ടെലിമെഡിസിനിലും ഡാറ്റാ ചോര്‍ച്ച വിവാദം:ടോള്‍ ഫ്രീ സേവനം ഐ.ടി വകുപ്പിന്റെ ഔദ്യോഗിക കോള്‍ സെന്ററിലേക്കു മാറ്റി
കോഴിക്കോട് :സ്പ്രിംക്‌ളര്‍ വിവാദം സര്‍ക്കാറിനെ പിടിച്ചുലക്കവെ സംസ്ഥാനത്തെ ജനങ്ങളുടെ വ്യക്തി ആരോഗ്യ വിവരങ്ങള്‍ മറ്റൊരു കമ്പനിക്കും കൈമാറ്റം ചെയ്തതായി വീണ്ടും ആരോപണം. സംസ്ഥാന സര്‍ക്കാര്‍ ടെലിമെഡിസിന്‍ സേവനത്തിനു പങ്കാളിയാക്കിയ Quikdr മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ടാണ് ദുരൂഹത.
രണ്ടുമാസം മുമ്പു മാത്രം തുടങ്ങിയ ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഒരു സുരക്ഷാ കരാറുമില്ലാതെ ഐ.ടി.വകുപ്പ് ടെലിമെഡിസിനുള്ള ചുമതല നല്‍കിയതെന്നാണ് ആരോപണം. സ്പ്രിംക്‌ളര്‍ വിവാദം വന്നതോടെ ടെലിമെഡിസിന്‍ സേവനം കമ്പനി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വിവരം ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. സ്പ്രിംക്‌ളറിനേക്കാള്‍ ദുരൂഹമാണ് ഈ ഇടപാടെന്നാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു.പി.നായര്‍ ഫേസ് ബുക്കിലൂടെ ആരോപിച്ചത്.
കേരളത്തില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം 2020 ഫെബ്രുവരി 19നാണ് ക്വിക് ഡോക്ടര്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതേദിവസം തന്നെ ഇതേ കമ്പനിയിലെ ഡയറക്ടര്‍മാര്‍ അംഗങ്ങളായി മറ്റൊരു ധനകാര്യ കമ്പനിയും രജിസ്റ്റര്‍ ചെയ്തു. ടെലിമെഡിസിന്‍ രംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുകയും വ്യക്തിആരോഗ്യവിവരങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന് സ്വന്തമാക്കുകയുമാണ് ഈ ഇടപാടിന് പിന്നിലെന്നാണ് പ്രധാന ആക്ഷേപം.
ലോക്ക് ഡൗണിനെ തുടര്‍ന്ന് രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാനുള്ള ബുദ്ധിമുട്ട് പരിഹരിച്ച് ടെലിമെഡിസിന്‍ സംവിധാനമൊരുക്കുന്നുവെന്ന് ഏപ്രില്‍ ഒന്നിനാണ് മുഖ്യമന്ത്രി
പ്രഖ്യാപിച്ചത് . എന്നാല്‍, സ്വകാര്യകമ്പനിയാണ് ഇതിനുള്ള സേവനമൊരുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. www.quick drhealthcare.com എന്ന വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏപ്രില്‍ ഏഴിനാണ്. അതവാ മുഖ്യമന്ത്രി ഈ ആപ്പ് തന്റെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു ഏഴു ദിവസം കഴിഞ്ഞ്.
ഈ കമ്പനിക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് ഐ.ടി. മിഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു കത്തുനല്‍കിയിരുന്നു. എന്നാല്‍ ഐ.എം.എ. കമ്പനി പ്രതിനിധികളുമായി ചര്‍ച്ചനടത്തിയിട്ടില്ല. പകരം, ഐ.ടി. സെക്രട്ടറിയാണ് ഐ.എം.എ. ഭാരവാഹികളുമായി ഇതു സംബന്ധിയായി ചര്‍ച്ചനടത്തിയത്.
ഐ.എം.എ.സെന്ററുകളില്‍ സേവന സന്നദ്ധരായി വന്ന 230 ഡോക്ടര്‍മാരുടെ പട്ടിക അവര്‍ നല്‍കുകയും ചെയ്തു. ഇവര്‍ക്ക് സോഫ്റ്റ് വെയര്‍ സംബന്ധിച്ച് പ്രാഥമികകാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തത് ഐ.ടി. മിഷന്റെ വൊളന്റിയര്‍മാരായിരുന്നു. പിന്നാലെ, ക്വിക് ഡോക്ടര്‍ വെബ്‌സൈറ്റിലൂടെ കോള്‍സെന്റര്‍ നമ്പര്‍ നല്‍കി. 6070 കോളുകളെങ്കിലും സേവനം തേടി ഇതിലേക്ക് വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍, സ്പ്രിംക്‌ളര്‍ വിവാദം രൂക്ഷമായതോടെ ഈ സേവനം മുടങ്ങി. ഇപ്പോള്‍ കോള്‍സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ കിട്ടില്ല. കമ്പനിയുടെ സേവനത്തെക്കുറിച്ച് പല ഡോക്ടര്‍മാരും ഐ.എം.എ. ഭാരവാഹികളോട് സംശയം പ്രകടിപ്പിച്ചിരുന്നു. സേവനം കാര്യക്ഷമമല്ലെന്ന് പലരും വ്യക്തമാക്കിയതോടെ ഐ.എം.എ. നേരിട്ട് ടെലിമെഡിസിന്‍ സേവനം തുടങ്ങുകയും ചെയ്തു.
ടെലിമെഡിസിന്‍ രംഗത്തോ സര്‍ക്കാരിന് മറ്റുസേവനങ്ങള്‍ ലഭ്യമാക്കുന്നതിലോ ഈ കമ്പനിക്ക് മുന്‍പരിചയമില്ല. ഐ.എം.എ. സ്വന്തംനിലയില്‍ സൗജന്യമായി ഈ സേവനം ലഭ്യമാക്കുമെങ്കില്‍, എന്തിന് പെട്ടെന്നുണ്ടാക്കിയ ഒരു സ്വകാര്യകമ്പനിയുമായി ഐ.ടി.വകുപ്പ് എത്തിയെന്നതും ദുരൂഹത സൃഷ്ടിക്കുന്നു.
പ്രവര്‍ത്തന പരിചയം പോലുമില്ലാത്ത, പൊടുന്നനെ രൂപംകൊണ്ട സ്വകാര്യ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ത്തതാണ് വിമര്‍ശകര്‍ക്കു ശക്തി പകരുന്നത്. അതേസമയം സാമൂഹികപ്രതിബദ്ധതകൊണ്ടാണ് ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചതെന്നാണ് ക്വിക്ക് ഡോക്ടര്‍ കമ്പനി പ്രതിനിധിയുടെ പ്രതികരണം. ഇതിന്റെ ഡേറ്റയെല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അവര്‍ വ്യക്തമാക്കുന്നു.
ഐടി മിഷന്‍ നല്‍കുന്ന ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിവന്നിരുന്ന ടോള്‍ ഫ്രീ സേവനം ഐടി വകുപ്പിന്റെ ഔദ്യോഗിക കോള്‍ സെന്ററിലേക്കു മാറ്റിയതായി ഐടി മിഷന്‍ ഡയറക്ടര്‍ എസ്. ചിത്ര അറിയിച്ചു.ഡോക്ടര്‍മാരുടെ കണ്‍സല്‍റ്റേഷന്‍ സമയം, പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സംശയനിവാരണം തുടങ്ങിയവ മാത്രമാണ് ടോള്‍ ഫ്രീ നമ്പറില്‍ നല്‍കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കു സ്വകാര്യ വിവരങ്ങള്‍ ഒന്നും കാണാനാവില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
ടെലിമെഡിസിന്‍ സംവിധാനത്തിനുള്ള quikdr ¹mävt^mw സൗജന്യമായി നല്‍കുന്നതാണ്. ഇത്തരമൊരു പ്ലാറ്റ്‌ഫോം സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
സൗജന്യമായി നല്‍കാന്‍ സന്നദ്ധത അറിയിച്ച രണ്ടു സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നു പര്‍ച്ചേസ് കമ്മിറ്റിയാണു പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്തതെന്നാണ് ഐടി മിഷന്റെ വാദം. വിവരങ്ങള്‍ സംസ്ഥാനത്തിന്റെ ഡേറ്റാ സെന്ററിലാണു സൂക്ഷിക്കുന്നതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
ഈ വെബ്‌സൈറ്റില്‍ കേരള സര്‍ക്കാരിന്റെ മുദ്ര ഉള്‍പ്പടെ ആധികാരികതയ്ക്കുള്ള എല്ലാ ചേരുവകളും ഉണ്ടെന്നും ഈ ഇടപാട് സംബന്ധിച്ച കരാര്‍ പുറത്തു വിടണമെന്നുമാണ് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആവശ്യപ്പെട്ടത്.
ഈ സേവനം ലഭ്യമാക്കുവാന്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ മുന്നോട്ടു വന്നിരുന്നു. അവരെയെല്ലാം ഒഴിവാക്കി എന്ത് കൊണ്ട് ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത Quikdr എന്ന സ്ഥാപനത്തിന് ഇത് നല്‍കി? ആരാണ് ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്? ഈ ടെലിമെഡിസിന്‍ സംവിധാനത്തില്‍ വന്ന കോളുകളിലൂടെ വ്യക്തികളുടെ വിവരങ്ങളും, മെഡിക്കല്‍ ഹിസ്റ്ററിയും ശേഖരിച്ചിട്ടുണ്ട്. എവിടെയാണ് ഈ വിവരങ്ങള്‍ സ്റ്റോര്‍ ചെയ്തിരിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി പറയണമെന്ന് രാജു.പി.നായര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."