HOME
DETAILS

ബജറ്റില്‍ പ്രതീക്ഷ കൈവിടാതെ കാസര്‍കോട്

  
backup
July 04 2016 | 18:07 PM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b5%88%e0%b4%b5%e0%b4%bf%e0%b4%9f

ധനമന്ത്രി ഡോ. തോമസ് ഐസക് വെള്ളിയാഴ്ച പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിക്കുകയാണ്. നിരവധി പ്രശ്‌നങ്ങളും വികസനത്തില്‍ ഇന്നും ബാലാരിഷ്ടതകളും നേരിടുന്ന കാസര്‍കോട് ജില്ല ഇക്കുറിയും ബജറ്റില്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ നല്‍കിയ പദ്ധതികള്‍ പലതും കടലാസിലുറങ്ങുകയാണ്. ചിലത് പാതിവഴിയില്‍ നിലച്ചിരിക്കുകയും. സെക്രട്ടേറിയറ്റ് നിലകൊള്ളുന്ന തിരുവനന്തപുരത്തുനിന്ന് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും വടക്ക് കാസര്‍കോടെത്തുമ്പോഴേക്കും മറ്റിടങ്ങളിലേക്ക് വഴിമാറിപ്പോകുന്നതു പതിവാണ്. അവഗണനയുടെ കയ്പുനീര്‍ അനുഭവിക്കുന്ന കാസര്‍കോടന്‍ ജനത വലിയ പ്രതീക്ഷയാണ് ഇക്കുറി ബജറ്റില്‍ അര്‍പ്പിച്ചിരിക്കുന്നത്. കടലും കായലും മലനിരകളും അതിരിടുന്ന കാസര്‍കോടിന്റെ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ഇക്കുറി ബജറ്റിന്റെ കണ്ണെത്തുമെന്ന പ്രതീക്ഷയിലാണ് സപ്തഭാഷാസംഗമ ഭൂമിയിലെ ജനത. 'സുപ്രഭാത' ത്തിന്റെ ജില്ലയിലെ ലേഖകന്മമാര്‍ തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.

പൂവണിയുമോ മെഡിക്കല്‍ കോളജ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ളവരുടെ വലിയ പ്രതീക്ഷയാണ് കാസര്‍കോട് മെഡിക്കല്‍ കോളജ്. ബദിയടുക്ക-എന്‍മകജെ പഞ്ചായത്തുകള്‍ അതിരിടുന്ന ഉക്കിനടുക്കയില്‍ പ്രവൃത്തി നടക്കുന്ന മെഡിക്കല്‍ കോളജിന് പണി പൂര്‍ത്തിയാക്കാനായ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോട് ജനത. 2013 നവംബര്‍ 30നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കില്ലിട്ട ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത് 2015 ജൂണിലാണ്. മെഡിക്കല്‍ നിര്‍മാണം വൈകിയതുതന്നെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. 300 കിടക്കകളുള്ള മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് 282 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഇതില്‍ 74 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് ഇപ്പോള്‍ ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായാല്‍ അത് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ഏറെ ആശ്വാസകരമാവും. മെഡിക്കല്‍ കോളജ് വരുന്നതോടെ ചെര്‍ക്കളയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് നാലുവരി പാതയടക്കം വിഭാവനം ചെയ്ത വലിയ വികസനം സ്വപ്നംകണ്ട കാസര്‍കോട് ജനത ഇപ്പോള്‍ നിര്‍മാണത്തിന്റ ഇഴഞ്ഞുപോക്കിലും തുടര്‍ ഫണ്ട് അനുവദിക്കാത്തതിലും കടുത്ത നിരാശയിലാണ്.

ഇരകള്‍ക്കു വേണം സാന്ത്വനം

ജില്ലയിലെ ഏറ്റവും വലിയ വേദനയാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍. കേരളത്തിലെ മറ്റൊരു ജില്ലയും അനുഭവിക്കാത്ത ദുരന്തവും പേറിയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം. അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി ഇപ്പോഴും സമരപ്പന്തല്‍ കെട്ടിയിരിക്കേണ്ടി വരുന്ന ദുരവസ്ഥയില്‍നിന്ന് ഇവര്‍ക്കുള്ള മോചനം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബാംഗങ്ങള്‍ എടുത്ത ബേങ്ക് വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം പൂര്‍ണതോതില്‍ നടപ്പിലായിട്ടില്ല. ഇപ്പോഴും വായ്പ എഴുതിത്തള്ളാനുള്ളവരുടെ അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിദ്രയിലാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടും ഇരകളുടെ പട്ടികയില്‍പ്പെടാതെ നിരവധിപേര്‍ ഇപ്പോഴും തീ തിന്നുകഴിയുന്നുണ്ട്. കടുത്ത രോഗബാധയില്‍ വലയുന്ന ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യമായ സഹായം എത്തിക്കുന്നതിനും അര്‍ഹമായ ഫണ്ട് ഇവരും പ്രതീക്ഷിക്കുന്നുണ്ട്. അവരുടേതല്ലാത്ത കുറ്റംകൊണ്ട് വേദനയില്‍ ജീവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള പുനരധിവാസ പദ്ധതികള്‍ക്കും ആവശ്യമായ ചികിത്സ നല്‍കാനും വായ്പകള്‍ എഴുതിത്തള്ളാനുമുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

കുടിവെള്ളമാണ് പ്രശ്‌നത്തില്‍ മുന്നില്‍

ജില്ലയും കാസര്‍കോട് നഗരവും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളമാണ്. ശുദ്ധജലം പലയിടത്തും ലഭ്യമല്ലെന്നതാണ് വസ്തുത. കാസര്‍കോട് നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനായി വിഭാവനം ചെയ്ത ബാവിക്കര പദ്ധതി ഇപ്പോഴും അനാഥാവസ്ഥയിലാണ്. പലസമയങ്ങളിലും കാസര്‍കോട് ജനത കുടിക്കുന്നത് ഉപ്പു കലര്‍ന്ന വെള്ളമാണ്. ബാവിക്കരയില്‍ സ്ഥിരം തടയണ സ്ഥാപിച്ചാല്‍ കുടിവെള്ള പ്രശ്‌നത്തിന് വലിയ പരിഹാരം കാണാനാവും. ഇതിനുവേണ്ടിയുള്ള തുക ഇക്കുറി ബജറ്റില്‍ നീക്കിവെക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ശുദ്ധജലം കുടിക്കാനാഗ്രഹിക്കുന്ന ജനങ്ങള്‍.

ചെക്ക്‌പോസ്റ്റിലും കണ്ണുവേണം

സംസ്ഥാനത്തെ പ്രധാന ചെക്കുപോസ്റ്റുകളിലൊന്നായ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് ഇപ്പോഴും ബാലാരിഷ്ടതയിലാണ്. വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡരികില്‍ പരിശോധനക്കായി കാത്തുകിടക്കേണ്ടി സ്ഥിതിയാണുള്ളത്. ഉദ്യോഗസ്ഥരുടെ വാഹന പരിശോധനക്കും രേഖകളുടെ പരിശോധനക്കും തീരെ സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവില്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന പ്രധാന ചെക്ക്‌പോസ്റ്റായ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന്റെ അവസ്ഥ മന്ത്രി ഡോ. തോമസ് ഐസക് നേരിട്ടു പലവട്ടം കണ്ടതാണ്.

നാലുവരി പാത സ്ഥലമെടുപ്പിന് പണം വേണം

ജില്ലയുടെ വികസനത്തിന് ഗതിവേഗം കൂട്ടുന്നതിനായി ഏറെ ഉപകരിക്കുന്നതാണ് ദേശീയപാത നാലുവരിയാക്കുന്നത്. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രശ്‌നം കാസര്‍കോട് നേരിടുന്നുണ്ട്. മറ്റു ജില്ലകളില്‍ നിലവിലുള്ള ദേശീയപാതക്കിരുവശവുമായാണ് നാലുവരി പാതക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളൊന്നും ഇത്തരം ജില്ലകളില്‍ ഉണ്ടാവില്ല. എന്നാല്‍ കാസര്‍കോട് പല സ്ഥലങ്ങളിലും ദേശീയപാതയില്‍ നിന്നും വിട്ടുമാറിയാണ് 45 മീറ്ററായി വര്‍ധിപ്പിക്കുമ്പോള്‍ ദേശീയപാത കടന്നുപോവുക. നിലവിലെ ദേശീയപാത 45 മീറ്ററാക്കുമ്പോള്‍  മാവുങ്കാല്‍, ചെറുവത്തൂര്‍ നഗരങ്ങള്‍ പൂര്‍ണമായും ഇല്ലാതാകും. ഇത്തരം നഗരങ്ങളെ സംരക്ഷിച്ചുകൊണ്ട് ജനവാസകേന്ദ്രങ്ങളിലൂടെയാണ് നാലുവരി പാത ജില്ലയില്‍ കടന്നുപോവുക. ഇതിനു സ്ഥലമെടുപ്പിനായി വലിയ തുക തന്നെ അനുവദിക്കേണ്ടി വരും.  ദേശീയപാത വിഭാഗത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനും  പ്രാരംഭ പ്രവര്‍ത്തനത്തിനും വലിയ തുക സംസ്ഥാന ബജറ്റില്‍ കാണേണ്ടതുണ്ട്.

മലയോര വികസനം

കാസര്‍കോടന്‍ മലനിരകള്‍ എന്ന ചൊല്ലു തന്നെയുണ്ട്. റാണിപുരം മലനിരകള്‍ അടങ്ങുന്ന കാസര്‍കോടന്‍ മലയോരത്തിന്റെ വികസനത്തിന് പ്രത്യേക പാക്കേജ് തന്നെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജപുരത്ത് ചെറുവിമാനങ്ങള്‍ ഇറക്കുന്നതിനുള്ള വിമാനത്താവളവും ജില്ലയിലെ മലയോര മേഖല നക്‌സല്‍ ഭീഷണി നേരിടുന്ന പഞ്ചായത്തുകളില്‍ പുതിയ പൊലിസ് സ്റ്റേഷനുകള്‍ തുറക്കാനുള്ള പണവും ബജറ്റില്‍ നീക്കിവയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നക്‌സല്‍ ഭീഷണി  പ്രതിരോധിക്കാന്‍ പുതിയ മലനിരകള്‍ കയറാന്‍ പറ്റുന്ന നിലയിലുള്ള പുതിയ വാഹനങ്ങളും മറ്റും വാങ്ങുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിക്കണം.

സബ് ട്രഷറി  തുടങ്ങി, ആവശ്യങ്ങള്‍ നിരവധി

തൃക്കരിപ്പൂര്‍: സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ തൃക്കരിപ്പൂരും നിരവധി ആവശ്യങ്ങളുടെ പട്ടിക നിവര്‍ത്തുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍ സബ് ട്രഷറി പ്രഖ്യാപനത്തിലൊതുങ്ങിയിരിക്കുകയാണ്. വളരെ അത്യാവശ്യമായ തൃക്കരിപ്പൂര്‍ സബ് ട്രഷറിക്ക് ഈ സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. കൊറ്റി-കോട്ടപ്പുറം ജലഗതാഗതത്തിന്റെ നവീകരണം, തൃക്കരിപ്പൂര്‍ ആസ്ഥാനമായി താലൂക്ക്, മാടക്കാലിലെ തകര്‍ന്നുവീണ തൂക്കുപാലം, പണി പൂര്‍ത്തിയാവാതെ കിടക്കുന്ന പടന്നയിലെ തൂക്കുപാലം, തീരദേശമായ വലിയപറമ്പിനെയും തുരുത്തുകളെയും കവ്വായി കായലിനെയും ഉള്‍ക്കൊള്ളിച്ചുള്ള ടൂറിസം പദ്ധതികള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ തൃക്കരിപ്പൂരും കൊതിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രിയ മണ്ഡലമെന്ന നിലയില്‍ തോമസ് ഐസക് തൃക്കരിപ്പൂരിന് പ്രത്യേക പരിഗണന നല്‍കുമെന്ന പ്രതീക്ഷയിലാണ് ജനത.


ചികിത്സ വേണ്ടത് കെ.എസ്.ആര്‍.ടി.സിക്ക്

കാഞ്ഞങ്ങാട്ട് ബജറ്റില്‍ കണ്ണുപതിയേണ്ടത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ്. ഉദ്ഘാടനത്തിനു ശേഷം തുടങ്ങിയ ഷെഡ്യൂളുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഡിപ്പോയുടെ നിലവിലുള്ള അവസ്ഥ പരിതാപകരമാണ്. പുതിയ ബസുകളും മറ്റും അനുവദിച്ചും മലയോര സര്‍വിസ് ക്രിയാത്മകമാക്കിയും ഡിപ്പോയെ രക്ഷിക്കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സിക്കുള്ള പാക്കേജില്‍ പ്രതീക്ഷിക്കുന്നു. റെയില്‍വേ മേല്‍പ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ്, ജില്ലാ ആശുപത്രിയുടെ നവീകരണം എന്നിവയും ബജറ്റിന്റെ ശ്രദ്ധയില്‍ പതിയേണ്ടതാണ്.

ജില്ലയില്‍ വനിതാ പൊലിസ് സ്റ്റേഷന്‍ ഇല്ല

ബജറ്റില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ പ്രഖ്യാപിക്കുമ്പോള്‍ ജില്ലയില്‍ ഒരു വനിതാ പൊലിസ് സ്റ്റേഷനെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജനത. വനിതകള്‍ക്കു മാത്രമായി ജില്ലയില്‍ പൊലിസ് സ്റ്റേഷനില്ലെന്നതാണ് വസ്തുത. പൊലിസ് സേനയെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുമ്പോള്‍ ജില്ലയില്‍ വനിതാ പൊലിസ് സ്റ്റേഷന്റെ പ്രഖ്യാപനം ഉണ്ടാവുന്നതിനു പുറമെ ഉപ്പളയിലും പെരിയയിലും പൊലിസ് സ്‌റ്റേഷനും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.
വേണം, അഞ്ചു ഫയര്‍ സ്റ്റേഷന്‍ കൂടി

ബജറ്റു പ്രഖ്യാപനത്തില്‍ കാസര്‍കോട് പ്രതീക്ഷിക്കുന്നത് അഞ്ചു പൊലിസ് സ്റ്റേഷനുകള്‍. ബദിയടുക്ക, ചായ്യോം, കാഞ്ഞിരംപൊയില്‍, പെരിയാട്ടടുക്കം, ഒടയംചാല്‍ എന്നിവിടങ്ങളില്‍ ഫയര്‍ സ്‌റ്റേഷന്‍ വേണമെന്ന നിര്‍ദേശം നേരത്തെ സര്‍ക്കാരിനു മുന്നിലുണ്ട്.
സ്ഥലമെടുപ്പ് അടക്കമുള്ളവക്ക് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയില്ലാത്ത സ്ഥലങ്ങളിലാണ് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം.
നിലവില്‍ അത്യാഹിതം നടന്നാല്‍ 40 കിലോമീറ്റര്‍ വരെ ഓടേണ്ട അവസ്ഥക്ക് പുതിയ ഫയര്‍ സ്റ്റേഷന്‍ വരുന്നതോടെ പരിഹാരമാവും.

ചീമേനി ഐ.ടി പാര്‍ക്ക്

കാണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ ഐ.ടി വികസനമാണ് ചീമേനി ഐ.ടി പാര്‍ക്കു വന്നാല്‍ സാധ്യമാകുന്നത്. വലിയ തൊഴില്‍ സാധ്യതയും അതിലേറെ മറ്റു സംരഭങ്ങളും വരുമെന്നതിനാല്‍ കാസര്‍കോട് ഐ.ടി പാര്‍ക്കിന്റെ കാര്യത്തില്‍ വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പും ഐ.ടി പാര്‍ക്ക് സംബന്ധിച്ച ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് ഉറപ്പിക്കുന്നു.

കടല്‍ ഗതാഗതം

കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്കുള്ള ചരക്കുകള്‍ അടക്കമുള്ള കടല്‍ ഗതാഗതത്തിന് പ്രാഥമിക പരിശോധന നടന്നതാണ്. ഇക്കാര്യത്തില്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമേയെന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

വ്യവസായം

വിമാനത്തിന്റെ പാര്‍ട്‌സുകള്‍ വരെ കാസര്‍കോടെ കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം മുന്‍പുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഒന്നുംതന്നെ നടന്നിട്ടില്ല. ഇക്കുറിയെങ്കിലും മികച്ച വ്യവസായ പ്രഖ്യാപനം ജില്ല കൊതിക്കുന്നു.

കര്‍ഷകര്‍

വിലയിടിഞ്ഞും സംഭരിക്കാതെയും അടക്ക കര്‍ഷകര്‍ നേരിടുന്ന ദുരിതത്തിന് പരിഹാരമായും മറ്റു കര്‍ഷകരുടെ ക്ഷേമത്തിനായും ജില്ലക്ക് മാത്രമായി കാര്‍ഷിക പാക്കേജും പ്രതീക്ഷിക്കുന്നു.

തുറക്കുമോ..? പുനരധിവാസ ഗ്രാമം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അനുവദിച്ച 25.11 ഏക്കറില്‍ നിര്‍മിക്കുന്ന പുനരധിവാസ ഗ്രാമം ഇപ്പോഴും അനിശ്ചിതത്വത്തില്‍. 25 കോടി രൂപ  ചിലവ് കണക്കാക്കിയ പദ്ധതിക്ക് പ്രഭാകരന്‍ കമ്മിഷനില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപ മാത്രമാണ് അനുവദിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് മാസ്റ്റര്‍പ്ലാന്‍ തയാറായ പദ്ധതിക്ക് ആവശ്യമായ പണമില്ലാത്തതിനാല്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പോലും നടന്നിട്ടില്ല. ഇനി സര്‍ക്കാര്‍ അംഗീകാരവും പുതിയ ബജറ്റില്‍ ഫണ്ടും അനുവദിച്ചാല്‍ മാത്രമേ ദുരിത ബാധിതരുടെ സ്വപ്നമായ ഈ പദ്ധതി യാഥര്‍ഥ്യമാവുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago