കേന്ദ്രം കണ്ണുരുട്ടി: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തിരുത്തി കേരളം, ബാര്‍ബര്‍ഷാപ്പുകളും ഹോട്ടലുകളും തുറക്കില്ല
തിരുവനന്തപുരം: കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കേന്ദ്രം കണ്ണുരുട്ടിയതോടെ കേരളം ഇതു തിരുത്തി. ബാര്‍ബര്‍ ഷാപ്പുകളും ഹോട്ടലുകളും തുറക്കുന്ന കാര്യത്തിലാണ് തിരുത്തുമായി കേരളം മുന്നോട്ടുവന്നത്. സംസ്ഥാനത്ത് ബാര്‍ബര്‍ഷാപ്പുകളും ഹോട്ടലുകളും തുറക്കുന്ന കാര്യം ഇപ്പോഴുണ്ടാകില്ല. വീടുകളിലെത്തി ബാര്‍ബര്‍മാര്‍ക്ക് ജോലി ചെയ്യാം. ഹോട്ടലുകള്‍ തുറക്കാതെ പാഴ്‌സല്‍ സര്‍വിസുകളും നടത്താം.
പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് സംസ്ഥാനം ഇളവ് അനുവദിച്ചതിനെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിശദീകരണം തേടിയിരുന്നത്.
അതേ സമയം ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇളവുകളില്‍ വ്യക്തത വരുത്താന്‍ ചീഫ് സെക്രട്ടറി ടോം ജോസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വാഹനനിയന്ത്രത്തില്‍ വരുത്തിയ ഇളവുകളെ കുറിച്ച് വ്യക്തത വരുത്താന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മാര്‍ഗനിര്‍ദേശം ലംഘിച്ച് നിയന്ത്രണത്തില്‍ ഇളവ് നല്‍കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോട് വിശദീകരണം തേടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
അതിനിടെ, നിയന്ത്രണത്തില്‍ ഇളവ് വരുത്തി പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചു. മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ ഉത്തരവ് പുറത്തിറക്കാനാണ് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.
എന്നാല്‍ കേന്ദ്രം കേരളത്തോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ചുള്ള കൂടിയാലോചനകള്‍ മാത്രമാണ് നടന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. അതേ സമയം കാറില്‍ മൂന്നുപേര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇറങ്ങും. ഇതില്ലാതാക്കാന്‍ ഇളവു തേടും. ബൈക്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ രണ്ടുപേരെ അനുവദിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചത് ചട്ടവിരുദ്ധമായാണെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. പുസ്തകശാലകളും റെസ്റ്റോറന്റുകളും തുറന്നതും തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനം തിരുത്തിയ ഉത്തരവു പുറത്തിറക്കിയതോടെ ആ വിഷയത്തില്‍ വ്യക്തത കൈവന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."