കെ.എസ്.ടി.പി റോഡ് വികസനം: ഇരിട്ടി നഗരത്തില്‍ നിരവധി കൈയേറ്റങ്ങള്‍
ഇരിട്ടി: തലശേരി-വളവ്പാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കൈയേറ്റം കണ്ടെത്തുന്നതിനായി റവന്യൂ അധികൃതര്‍ നടത്തുന്ന സര്‍വേ പൂര്‍ത്തിയായി. ഇരിട്ടി ടൗണിലെ പഴയ ഓവുചാലുകള്‍ പൊളിച്ച് നീക്കി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കി റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയായി നടത്തുന്ന സര്‍വേയാണ് ഇന്നലെ പൂര്‍ത്തിയായത്.
ഇരിട്ടി പുതിയ പാലം മുതല്‍ പയഞ്ചേരി വരെ നടത്തിയ സര്‍വേയില്‍ റവന്യൂ ഭൂമി വ്യാപകമായി കൈയേറിയതായി കണ്ടെത്തി. ടൗണ്‍ വികസനത്തിന് വേണ്ടി ഉപയോഗിക്കേണ്ട സ്ഥലം കെട്ടിടങ്ങള്‍ നിര്‍മിച്ച് വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്.
ഇരിട്ടി താലൂക്ക് ഹെഡ് സര്‍വേയറുടെ നേതൃ ത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റവന്യൂ ഭൂമിയിലെ കൈയേറ്റം സ്ഥിരീകരിച്ചത്.
കൈയേറിയ ഭൂമി റോഡ് വികസനത്തിനായി ഉപയോഗിക്കുന്നതിന് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്റ നേതൃത്വത്തില്‍ റവന്യൂ സംഘം കൈയേറിയ ഭാഗം അളന്ന് തിട്ടപ്പെടുത്തി.
പയഞ്ചേരി മുതല്‍ ഇരിട്ടി പുതിയ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റവരെ കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും പെളിക്കേണ്ട അവസ്ഥയാണ്.
നേരത്തെ നിലവിലുള്ള രീതിയില്‍ ടൗണ്‍ വികസിപ്പിച്ചാല്‍ മതി എന്ന് വ്യാപാര സംഘടനകള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. 25 വര്‍ഷത്തോളം പഴക്കമുള്ള ഓവുചാലുകള്‍ നിലനിര്‍ത്തി ടൗണ്‍ നവീകരിക്കുന്നത് ഫലപ്രഥമാകില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കെ.എസ്.ടി.പി യുടെയും താലൂക്ക് സര്‍വേ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംയുക്ത സര്‍വേനടത്താന്‍ തീരുമാനിച്ചത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ലക്മണന്‍, ഹെഡ് സര്‍വേയര്‍ മുഹമ്മദ് ഫെരീഫ്, സര്‍വേയര്‍മാരായ വി.കെ സുരേഷ്, എന്‍. ജില്‍സ്, വി.ആര്‍ ഷിഹാവുദ്ദീന്‍, കെ.എസ്.ടി.പി അസി. എന്‍ജിനീയര്‍ കെ.വി സതീശന്‍, ഇ.കെ.കെ പ്രൊജക്റ്റ് മാനേജര്‍ ശ്രീരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍. കൈയേറ്റം കണ്ടെത്തിയ സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി റോഡു വീതി കൂട്ടി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം മുതല്‍ ആരംഭിക്കുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."