തില്‍ പിണറായി വിജയന്‍ അതെല്ലാം മറന്നു. ഡേറ്റയുടെ സ്വകാര്യതയെക്കുറിച്ച് അനവധി പ്രസ്താവനകളിറക്കിയ സി.പി.എമ്മിന്റെ സമുന്നത നേതാക്കള്‍ മൗനം പാലിക്കുകയാണ്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സ്വകാര്യതാ പ്രശ്‌നത്തില്‍ പറഞ്ഞ വാക്കുകള്‍ അതിനേക്കാളും പ്രധാനപ്പെട്ട ആരോഗ്യവിവരങ്ങളുടെ കാര്യത്തിലെത്തിയപ്പോള്‍ അവര്‍ വിഴുങ്ങി. സി.പി.എമ്മിന്റെ കപടമുഖം വീണ്ടും തെളിഞ്ഞു.
കൊവിഡ് - 19 എന്ന മഹാമാരിയുടെ പേരിലാണ് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ ഒരു വിദേശകമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് എന്നത് മരണവീട്ടില്‍ മോഷണം നടത്തുന്നത് പോലെ നികൃഷ്ടമാണ്. നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന പേരില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി. സായ്‌നാഥ് എഴുതിയ പുസ്തകമുണ്ട്. കൊവിഡ് കാലം ചിലര്‍ക്ക് അതുപോലെയാണ്. പുരകത്തുമ്പോള്‍ വാഴ വെട്ടാന്‍ സഹായിക്കുന്ന ചില ഉദ്യോഗസ്ഥരും അവര്‍ക്കൊപ്പമുണ്ട്. സ്പ്രിംഗ്ലര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് മാത്രമല്ല, അടുക്കള വഴി കയറിയ ഈ സ്ഥാപനത്തിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചും കേരളത്തിലെ ജനങ്ങള്‍ അറിയുന്നത് ഈ മാസം 10 ന് ഞാന്‍ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ്. ദിനംപ്രതി മാധ്യമങ്ങളെക്കണ്ട് ഉറുമ്പിന്റെ തീറ്റക്കാര്യം വരെ പറഞ്ഞ് കരുതല്‍ മനുഷ്യനായി വേഷമിടുന്ന മുഖ്യമന്ത്രി അതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി. പിന്നീട് ഐ.ടി വകുപ്പ് അടിമുടി വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു വിശദീകരണക്കുറിപ്പിറക്കി. തൊട്ടടുത്ത ദിവസം മുഖ്യന്‍ എഴുതിക്കൊണ്ടുവന്ന പ്രസ്താവന വായിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ കരുതല്‍ മനുഷ്യന് സമനില തെറ്റി.


എല്ലാ നുണകളും തകര്‍ന്നടിഞ്ഞപ്പോള്‍ ഐ.ടി സെക്രട്ടറി കുറ്റസമ്മതവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എല്ലാം ചെയ്തത് താന്‍ ആണെന്ന പ്രഖ്യാപനം രാഷ്ട്രീയയജമാന്മാരെ സംരക്ഷിക്കാനുള്ളതാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അദ്ദേഹം സമ്മതിച്ച പിഴവുകള്‍ ഇതാണ്. 'കേരളത്തില്‍ കൊവിഡ് - 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരും വീടുകളില്‍ കഴിയുന്നവരുമായ ലക്ഷത്തില്‍പരം പേരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇവരുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പാണ്'. സ്പ്രിംഗ്ലര്‍ തട്ടിപ്പ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതിന് ശേഷമാണ് വിഷു ദിനത്തില്‍ ഇവരുമായി നോണ്‍ ഡിസ്‌ക്ലോസര്‍ എഗ്രിമെന്റ് ഒപ്പിടുന്നത്. ഡേറ്റ ഇന്ത്യയിലെ സര്‍വറുകളിലായിരിക്കും സൂക്ഷിക്കുക എന്നത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് വാങ്ങിയത് പ്രതിപക്ഷം ആരോപണം ഉന്നയിച്ച ശേഷമാണ്. രാജ്യാന്തര കരാര്‍ ആയിട്ടും ഇത് നിമയവകുപ്പിനെ കാണിച്ചിട്ടില്ല. സ്പ്രിംഗ്ലര്‍ കമ്പനിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ്. ഈ കുറ്റസമ്മതം മാത്രം മതി എന്താണ് നടന്നതെന്ന് മനസിലാക്കാന്‍, സാമാന്യബുദ്ധിയുള്ള ഒരാള്‍ക്ക്.


എല്ലാത്തിന്റെയും ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് മാമാങ്കത്തിലെ ചാവേറിനെപ്പോലെ വെട്ടിമരിക്കാന്‍ ചാടിയിറങ്ങിയ ഐ.ടി സെക്രട്ടറി കേരളത്തിലെ ബ്യൂറോക്രസിയുടെ ദയനീയവസ്ഥയും വെളിവാക്കുന്നു. പൊളിറ്റിക്കല്‍ എക്‌സിക്യുട്ടീവിനും സാദാ എക്‌സിക്യുട്ടീവിനും ജനാധിപത്യത്തില്‍ അതിപ്രധാനമായ പങ്കാണുള്ളത്. അത് പരസ്പരപൂരകങ്ങളുമാണ്. അതിനര്‍ഥം രാഷ്ട്രീയ യജമാന്മാര്‍ പറയുന്ന എന്തിനും ഏത് കൊള്ളയ്ക്കും ഒപ്പുചാര്‍ത്തുകയല്ല ഉദ്യോഗസ്ഥരുടെ ജോലി. തങ്ങളുടെ സ്വകാര്യമായ ചില ഇംഗിതങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെങ്കില്‍ അത് നടപ്പിലാക്കും മുമ്പ് റൂള്‍സ് ഓഫ് ബിസിനസ് എങ്കിലും വായിച്ചുനോക്കേണ്ട? അത് അറിയാത്തയാളല്ല, പത്തു മുപ്പതുകൊല്ലം സര്‍വിസിലുള്ള ഐ.ടി സെക്രട്ടറി. പക്ഷേ, അമേരിക്കയിലെ ഒരു കമ്പനിയുമായി ഉണ്ടാക്കുന്ന കരാര്‍ നടപടിക്രമം അനുസരിച്ച് നിയമവകുപ്പിന് വിട്ടാല്‍ പിന്നെ ഉദ്ദേശിച്ച കച്ചവടം പൂട്ടും. ഡേറ്റ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടത് കിട്ടില്ല.
സ്പ്രിംഗ്ലറിന്റെ കച്ചവടം വളരെ പരസ്യമായിട്ടായിരുന്നു. തിരുവിതാംകൂര്‍ രാജഭരണകാലം തൊട്ടുള്ള പൊതുജനാരോഗ്യസംവിധാനത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍. ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമല്ല, കേരളത്തിലെ പൊതുജനാരോഗ്യരംഗെത്ത നേട്ടങ്ങളാണ് കൊവിഡ് - 19 ന്റെ ആദ്യഘട്ടത്തിലെ ഫലപ്രദമായ ചെറുത്തുനില്‍പ്പിന് സഹായകരമായത്. ഒപ്പം ജനങ്ങളുടെ സഹകരണവും. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണയും നല്‍കി. ഇതിനര്‍ഥം കൊവിഡ് കാലത്തെ കച്ചവടത്തിന് ചൂട്ടുപിടിക്കുക എന്നല്ല.


സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിടും മുമ്പ് സ്പ്രിംഗ്ലര്‍ കമ്പനി ചെയ്തത് അവരുടെ കച്ചവടവ്യാപനമായിരുന്നു. ഇവിടെ കാര്യങ്ങള്‍ നോക്കിയാല്‍ ആദ്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായുള്ള ചര്‍ച്ച, പിന്നെ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഡേറ്റ കമ്പനിക്ക് കൈമാറുക, അതിനൊപ്പം കമ്പനി കച്ചവട വ്യാപനം നടത്തുക, പിന്നീട് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുക. ഇതെല്ലാം പുറത്തുവന്നപ്പോള്‍ കരാര്‍ ഒപ്പിടുക. പര്‍ച്ചേസ് ഓര്‍ഡറിനും കരാറിനും ആഴ്ചകള്‍ക്കു മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഐ.ടി സെക്രട്ടറി ചെയ്തത് സ്പ്രിംഗ്ലര്‍ കമ്പനിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. കേരളം പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്ത ആരോഗ്യപുരോഗതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ രംഗപ്രവേശനം ചെയ്ത ഒരു സ്വകാര്യകമ്പനിയുടെ നേട്ടമാണെന്ന് പരോക്ഷമായി മുഖ്യമന്ത്രിയുടെ സെക്രട്ടറി പറഞ്ഞത് ഏതായാലും സ്വന്തം ഇഷ്ടപ്രകാരമാകില്ല. ഒപ്പം കമ്പനിയുടെ നേതൃത്വത്തില്‍ വ്യാപമായ പി.ആര്‍ ക്യാംപയിന്‍ നടത്തുക. അങ്ങനെ കമ്പനി മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കൊവിഡ് - 19 ന്റെ പേരില്‍ കച്ചവടശ്രമം നടത്തുക.
ഡേറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംബന്ധിച്ച നിര്‍ണായക വിധിയാണ് സുപ്രിം കോടതി മൂന്നു വര്‍ഷം മുമ്പ് ആധാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയത്. ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന കോടതി വിധി പരിഷ്‌കൃത സമൂഹം സ്വാഗതം ചെയ്യുകയും ചെയ്തു. സ്പ്രിംഗ്ലര്‍ എന്ന അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍, അതും അതിപ്രധാനമായ ആരോഗ്യവിവരങ്ങള്‍, ശേഖരിക്കുന്നത് നിസ്സാരമാക്കിത്തള്ളിക്കളയാനുള്ള ഭരണകക്ഷിയുടെ ശ്രമമാണ് ഇപ്പോള്‍ പാളിപ്പോയിരിക്കുന്നത്. സ്വകാര്യതയെക്കുറിച്ച് ഏറെ സംസാരിച്ചിരുന്ന സി.പി.എം അവരുടെ നയങ്ങള്‍ ചില കച്ചവടതാല്‍പര്യങ്ങള്‍ക്കു മുമ്പില്‍ അടിയറവച്ചു. ഈ വിഷയത്തില്‍ ഏറെ സംസാരിച്ച സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എന്താണ് പറയാനുള്ളത്? ഇതേ നിലപാട് തന്നെയാണോ പുട്ടു സ്വാമിക്കേസില്‍ കക്ഷി ചേര്‍ന്ന സി.പി.ഐയ്ക്കും ബിനോയ് വിശ്വത്തിനുമുള്ളത്?
പത്തോളം രോഗവിവരങ്ങളാണ് സ്പ്രിംഗ്ലര്‍ കമ്പനിക്ക് ലഭിക്കുന്നത്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ഇതുവരെ ഈ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് അവര്‍ക്ക് കൈമാറിയത്. മാരക രോഗങ്ങള്‍ തൊട്ട് ജീവിതശൈലീരോഗങ്ങള്‍ വരെയുള്ള ഈ വിവരങ്ങളുടെ വിപണിമൂല്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഡേറ്റ വിശകലനം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്ലര്‍. കോടിക്കണക്കിന് രൂപ നല്‍കി മരുന്ന് ഗവേഷണം നടത്തുന്ന ഫാര്‍മാ കമ്പനികള്‍ക്ക് വിലപ്പെട്ട വിവരങ്ങളാണ് സ്പ്രിംഗ്ലറിന്റെ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്ത 41 ഇന ചോദ്യാവലിയുടെ 17 ാം നമ്പര്‍ ചോദ്യത്തിലുള്ളത്. അവയവ കച്ചവട കമ്പനികള്‍ക്കും ഇത് വിലപ്പെട്ട വിവരങ്ങളാണ്. ഇതിന്റെ വിപണി മൂല്യം കോടികളാണ്.
കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ മറിച്ച് കൊടുത്ത ശേഷം സര്‍ക്കാരിന് സാമ്പത്തികബാധ്യതയില്ലെന്ന ന്യായം പരിഹാസ്യമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ ഇമെയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വകാര്യ വിവരം നല്‍കുന്നില്ലേ, അതിനേക്കാളും വലുതാണോ കൊവിഡ് കാലത്തെ സ്വകാര്യവിവരങ്ങള്‍ നല്‍കുന്നതെന്ന ദുര്‍ബലമായ വാദമാണ് സര്‍ക്കാരിനെ അന്ധമായി അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്. ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്ന വ്യക്തിവിവരങ്ങള്‍ പോലെയാണോ സ്‌റ്റേറ്റ് അവരുടെ വിശ്വാസ്യത മുതലെടുത്ത് നല്‍കുന്ന വിവരങ്ങള്‍? സ്മാര്‍ട്ട് ഫോണോ ചില ആപ്പുകളോ വേണ്ടെന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ട്. ഇതൊന്നുമില്ലാതെയാണ് വാര്‍ഡ്തല കമ്മിറ്റികള്‍ സ്വകാര്യമായ രോഗവിവരങ്ങള്‍ വരെ കമ്പനിക്ക് നല്‍കുന്നത്, അതും ഒരു കരാര്‍ പോലും ഒപ്പിടുന്നതിന് മുമ്പ്. കമ്പനി ഈ വിവരങ്ങള്‍ മറിച്ചു വിറ്റാല്‍ അത് ചോദ്യം ചെയ്യണമെങ്കില്‍ നമുക്ക് അമേരിക്കയിലെ കോടതിയിലേക്ക് പോകണം! അതാണ് ഈ കരാര്‍.


എനിക്ക് ഹൃദ്രോഗമുണ്ട് അല്ലെങ്കില്‍ മറ്റേതെങ്കിലും രോഗമുണ്ടെന്ന് സര്‍ക്കാരിനെ വിശ്വസിച്ച് നല്‍കുന്ന ഡേറ്റയിന്മേല്‍ ഈ സ്വകാര്യ കമ്പനിക്ക് ആക്‌സസ് ഉണ്ട്. നാളെ ഇതേ വിവരങ്ങള്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയാല്‍ ആരോഗ്യഇന്‍ഷുറന്‍സ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകും. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച ശേഷം സര്‍ക്കാര്‍ തട്ടിക്കൂട്ടിയ രേഖകള്‍ ഇപ്പോഴും വിശ്വാസയോഗ്യമല്ല. ഇത് സംബന്ധിച്ച് ഐ.ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണം വേണം. സ്പ്രിംഗ്ലര്‍ കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐ.ടി ഏജന്‍സികളിലൊന്നിനെക്കൊണ്ട് പകരം സംവിധാനം തയാറാക്കണം. ഇതൊന്നും ചെയ്യാനുള്ള ശേഷി ഐ.ടി മിഷനില്ല എന്ന ഐ.ടി സെക്രട്ടറിയുടെ പരാമര്‍ശം പരിഹാസ്യമാണ്. ഐ.ടി രംഗത്ത് ആഗോളതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കു മുമ്പിലാണ് ഇത്തരം പരിഹാസ്യമായ വാദം ഉന്നയിക്കുന്നത്. രണ്ട് പ്രളയങ്ങള്‍ കഴിഞ്ഞിട്ടും നിപാ പോലെ ഒരു പകര്‍ച്ച വ്യാധി വന്നിട്ടും ഡേറ്റ വിശകലനത്തിന് ഒരു സംവിധാനം ഒരുക്കാത്തത് ആര്‍ക്കു വേണ്ടിയാണ്?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago