രണ്ടാം സാമ്പത്തിക ഉത്തേജക പദ്ധതിയും കേരളത്തിന് ഗുണം ചെയ്യില്ല
ലോക്ക് ഡൗണ്‍ ജനജീവിതത്തിനു മേല്‍ ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് നാളെ ഏഴു ജില്ലകളില്‍ അഞ്ചു ജില്ലകള്‍ ഭാഗികമായും രണ്ടു ജില്ലകള്‍ ഏറെക്കുറെ പൂര്‍ണമായും കരകയറുകയാണ്. ഇതില്‍ ഗ്രീന്‍ സോണിലുള്ള കോട്ടയവും ഇടുക്കിയും ഒരു മാസത്തെ അടച്ചിരുപ്പിനു ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ഓറഞ്ച് ബി സോണിലുള്ള ജില്ലകള്‍ക്കു ഭാഗിക ഇളവുകള്‍ മാത്രമാണ് ലഭിക്കുക. ഓറഞ്ച് എ സോണിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ക്കും ചില ഇളവുകള്‍ ലഭിക്കുമ്പോള്‍ റെഡ് സോണില്‍ പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ക്കു നടുനിവര്‍ത്തണമെങ്കില്‍ മെയ് മൂന്നു വരെ കാത്തിരിക്കണം. അപ്പോഴും നിയന്ത്രണങ്ങളെല്ലാം എടുത്തുകളയണമെന്നില്ല.
ക്വാറന്റൈനില്‍ 28 ദിവസം കഴിഞ്ഞതിനു ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുണ്ടാവാമെന്നും പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ മറ്റുള്ളവര്‍ക്കു കൊറോണ വൈറസ് പകര്‍ന്നുനല്‍കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും വിദഗ്ധര്‍ അഭിപ്രായപെടുമ്പോള്‍ സാധാരണ ജീവിതം മനുഷ്യര്‍ക്കു സാധ്യമാവണമെങ്കില്‍ ഇനിയും എത്രയോ ദിവസങ്ങള്‍ കഴിയുമെന്നാണ് കരുതേണ്ടത്. അതിനകം തന്നെ സാധാരണക്കാര്‍ നിത്യജീവിതത്തിനു വഴികാണാതെ പൊറുതിമുട്ടി തെരുവിലിറങ്ങുമോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരും സന്നദ്ധ സംഘടനകളും ഇപ്പോള്‍ നടത്തിവരുന്ന ആശ്വാസ നടപടികള്‍ ദീര്‍ഘകാലം തുടരാന്‍ കഴിയുമെന്നു തോന്നുന്നില്ല. ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കാന്‍ പോലും സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്നും അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും പ്രയാസമാണെന്നും അതിനുവേണ്ടി വീണ്ടും കടമെടുക്കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്നും രണ്ടു ദിവസം മുമ്പാണ് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞത്.
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനും ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് ആശ്വാസമേകാനും രണ്ടാം കൊവിഡ് ഉത്തേജക പദ്ധതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധികഫണ്ടും അനുവദിച്ചു. വിപണിയില്‍ ധനലഭ്യത ഉറപ്പാക്കാനും സാമ്പത്തിക സമ്മര്‍ദം കുറയ്ക്കാനും ഇത്തരം നടപടികള്‍കൊണ്ടു കഴിയുമെന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ പ്രത്യാശിക്കുന്നത്.
ഇത്തരം ഉത്തേജക പദ്ധതികള്‍ കൊണ്ടൊന്നും പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ പ്രയോജനം കിട്ടില്ലെന്നു ആര്‍.ബി.ഐ ഗവര്‍ണറുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ മന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ട, അര്‍ഹതപ്പെട്ട ധനസഹായം കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദൈനംദിന ചെലവുകള്‍ക്കായി അനുവദിക്കപ്പെട്ട 60 ശതമാനം കേരളം ഇപ്പോള്‍ നേരിടുന്ന സാമ്പത്തി പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ല.
കേരളത്തിന് അഡ്വാന്‍സായി ലഭിക്കുന്ന ഈ തുക, അതായത് 730 കോടി രൂപ ആര്‍.ബി.ഐ പറയുന്ന കാലാവധിക്കകം തിരിച്ചടയ്ക്കണമെങ്കില്‍ സംസ്ഥാനത്തിനു വരുമാനമുണ്ടാകണം. ഫലത്തില്‍ മെയ് മൂന്നു വരെ റെഡ് സോണില്‍ കഴിയേണ്ട കേരളത്തിന് അത് അടുത്തൊന്നും സാധ്യമാവില്ല. അപ്പോള്‍ പൊതുവിപണിയില്‍ നിന്ന് കടമെടുത്ത് റിസര്‍വ് ബാങ്കിന്റെ കടം വീട്ടേണ്ടിവരും. ലോക്ക് ഡൗണ്‍ കാരണം 15,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേരളം നേരിടുന്നത്. മെയ് മൂന്നിനു ശേഷം സംസ്ഥാനത്ത് സമ്പൂര്‍ണമായ ലോക്ക് ഡൗണ്‍ പിന്‍വലിക്കലുണ്ടായാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് വരുമാനയിനത്തില്‍ എന്തെങ്കിലും പ്രതീക്ഷിക്കാനാകൂ. ഒരു മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ മാത്രം സംസ്ഥാന സര്‍ക്കാരിന് 4,200 കോടി വേണം.
കൊവിഡിന്റെ പ്രഹരത്തില്‍ തളര്‍ന്ന വിപണിമേഖലയ്ക്ക് അല്‍പമെങ്കിലും ഊര്‍ജം നല്‍കാന്‍ ആര്‍.ബി.ഐയുടെ രണ്ടാംഘട്ട ഉത്തേജക പദ്ധതി ഒരു പരിധിവരെ ഉപകാരപ്പെട്ടേക്കും. ഇതിന്റെ ലക്ഷ്യം താഴേത്തട്ടില്‍ പണമെത്തിക്കുക എന്നതായതിനാല്‍ അതുവഴി ക്രയവിക്രയം സാധ്യമാവുകയും ഇടത്തരം, ചെറുകിട വ്യാപാരികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കുകയും ചെയ്യും.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ഈ രണ്ടാം ഉത്തേജക പദ്ധതിയും വലിയ ഗുണം ചെയ്യില്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട ജി.എസ്.ടി നഷ്ടപരിഹാരത്തുകയായ 3,000 കോടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ടെന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം കഴിഞ്ഞതിനു ശേഷം സംസ്ഥാന ധനമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതു നല്‍കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും നഷ്ടപരിഹാരത്തുക കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നാണ് തോമസ് ഐസക് പറയുന്നത്. അതു കേള്‍ക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഈ ആപല്‍ഘട്ടത്തിലും കേരളത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മാതൃകയാണെന്നു കേന്ദ്ര ആരോഗ്യ വകുപ്പും കേന്ദ്ര സര്‍ക്കാരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുമ്പോള്‍, മറുവശത്ത് കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തികസഹായം തടഞ്ഞുവയ്ക്കുന്നത് നീതികേടാണ്. ഇതര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരിക്കൊടുക്കുമ്പോള്‍ കേരളത്തിന് അര്‍ഹതപ്പെട്ട വരുമാനം തടഞ്ഞുവയ്ക്കുന്നത് നമ്മുടെ മഹത്തായ ഫെഡല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനു തുല്യമാണ്. അതിനാല്‍ കേരളത്തിന് അര്‍ഹതപ്പെട്ട പണം എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."