നിരോധനം നടപ്പിലായില്ല; മരുന്ന് പ്ലാസ്റ്റിക് ബോട്ടിലില്‍ തന്നെ
മലപ്പുറം: പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലും മരുന്നുവില്‍പ്പന പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ. ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2014 ഒക്ടോബറില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ മരുന്ന് സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന കര്‍ശനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.
ആറുമാസത്തിനകം നിര്‍ദേശം നടപ്പാക്കണമെന്നായിരുന്നു വിജ്ഞാപനം. വിജ്ഞാപനം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നിരോധനം മാത്രം നടപ്പിലായില്ല. രാജ്യത്തെ ഏറ്റവും ഉന്നതമായ ഔഷധ സാങ്കേതിക ഉപദേശകസമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം. കുട്ടികളുടെയും വനിതകളുടെയും ആരോഗ്യത്തിനാണ് ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നത്. മരുന്നിലടങ്ങിയ ഈയം, കാഡ്മിയം, മെര്‍ക്കുറി എന്നിവ പ്ലാസ്റ്റിക്കുമായി ലയിച്ച് മാരക രാസവസ്തുവായി മാറുമെന്നും ഇത് കാന്‍സര്‍, വളര്‍ച്ചാപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വിദഗ്ധാഭിപ്രായം. പ്ലാസ്റ്റിക് കുപ്പികളില്‍ മരുന്ന് വളരെക്കാലം ഇരിക്കുന്നതും, ചൂടും തണുപ്പും മാറിമാറി വരുന്ന കാലാവസ്ഥയും അപകടസാധ്യത വര്‍ധിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്ലാസ്റ്റിക് കുപ്പികളില്‍ മരുന്ന് വിതരണം ചെയ്യേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമപ്രകാരമുള്ള ശിക്ഷ നല്‍കാനും തീരുമാനിച്ചിരുന്നു. ഗ്ലാസ് കുപ്പികളാണ് മുന്‍പ് ഉപയോഗിച്ചിരുന്നതെങ്കിലും ലാഭം നോക്കി പ്ലാസ്റ്റിക്, പോളിത്തിലിന്‍ ടെറഫ്താലേറ്റ് കുപ്പികളിലേക്കു മാറുകയായിരുന്നു പിന്നീട് മരുന്നുകമ്പനികള്‍. നിരോധനം നടപ്പിലായാല്‍ ചെലവ് വര്‍ധിക്കുമെന്നതിനാല്‍ വിജ്ഞാപനം പുറത്തുവന്നതുമുതല്‍ അതിനെതിരേയുള്ള നീക്കം വിവിധ മരുന്നുകമ്പനികള്‍ ആരംഭിച്ചു. നിരോധനമുണ്ടാക്കുന്ന നഷ്ടം നികത്താന്‍ മരുന്നുവില കൂട്ടേണ്ടിവരുമെന്നാണ് കമ്പനികളുടെ വാദം. വാര്‍ധക്യകാല രോഗങ്ങളുടെ ഔഷധങ്ങള്‍ക്കും കുട്ടികളുടെയും ഗര്‍ഭിണികളുടെയും മരുന്നുകള്‍ക്കും പ്ലാസ്റ്റിക് കുപ്പികള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്നു. ഗര്‍ഭം ധരിക്കാന്‍ സാധ്യതയുള്ള വനിതകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ സിറപ്പ് വിപണിയിലെത്തുന്നത്. ഇതില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളിലാണ്.
ചില്ലുകുപ്പികളിലേക്കുള്ള തിരിച്ചുപോക്ക് വലിയ നഷ്ടം വരുത്തുന്നതോടൊപ്പം വില്‍പ്പനശാലകളില്‍ എത്തുമ്പോഴേക്കും നശിക്കുന്നതായും അവര്‍ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിലെ മരുന്ന് ജീവന് ഹാനികരമാണെന്നതിന് ശാസ്ത്രീയ പിന്‍ബലമില്ലെന്ന വാദവും മരുന്നുകമ്പനികള്‍ ഉയര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."