കൊവിഡ് പോരാട്ടത്തില്‍ മതമൂല്യങ്ങളുടെ പങ്ക്
അപരിചിതമായ ഒരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോവുന്നത്. സകല മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന സാര്‍വത്രികമായ അനിശ്ചിതത്വം മനുഷ്യനെ നിരാശനാക്കുന്നു. ലോകത്തെ ദീര്‍ഘവീക്ഷണമുള്ള പ്രതിഭകള്‍ക്ക് പോലും വ്യക്തമായ ഒരു ദിശാബോധം നല്‍കാന്‍ ആവുന്നില്ല. കൊറോണക്ക് ശേഷമുള്ള ലോകത്തെ കുറിച്ചുള്ള അവ്യക്തത തീരുമാനങ്ങളെടുക്കുന്നതിന് വിഘ്‌നം ആകുന്നു. മനുഷ്യമനസ്സിനെ ഉത്തേജിപ്പിക്കുന്ന തത്വങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും പ്രാധാന്യം കൂടിയ ഈ സാഹചര്യത്തില്‍ മനുഷ്യോല്‍പത്തി മുതല്‍ അവന് വഴി കാണിച്ച മതങ്ങളുടെ പങ്ക് വലുതാണെന്ന് തെളിയിക്കുന്ന ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ നിലവിലുണ്ട്.
നമ്മുടെ അടിസ്ഥാന സ്വഭാവത്തിന് ഇഷ്ടപ്പെടാത്ത നിയന്ത്രണങ്ങള്‍ ദൈനംദിനജീവിതത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അവയെ സ്വീകാര്യമാക്കാന്‍ മനഃശാസ്ത്രം നിര്‍ദേശിക്കുന്ന പ്രായോഗിക മാര്‍ഗമാണ് കമ്മിറ്റഡ് ആക്ഷന്‍ എന്നത്. അതായത് ഈ നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ പ്രയാസം ഉളവാക്കുന്നുണ്ടെങ്കിലും തനിക്കും താന്‍ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന തിരിച്ചറിവ് അവയെ സ്വീകാര്യമാക്കുന്നു. ഈ ഒരു പ്രക്രിയയില്‍ മതകീയ മൂല്യങ്ങള്‍ക്ക് മറ്റു എല്ലാത്തിനുമുപരി സ്വാധീനം ചെലുത്താനാകും. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തില്‍ പൊതുജനാരോഗ്യത്തിന്റെ വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായത്തിനും നിയമ സംവിധാനങ്ങള്‍ക്കും എല്ലായ്‌പ്പോഴും ഭക്തിയുടെ മുകളിലായിരുന്നു സ്ഥാനം. മാരകമായ പകര്‍ച്ചവ്യാധികളില്‍ നാം എങ്ങനെ പെരുമാറണമെന്ന് പ്രവാചക അധ്യാപനങ്ങള്‍ വ്യക്തമായി കാണിച്ചു തന്നതാണ്.'ഒരു സിംഹത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നത് പോലെ നിങ്ങള്‍ കുഷ്ഠത്തില്‍ നിന്നും ഓടി ഒളിക്കുക' എന്ന മുഹമ്മദ് (സ്വ) വചനം ക്വാറന്റൈന്‍ ചെയ്യുന്നതിനെ പിന്തുണക്കുന്നു. 'പകര്‍ച്ചവ്യാധികള്‍ ഉള്ളവരെ ആരോഗ്യമുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുക' (ബുഖാരി 6771, മുസ്‌ലിം 2221) എന്ന ഹദീസ് സാമൂഹ്യ അകലം പാലിക്കുന്നതിനെയും ഐസൊലേഷനെയും പ്രതിനിധീകരിക്കുന്നു. 'പ്ലേഗ് ഉള്ള നാട്ടിലേക്ക് കയറുകയോ അത് പകര്‍ന്നു പിടിച്ച നാട്ടില്‍ നിന്ന് പുറത്തുകടക്കുകയോ ചെയ്യരുത്' (മുസ്‌ലിം 2219) എന്നത് യാത്രാ വിലക്കിനെ ശക്തമായി പിന്തുണക്കുന്നു. 'സ്വന്തത്തെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ വേണ്ടി വീട്ടില്‍ തന്നെ കഴിയുന്നവര്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ് ' (മുസ്‌നദ് അഹ്മദ്) എന്ന ഹദീസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ലോക്ക് ഡൗണിനെ പിന്താങ്ങുന്നു. നബി (സ്വ) തുമ്മുമ്പോള്‍ കൈ കൊണ്ടോ തുണി കൊണ്ടോ മുഖം പൊത്തുമായിരുന്നു (തുര്‍മുദി 2969) എന്നത് മാസ്‌ക് ധരിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. കൈ കഴുകല്‍ അടങ്ങുന്ന വൃത്തിയെ വിശ്വാസത്തിന്റെ പകുതിയായി പുകഴ്ത്തിയ ഹദീസ് (മുസ്‌ലിം 223) എല്ലാവര്‍ക്കും അറിയുന്നതാണ്.
ശരീഅത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങിയ ഒരു വിശ്വാസിയുടെ ദിനചര്യകള്‍ ശീലമായി മാറുകയും അതിലെ വ്യതിയാനങ്ങള്‍ അലോസരപ്പെടുത്തുകയും ചെയ്യും. മതമെന്നത് ചില ആചാരങ്ങളും അതിനെ നിലനിര്‍ത്താന്‍ പെടാപാട് പെടുന്ന ഒരു ജനക്കൂട്ടവുമായി മനസ്സിലാക്കപ്പെടുമ്പോള്‍ ആ നൈരാശ്യം വര്‍ധിക്കുന്നു. സാധാരണ നിലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ വിശ്വാസികള്‍ക്ക് അതിജീവനമന്ത്രം പകരുന്ന സമ്മേളനങ്ങള്‍ക്കും പ്രാര്‍ഥനാ സംഗമങ്ങള്‍ക്കുമൊക്കെ സാമൂഹ്യ അകലം കൂച്ചുവിലങ്ങ് ഇടുമ്പോള്‍ ദൈവികശക്തിയിലെ പ്രതീക്ഷ പോലും നഷ്ടമായേക്കാം.
എന്നാല്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തില്‍ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ലംബമായ (്‌ലൃശേരമഹ) അക്ഷവും സൃഷ്ടിയും സൃഷ്ടിയും തമ്മിലുള്ള ഉള്ള തിരശ്ചീനമായ(വീൃശ്വീിമേഹ) അക്ഷവും ഉണ്ട്. ഇതില്‍ കൊറോണ കാലം പ്രതിസന്ധിയുളവാക്കുന്നത് തിരശ്ചീന അക്ഷത്തില്‍ മാത്രമാണല്ലോ! കൊറോണ ജീവനിലും സാമ്പത്തിക വ്യവസ്ഥയിലും ഉളവാക്കിയ അഗാധമായ ഭീതി ധിക്കാരമില്ലാത്ത മനസ്സുകളെ സ്രഷ്ടാവിന്റെ അഭയകേന്ദ്രത്തിലേക്ക് വഴികാട്ടുന്നു. സാമൂഹ്യ അകലവും ക്വാറന്റൈനും കൊണ്ട് അടിച്ചേല്‍പ്പിക്കപ്പെട്ട ഏകാന്തത വിശ്വാസികള്‍ക്ക് ഒരു അനുഗ്രഹമായേക്കാം. ഏകാന്തത സ്വന്തത്തെ വിചാരണ ചെയ്യാന്‍ പ്രേരിപ്പിക്കുകയും മനസുകളെ വിമലീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സൃഷ്ടികളുമായുള്ള അനാവശ്യ ബന്ധങ്ങള്‍ കുറഞ്ഞു വരുമ്പോള്‍ സ്രഷ്ടാവുമായുള്ള മറ നീങ്ങിയേക്കാം. അത് പരമസത്യത്തെ ഗ്രഹിക്കാനും പുല്‍കാനും ഹേതുവായേക്കാം. അനിശ്ചിതത്വം സൃഷ്ടിക്കുന്ന വിരക്തി ആത്മീയതയുടെ ചാലകശക്തിയാകാം. അങ്ങനെ സ്ഫുടം ചെയ്‌തെടുത്ത മനസ്സുകളുടെ ശക്തി പലമടങ്ങായി വര്‍ധിക്കുകയും യാതൊരു ലോകമാന്യതയുമില്ലാതെ വീടിന്റെ അകത്തളങ്ങളില്‍ നിന്നുയരുന്ന പ്രാര്‍ഥന വലിയ മജ്‌ലിസില്‍ നിന്നുയരുന്നതിനേക്കാള്‍ ശ്രേഷ്ഠമാവുകയും ചെയ്യുന്ന മനോഹരമായ വൈപരീത്യത്തിന് കാലം സാക്ഷിയായേക്കാം. കേരളക്കരയില്‍ ഒരുകാലത്ത് സര്‍വാദരണീയമായിരുന്ന ആത്മീയസരണികളെ മനസ്സിലാക്കുകയും അതിന്റെ മഹത്തായ നേതൃത്വത്തെ പഠിക്കുകയും അവരുടെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ മതത്തിന്റെ നഷ്ടപ്പെട്ടുവെന്ന് ധരിച്ച ജീവന്‍ നമുക്ക് വീണ്ടെടുക്കാന്‍ പറ്റും.
പ്രവാചകാധ്യാപനത്തില്‍ വിശ്വാസിയുടെ ഹൃദയം ഒരു ഇളം ചെടി തണ്ട് പോലെയാണ്. കാറ്റിന്റെ ഗതിക്കനുസരിച്ച് അത് വളയുകയും നിശ്ചലാവസ്ഥയില്‍ നിവരുകയും ചെയ്യും. റൂമി അതിനെ വിശേഷിപ്പിക്കുന്നത് മുള്ളന്‍പന്നിയോടാണ്. വിശ്വാസിയുടെ ഹൃദയം എത്രകണ്ട് വേദനിക്കുന്നുവോ അത്രമേല്‍ ശക്തമാകും. എന്നാല്‍ പ്രയാസങ്ങളുടെ ആത്മീയ വായന അത്ഭുതമാണ്. ഒരു മുള്ള് മൂലമുള്ള വേദനപോലും വിശ്വാസിക്ക് പാപമോചനം നല്‍കാനും ആത്മീയ പദവി ഉയര്‍ത്താനും കാരണമാകും. അതിനാല്‍ തന്നെ ഏറ്റവും പ്രയാസം അനുഭവിച്ചത് പ്രവാചകന്മാരും അനുചരന്മാരും മറ്റുമാണ്.
സൃഷ്ടിയോടുള്ള സ്‌നേഹത്തിലാണത്രേ പ്രപഞ്ചോല്‍പത്തിയുണ്ടാകുന്നത്. അതിലേക്കുള്ള കാരുണ്യവായ്പായിട്ടാണ് മുഹമ്മദ് (സ്വ) ലോകത്തില്‍ നിയോഗിക്കപ്പെട്ടത്. മാതാവിന്റെ ഗര്‍ഭപാത്രവും സൃഷ്ടികള്‍ തമ്മിലുള്ള അടുപ്പവും ഈ മൃദുല വികാരത്തിന്റെ അസ്തിത്വത്തിന്റെ സാക്ഷ്യങ്ങളാണ്. കൊറോണാ കാലഘട്ടവും അതിനുശേഷം ഉണ്ടാകുന്ന പ്രതിസന്ധികളും തരണം ചെയ്യാന്‍ സ്‌നേഹവും അനുകമ്പയും അത്യന്താപേക്ഷിതമാണ്. ദൈവം തന്നതില്‍ നിന്ന് ദാനം ചെയ്യല്‍ നിര്‍ബന്ധമാക്കിയ ഈ മതസംഹിത അനുകമ്പയെ മനുഷ്യ അതിര്‍ത്തിയില്‍ തളച്ചിടാതെ എല്ലാ തുടിക്കുന്ന ഹൃദയങ്ങളിലും വിജയത്തിലേക്കുള്ള രാജപാതയെ വിഭാവനം ചെയ്തു. സഹജീവികളോടുള്ള അനുകമ്പ ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന്റെ സൂചികയാണ്. ഊഷ്മളമായ ബന്ധങ്ങള്‍ക്ക് അത് നിര്‍ബന്ധമാണ് എന്നതിന് പുറമേ പ്രയാസങ്ങളെ കൂട്ടായി തരണം ചെയ്യാനും സഹായിക്കുന്നു. അനുകമ്പ ആനന്ദദായകവും വിഷാദത്തിന്റെ മറുമരുന്നും ആശങ്കയുടെ അവസ്ഥയില്‍ ആന്തരിക സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളതുമാണ്. കുടുംബ ബന്ധത്തിന്റെ ജീവനാഡിയായ അനുകമ്പ യുവാക്കളെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കുകയും അതിലൂടെ അവരുടെ പഠനത്തിലും ആത്മാഭിമാനത്തിലും പ്രതിഫലിക്കുകയും ചെയ്യുന്നു.
അതിജീവനത്തിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ ആലോചിക്കേണ്ട മറ്റൊന്നാണ് നന്ദിയെ കുറിച്ച്. ലക്ഷ്യം നേടാനുള്ള തീവ്ര മത്സരങ്ങള്‍ക്കിടയില്‍ തനിക്ക് ലഭ്യമായ അനുഗ്രഹങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ സമയമില്ലാതെ നെട്ടോട്ടത്തിലാണ് നാമെല്ലാവരും. ആ മത്സരപ്പാച്ചിലിന് ഒരു ഇടവേള കിട്ടിയ ഈ അവസരത്തില്‍ തന്റെ ശരീരത്തിലും കുടുംബത്തിലും സമൂഹത്തിലും ദൈവം സമ്മാനിച്ച അനുഗ്രഹങ്ങളെ ഓര്‍ക്കുന്നതും പറ്റുമെങ്കില്‍ ഒന്ന് എഴുതി നോക്കുന്നതും നന്നാകും. ഈ പ്രക്രിയ ബന്ധങ്ങള്‍ നന്നാക്കുന്നതിനും ശാരീരിക മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും അസൂയ, നിരാശ പോലുള്ളവക്ക് ചികിത്സയായും ആനന്ദം വര്‍ധിപ്പിക്കുന്നതിനും സുഖനിദ്ര ലഭിക്കുന്നതിനും ആത്മാഭിമാനവും ഇച്ഛാശക്തിയും വര്‍ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങള്‍ക്ക് അത് എത്ര ചെറുതാണെങ്കിലും നന്ദി പറയുന്നതും കാണിക്കുന്നതും സ്രഷ്ടാവിന് ഇഷ്ടമുള്ള കാര്യമാണ്. അത് ചെയ്യുന്നവര്‍ക്ക് ശാന്തിയും സമാധാനവും അഭിവൃദ്ധിയും സമൃദ്ധിയും ലഭിക്കുമെന്നത് അവന്റെ പ്രഖ്യാപനമാണ്. എപ്പോഴും ഇല്ലായ്മയുടെ പേരില്‍ സമരം ചെയ്യുന്ന സമൂഹം പലപ്പോഴും നമുക്ക് ഉള്ളതിനെ മറന്നുപോവുന്നു. അത് ഓര്‍ത്തെടുക്കാനും അതിന് നന്ദി പ്രകടിപ്പിക്കാനും ശ്രമിക്കുന്നത് ഈ കഠിനകാലഘട്ടത്തിന്റെ അതിജീവനത്തിന് സഹായമാവുകയും ദൈവിക സന്നിധിയില്‍ മികച്ച ആരാധനയായി മാറുകയും ചെയ്യും.
സാമൂഹ്യബോധമുള്ള മനുഷ്യന്‍ ഈ കാലത്ത് വ്യാജ വാര്‍ത്തകളില്‍ ജാഗ്രത കാണിക്കണം. ഫേക്ക് ന്യൂസ് നിര്‍മിക്കുന്നവര്‍ക്ക് ഒരു മനഃശാസ്ത്രം ഉണ്ട്. തികച്ചും ന്യൂട്രല്‍ ആയ വാര്‍ത്തകള്‍ വ്യാജന്‍മാര്‍ പരത്താറില്ല. മറിച്ച് വായിക്കുന്നവരില്‍ ഭയം, ആശങ്ക, സംശയം, വിദ്വേഷം, നിരാശ, അസൂയ തുടങ്ങിയ വികാരങ്ങളെ ഉണര്‍ത്തുന്ന വാര്‍ത്തകള്‍ക്കേ ചൂടുണ്ടാകൂ. അവ ഒരു വ്യക്തിക്കോ സമൂഹത്തിനോ മനുഷ്യരാശിക്ക് തന്നെയോ വിനാശകരമാവാം. സമൂഹ മനഃസാക്ഷിയെ സ്വാധീനിക്കാന്‍ സാധിക്കുന്ന ഈ വാര്‍ത്തകളെ മനസ്സിലാക്കലും തടയലും എതിര്‍ക്കലും ഒരു വിശ്വാസിയുടെ മതപരമായ കര്‍ത്തവ്യമാണ്. സൂറത്തുന്നൂറില്‍ അല്ലാഹു പറയുന്നത് വ്യാജ വാര്‍ത്തകളെ നിങ്ങള്‍ നിസ്സാരമായി കണ്ടേക്കാമെങ്കിലും ദൈവസന്നിധിയില്‍ ഗുരുതരമായ അപരാധമാണ് എന്നാണ്. അതിനാല്‍ ഏത് വാര്‍ത്തകള്‍ ലഭിച്ചാലും ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക. ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ വിഷാദ രോഗം, ഒ.സി.ഡി, ആശങ്ക പോലുള്ള മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ക്ക് വലിയ ദോഷം ചെയ്യും.
ലോക്ക് ഡൗണ്‍ ലഹരികളോട് വിടപറയാനുള്ള കാലമാണ്. മദ്യം ലഭിക്കാത്തത് മൂലമുള്ള ആത്മഹത്യകള്‍ നാം കണ്ടു. ലഹരിക്കടിപ്പെട്ട പലരെയും ആശുപത്രിയിലേക്കും ലഹരിവിമോചന കേന്ദ്രങ്ങളിലേക്കും മാറ്റേണ്ടിവന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ കാലം എല്ലാ തരത്തിലുമുള്ള ലഹരിയില്‍ നിന്ന് ആത്മാവിനെ ശുദ്ധീകരിക്കേണ്ട സമയമാണ്. ഇസ്‌ലാം ലഹരിക്കെതിരേ ശബ്ദിച്ചത് ഘട്ടം ഘട്ടമായാണ്. ആ ഒരു ശൈലി ഈ കാലത്ത് പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കും. ഇന്ന് നിര്‍ബന്ധിതാവസ്ഥയില്‍ ലഹരി ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍, അത് മൂലം അനുഭവപ്പെടുന്ന ശൂന്യതയെ ആത്മീയത കൊണ്ട് നിറയ്ക്കാന്‍ ശ്രമിക്കണം. അതിനു സഹായകമായ രീതിയില്‍ ട്രെയിനിങ് ലഭിച്ച പണ്ഡിതര്‍ ചുക്കാന്‍ പിടിക്കണം. ലോക്ക് ഡൗണ്‍ കഴിയുമ്പോഴേക്ക് പുതിയൊരു മനുഷ്യനായി മാറാന്‍ അവരെ പാകപ്പെടുത്തണം.
ഈ കാലയളവില്‍ മനുഷ്യരില്‍ പുതിയ തരം ലഹരികള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. പ്രധാനമായി ഡിജിറ്റല്‍ അഡിക്ഷന്‍. മൊബൈല്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍ ഇവയൊക്കെ ഉപയോഗിക്കുന്ന സമയം കൂടിയിട്ടുണ്ടാകും. എന്നാല്‍ നഷ്ടമാകില്ല എന്ന് നാം കരുതിയിരുന്ന സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പോലെ എന്നെങ്കിലും ഈ ടെക്‌നോളജിയും നമുക്ക് അപ്രാപ്യമായാല്‍ മനസ്സിനെ എങ്ങനെ നിയന്ത്രിക്കാന്‍ ആകും എന്ന് വിലയിരുത്തി നഷ്ടപ്പെടാന്‍ ഇടയില്ലാത്ത പുസ്തക വായനയും വ്യത്യസ്ത ഹോബികളും സ്വായത്തമാക്കണം. അങ്ങനെ എത്രവലിയ ഐസൊലേഷനെയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ മനസ്സിനെ പാകപ്പെടുത്തണം.
(കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ലേഖകര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."