കൊറോണക്കാലത്തിന് ശേഷം ബിസ്‌നസ് തിരിച്ചു പിടിക്കാം. പ്രമുഖര്‍ പ്രതികരിക്കുന്നു
ലോക്കാണ് വസ്ത്രവ്യാപാരികളും
(അബ്ദുല്‍ബാരി, മാനേജിങ് ഡയരക്ടര്‍, ഫാമിലി വെഡിങ്)
ലോക്ക് ഡൗണ്‍ കാരണം വസ്ത്ര വ്യാപാരികളും ലോക്കാണ്. കഴിഞ്ഞ സീസണുകളില്‍ നിപാ, അടുത്തടുത്തായി വന്ന പ്രളയങ്ങള്‍ എന്നിവയില്‍നിന്ന് കരകയറുമ്പോഴേക്കും വീണ്ടും പ്രതിസന്ധിയിലാക്കിയാണ് കോവിഡ് കടന്നുവരുന്നത്. വസ്ത്ര വ്യാപാരത്തില്‍ മാര്‍ച്ച് മാസത്തിലുള്ള പരീക്ഷകള്‍ കഴിയുന്നതോടെ വിവാഹ സീസണുകളാണ്. അത് കഴിഞ്ഞു ഈസ്റ്റര്‍, വിഷു, ചെറിയ പെരുന്നാള്‍. ഈ സീസണുകളാണ് കോവിഡ് കാരണം നഷ്ട്ടപ്പെട്ടിരിക്കുന്നത്.
സീസണ്‍ മുന്‍കൂട്ടി കണ്ട് വസ്ത്രവ്യാപാരികള്‍ ലോണ്‍ എടുത്തും, അല്ലാതെയും കോടികള്‍ മുടക്കിയുമാണ് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നും സ്റ്റോക്ക് എടുത്തിരിക്കുന്നത്, എന്നാല്‍ വാങ്ങി സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങളില്‍ ഒന്നുപോലും വില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് വന്നുചേര്‍ന്നത്. ഭീമമായ സാമ്പത്തിക നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാവുന്നത്.
സര്‍ക്കാര്‍ കെട്ടിട വാടക കുറയ്ക്കണമെന്ന് പറഞ്ഞതിനാല്‍ ചിലര്‍ വാടക ഒഴിവാക്കിയെങ്കിലും പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. അതുപോലെ മാര്‍ച്ച് 21 മുതല്‍ ഫാമിലി വെഡിങ് അടച്ചിരുന്നു. എന്നിട്ടും മാര്‍ച്ച് മാസത്തിലെ ശമ്പളം കൊടുത്തു. ബാക്കിയുള്ള മാസങ്ങളില്‍ എല്ലാ ജീവനക്കാരനും എങ്ങനെ ശമ്പളം കൊടുക്കുമെന്നതും ചിന്തനീയമാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹകരണവും സഹായങ്ങളുമാണ് വ്യാപാരികളുടെ നിലനില്‍പ്പ്. അതിനായുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്. കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ എടുക്കാത്തത് കൊണ്ട് കഴിഞ്ഞ രണ്ട് മാസങ്ങളിലെ ആവറേജ് ബില്ലിന് പകരം മീറ്റര്‍ വാടകയോ ഫിക്‌സഡ് ചാര്‍ജോ അടക്കാം.
അല്ലാതെ ഷോപ്പ് തുറക്കാത്ത സമയത്തു ആവറേജ് തുക അടക്കാന്‍ പറയുന്നത് ന്യായമല്ല. ഷോപ്പ് തുറക്കുന്ന സമയത്തിന് മുന്‍പ് കുറഞ്ഞ പലിശയില്‍ ദീര്‍ഘനാളത്തേക്ക് വ്യാപാരലോണ്‍ അനുവദിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നഷ്ടകണക്കെടുപ്പിനു സമാനമായ സൂചികയുടെ അടിസ്ഥാനത്തില്‍ വാടക കുറച്ചു വാങ്ങാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും
ലോക്ക് ഡൗണില്ല
(ഷംസുദ്ദീന്‍ നെല്ലറ, നെല്ലറ ഗ്രൂപ്പ്)
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് യാത്രകള്‍ക്കും മറ്റ് ആള്‍ക്കൂട്ട പരിപാടികള്‍ക്കുമാണ്. അല്ലാതെ നമ്മുടെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും യാതൊരുവിധ വിലക്കുകളുമില്ല. കുടുംബത്തോടൊപ്പമാണെങ്കിലും കൂട്ടുകാര്‍ക്കൊപ്പമാണെങ്കിലും ഈ ഒഴിവ് സമയം ആരും പാഴാക്കി കളയരുത്.
ലോക്ക് ഡൗണിന് ശേഷം നമ്മുടെ ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും സാമ്പത്തിക പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണമെന്നും ഒരു രൂപമുണ്ടാക്കി വയ്ക്കുക.
നാട്ടിലെ പല കച്ചവടങ്ങളും സ്വന്തം കെട്ടിടത്തിലോ, വാടക കെട്ടിടത്തിലോ ആയിരിക്കും നടക്കുന്നത്. കെട്ടിട ഉടമസ്ഥരുമായി സംസാരിച്ചാല്‍ ഇതിനൊരു പരിഹാര മാര്‍ഗം കണ്ടെത്താനാവും.
എന്നാല്‍ വര്‍ഷത്തേക്ക് ഒരുമിച്ച് ചെക്ക് കൊടുക്കുന്നത് കൊണ്ട് തന്നെ ഗള്‍ഫ് നാടുകളിലുള്ള വാടകയുടെ കാര്യം അല്‍പ്പം ബുദ്ധിമുട്ടിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കില്‍ സ്റ്റാഫിനെ പറഞ്ഞ് മനസ്സിലാക്കുകയും, തരണം ചെയ്യാനുള്ള കഴിവുണ്ടെങ്കില്‍ കഴിയുംവിധം സ്റ്റാഫുകളെ സഹായിക്കുകയും ചെയ്യുക. കാരണം നമ്മുടെ ബിസിനസ്സിന്റെ നട്ടെല്ല് അവരാണ്.
നാട്ടിലുള്ള സ്റ്റാഫിനെ ലീവ് കൊടുത്ത് വീട്ടിലിരുത്താമെങ്കിലും വിദേശത്തുള്ളവര്‍ക്ക് വെറുതെ റൂമുകളില്‍ ഇരിക്കുകയാണെങ്കിലും ഭക്ഷണത്തിനും വാടകയ്ക്കുമായി ഒരു വലിയ തുക തന്നെ കരുതേണ്ടതുണ്ട്.
ദുബൈയില്‍ തന്നെ ഒരുപാട് പേര്‍ തൊഴിലില്‍ നിന്നും പിരിച്ചുവിടപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ പിടിച്ച്! നില്‍ക്കാന്‍ പറ്റാത്ത ഒരുപാട് സ്ഥാപനങ്ങള്‍ അടിപതറുന്നത് കൊണ്ട് തന്നെ ഈ അവസരത്തില്‍ തരണം ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധ്യതകളേറെയാണ്.
തിരിച്ചടിയല്ല;
കൂടുതല്‍ സാധ്യതകള്‍
(സി. നുവൈസ്, ഇംപെക്‌സ് ഗ്രൂപ്പ്)
മനസ്സും, ശരീരവും റിഫ്രെഷ് ചെയ്യാന്‍ ഇത്രത്തോളം മികച്ച ഒരു അവസരം അടുത്തകാലത്തൊന്നും ലഭിച്ചിട്ടില്ല. ഏറെകാലത്തിനു ശേഷമാണ് മിക്കവാറും ആളുകള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്. പ്രത്യേകിച്ച് ബിസിനസുകാര്‍. ലോക്ക് ഡൌണിലൂടെ പുതിയ ശീലങ്ങളിലാണ് മനുഷ്യന്‍ എത്തിപ്പെട്ടത്, അവ കുറെ കാലമെങ്കിലും തുടരാണ് സാധ്യത ആയതിനാല്‍ മാറിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ സമീപനങ്ങളിലേക്കും ശൈലികളിലേക്കും നാം മാറേണ്ടിവരും.
കോവിഡിന്റെ അനുരണങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം വിനോദ സഞ്ചാരം, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ മറ്റു സന്ദര്‍ശങ്ങള്‍ എന്നിവയെല്ലാം കുറയും. കൂടുതല്‍ സമയം ആളുകള്‍ വീടുകളില്‍ ഇരിപ്പാവും അത് വീട്ടുപകരണങ്ങള്‍ സാധ്യത വര്‍ധിപ്പിക്കും, ഇംപെക്‌സിന് ഒരു വീട്ടിലേക്ക് വേണ്ട ഉപകരണങ്ങളുടെ വലിയ ഒരു നിര തന്നെയുണ്ട്.
അടുക്കള ഉപകരണങ്ങള്‍, ടി.വി, എ.സി, ഫാനുകള്‍ പോലുള്ള ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ തുടങ്ങി മുന്നൂറില്‍പരം ഉല്‍പന്നങ്ങള്‍ കമ്പനിയുടേതായിട്ടുണ്ട്. അതിനാല്‍ വരുംകാലങ്ങളില്‍ തിരിച്ചടിയല്ല, കൂടുതല്‍ സാധ്യതകളുണ്ടാവാനാണ് ഇടയുള്ളത്. അതേസമയം വിപണിയില്‍ ബിസിനസിന് 20-25 ശതമാനം കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. ആളുകളില്‍ ചെലവുകള്‍ അത്യാവശ്യത്തിന് മാത്രം എന്ന നിലയിലേക്ക് ചിന്താഗതി രൂപപ്പെടാനിടയുള്ളതാണ് കാരണം, അത് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനതന്ത്രം ആവിഷ്‌ക്കരിക്കേണ്ടിവരും.
കൂടാതെ പുതിയ രീതിയായ 'വര്‍ക്ക് അറ്റ് ഹോം' എന്നതിന്റെ സാധ്യതകളും ഗുണവശങ്ങളും തിരിച്ചറിഞ്ഞ കമ്പനികള്‍ അത് തുടരാന്‍ സാധ്യതയുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ വിപുലമായ ഉപയോഗം ബിസിനസ് രംഗത്തേക്കും പെട്ടെന്ന് വ്യാപിച്ചു. അതുകൊണ്ട് തന്നെ ഓണലൈന്‍ ഷോപ്പിങ് സാര്‍വ്വത്രികമാകും, ആയതിനാല്‍ അവ വഴിയുള്ള ഉപകരണങ്ങളുടെ വിപണന സാധ്യതയും ഏറുകയും ചെയ്യും.
പുതിയ തന്ത്രങ്ങള്‍
മെനഞ്ഞെടുക്കാനുള്ള അവസരം
(മുഹമ്മദ് മദനി, എ.ബി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ്)
ബിസിനസില്‍ വര്‍ക് അറ്റ് ഹോം ആയും കാര്യങ്ങള്‍ ചെയ്യാം. അക്കൗണ്ട് സംബന്ധമായ കാര്യങ്ങളും ഐടി സംബന്ധമായ കാര്യങ്ങളും അതാത് ജീവനക്കാരാണ് നടത്തുന്നത്. ഗ്രൂപ്പിന് കീഴിലുള്ള തളിപ്പറമ്പിലെ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് ഹോം ഡെലിവറിയുമായി രംഗത്തുണ്ട്. വാട്ട്‌സ്ആപ്പിലൂടെയും ഫോണിലൂടെയും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് അവശ്യവസ്തുക്കള്‍ അതാതിടങ്ങളില്‍ എത്തിക്കുന്നു. ജീവനക്കാരുമായി വിഡിയോ കോളിലൂടെ ബന്ധപ്പെടും. പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള സമയമായാണ് ലോക്ക് ഡൗണിനെ കാണുന്നത്. ഇതൊരവസരമാണെന്ന് കരുതുന്നു. ബിസിനസില്‍ ഏറ്റവും മോശം സമയം എങ്ങനെ കൈകാര്യം ചെയ്യാമെന്ന പാഠമാണ് ഇതിലൂടെ ലഭിക്കുന്നത്.
ജീവിതത്തില്‍ ആകെ കിട്ടിയൊരു ഒഴിവു സമയമെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. വീടിനകത്ത് ഫിറ്റ്‌നസും ആരോഗ്യവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. യൂട്യൂബടക്കമുള്ള ചാനലുകളിലൂടെ പുതിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനും പുസ്തകങ്ങള്‍ വായിക്കാനും ഇപ്പോള്‍ സമയം കിട്ടുന്നുണ്ട്. മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാനും സാധിക്കുന്നു. ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ ഈ ഇടവേള സഹായിക്കുന്നുണ്ട്.
പ്രതിസന്ധി കൊറോണ മാത്രമല്ല, ഒന്നിനു പിറകേ മറ്റൊന്നായി വന്നേക്കാം. സംരംഭകര്‍ അവയൊക്കെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും പുതിയ പദ്ധതികള്‍ തയാറാക്കാനും ഉപയോഗപ്പെടുത്തണം. പുതിയ മേഖലകളിലേക്ക് കടക്കാനുള്ള ധൈര്യം ആര്‍ജിക്കണം. സാമൂഹ്യ സുരക്ഷയെ കരുതിയുള്ള ഈ അടച്ചിടലിനെ അതിജീവിക്കാന്‍ നമുക്കാവും. എസ്റ്റ്ാബ്ലിഷ്ഡ് ആയ, സേവന മികവും മികച്ച വിലയും നല്‍കാനാവുന്ന കമ്പനികള്‍ക്ക് എല്ലായ്‌പ്പോഴും നിലനില്‍ക്കാനാകും. സപ്ലൈ കുറയുകയും ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യുന്നൊരു പ്രതിഭാസമാണ് മുന്നിലുള്ളത്. സംരംഭകരെ സംബന്ധിച്ച് അവസരമാണത്. ഏറ്റവും താഴെക്കിടയിലുള്ള സ്വയംതൊഴിലെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കല്ല, ഇടത്തരം സംരംഭങ്ങളാണ് വെല്ലുവിളികള്‍ നേരിടുക. എങ്കിലും ഉയര്‍ന്ന വോള്യത്തില്‍ കോസ്റ്റ് എഫക്റ്റീവായ ഉല്‍പ്പന്നമോ സേവനമോ നല്‍കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."