പാഠപുസ്തകങ്ങള്‍ വരാന്തയില്‍ നശിക്കുന്നു
തളിപ്പറമ്പ് : അക്ഷരം അഗ്നിയാണ് എന്നാല്‍ ആ അഗ്നി കെടുത്തുന്ന നടപടിയാണ് തളിപ്പറമ്പിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചെയ്യുന്നത്. നിരവധി സ്‌കൂളുകളില്‍ വിതരണം ചെയ്യേണ്ട പുസ്തകങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തളിപ്പറമ്പ് ബി.ഇ.എം.എല്‍.പി സ്‌കൂളിന്റെ വരാന്തയില്‍ ഉപേക്ഷിച്ചത്.
അറിവിലേക്കുളള വഴിയാണ് അക്ഷരങ്ങള്‍, അക്ഷരം അഗ്നിയാണ് എന്ന വാചകം എഴുതി വച്ചതിന് തൊട്ടു താഴെയാണ് വിദ്യാര്‍ ഥികള്‍ക്ക് അറിവ് പകരേണ്ട പുസ്തകങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലുള്ളത്. കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ വരാന്തയിലിട്ട് നശിപ്പിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ സ്‌കൂളുകള്‍ സൊസൈറ്റി മുഖേന നല്‍കിയ പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. ബാക്കി വന്ന പുസ്തകങ്ങള്‍ തിരികെയെത്തിക്കാന്‍ എ.ഇ.ഒ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. തിരികെയെത്തിക്കുന്ന പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ എ.ഇ.ഒ ഓഫീസില്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ബി.ഇ.എം.എല്‍.പി സ്‌കൂളിലേക്ക് എത്തിക്കാനായിരുന്നു നിര്‍ദ്ദേശം.
ഇങ്ങനെ എത്തിച്ച പുസ്തകങ്ങളാണ് എ.ഇ.ഒ ഓഫീസ് അധികൃതര്‍ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചത്. ഇത് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നത് സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയില്‍ ചാറ്റലടിച്ച് വരാന്തയില്‍ ഉപേക്ഷിച്ച പുസ്തകങ്ങള്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുകയാണ്. മിക്ക കെട്ടുകളും പൊട്ടിപ്പോയ നിലയിലുമാണ്. ഇനി ആ പുസ്തകങ്ങള്‍ വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."