കൂത്തുപറമ്പിന്റെ മാധവേട്ടന്‍ ഇനി ഓര്‍മ
കൂത്തുപറമ്പ്: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നാല്‍ ജീവനേക്കാള്‍ വിലയേറിയതായിരുന്നു മാധവന്. പാര്‍ട്ടിക്കെതിരെ ചെറിയൊരു പ്രതിഷേധമുയരുന്നുവെന്ന് തോന്നിയാല്‍ മാധവനാകെ ക്ഷോഭ്യനാകും. പാര്‍ട്ടി സമ്മേളനങ്ങളിലും യോഗങ്ങളിലുമൊക്കെ ആദ്യമെത്തി സീറ്റ് പിടിക്കാന്‍ ഇനി മാങ്ങാട്ടിടം മഞ്ചേരി കണ്ടി വീട്ടില്‍ മാധവനെത്തില്ല.
ശനിയാഴ്ച രാത്രി വീട്ടിലേക്ക് പോകവെ മാങ്ങാട്ടിടം ദേശബന്ധു വായനശാലക്കു സമീപം വച്ച് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് എം.കെ മാധവന്‍ (65) മരണപ്പെട്ടത്. ജന്മനാ ഉള്ള ശാരീരിക വിഷമതകള്‍ ഉണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിയുടെ നേതാക്കള്‍ പങ്കെടുക്കുന്ന എല്ലാ യോഗങ്ങളിലും അവശതകള്‍ മറന്ന് മുന്‍ നിരക്കാരനായി ഇരുന്ന് പ്രസംഗം കേള്‍ക്കാന്‍ എന്നും മാധവനെത്തിയിരുന്നു.
സി.പി.എം നേതാവ് ഇ.കെ നായനാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍ ദിനത്തില്‍ കൂത്തുപറമ്പില്‍ നിന്നും പയ്യാമ്പലം വരെ കാല്‍നടയായി സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മാധവനെ പ്രേരിപ്പിച്ചതും പാര്‍ട്ടിയോടുള്ള ഈ ആവേശം. ഇതിനായി കൂത്തുപറമ്പ് ബസ്സ്റ്റാന്റ് കോംപ്ലക്‌സിലെ സ്റ്റെയര്‍കെയ്‌സിലിരിക്കുന്ന മാധവന്‍ പരിചിതര്‍ക്ക് നൊമ്പരക്കാഴ്ചയുമായിരുന്നു.
സി.പി.എമ്മിലെ സാധാരണ പ്രവര്‍ത്തര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും വരെ പരിചിത മുഖമായിരുന്ന മാധവേട്ടന്‍. ഇന്നലെ വൈകുന്നേരം മാധവന്റെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. നേതാക്കളായ കെ.കെ രാഗേഷ് എം.പി, ഇ.പി ജയരാജന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, വത്സന്‍ പനോളി, എം. സുകുമാരന്‍, കെ. ധനഞ്ജയന്‍ തുടങ്ങിയ നേതാക്കള്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."