HOME
DETAILS
MAL
മേഖല ഏതായാലും ചേര്‍ത്തുപിടിക്കേണ്ടത് സര്‍ക്കാര്‍
backup
April 20 2020 | 08:04 AM
ബിസിനസ് സങ്കല്‍പങ്ങള്‍
മാറ്റി എഴുതിയ കാലം
(എ.വി അനൂപ്, മാനേജിങ് ഡയരക്ടര്‍, എ.വി.എ ഗ്രൂപ്പ്
ഓഫ് കമ്പനീസ്)
സര്‍ക്കാര്‍ അവശ്യവസ്തുക്കളായി പ്രഖ്യാപിച്ച വിഭാഗത്തിലുള്ളവയാണ് ഞങ്ങളുടെ ഉല്‍പന്നങ്ങളെല്ലാം. സോപ്പ്, ഹാന്‍ഡ് വാഷ്, മസാലപ്പൊടികള്‍ തുടങ്ങിയവയാണ് പ്രധാന ഉല്‍പന്നങ്ങള്‍.
അതുകൊണ്ടുതന്നെ, ലോക്ക് ഡൗണ്‍ തുടങ്ങി ആദ്യ ഒരാഴ്ചയ്ക്കകം ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചു. പക്ഷേ, അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നവര്‍ക്ക് ഈ അനുമതി ലഭിച്ചതുമില്ല. അത് ഉല്‍പാദനത്തെ ബാധിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിതമായുണ്ടായ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ടാര്‍ഗറ്റ് തികക്കല്‍, കളക്ഷന്‍ തുടങ്ങിയവയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
തിരക്കുകള്‍ കാരണം മാറ്റിവച്ച ഇഷ്ടങ്ങളും ലോക്ക് ഡൗണ്‍ കാലത്ത് പൊടിതട്ടി എടുത്തിട്ടുണ്ട്. പുല്ലാങ്കുഴല്‍ വായനയാണ് ഒന്ന്. ഒപ്പം തിരക്കുകാരണം വായിക്കാന്‍ കഴിയാതെ മാറ്റിവച്ച പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍കൂടി ആയതിനാല്‍ സംഘടനാ തലത്തിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് സഹായങ്ങളെത്തിക്കാനും ഈ സമയം ഉപയോഗപ്പെടുത്തുകയാണ്.
തിരിച്ചറിവുകളുടെ കാലം കൂടിയാണിത്. ഒരുസ്ഥലത്ത് വലിയ കെട്ടിട സമുച്ചയവും അവിടെ കുറേ മാനേജര്‍മാരുമുണ്ടെങ്കിലേ ബിസിനസ് മുന്നോട്ടുപോകൂ എന്ന സങ്കല്‍പംതന്നെ മാറുകയാണ്. മാനേജര്‍മാര്‍ക്ക് വീട്ടിലിരുന്നുതന്നെ ബിസിനസ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് വര്‍ക്ക് അറ്റ് ഹോം രീതി വ്യക്തമാക്കിത്തരുന്നു. സാഹചര്യത്തിന്റെ അനിവാര്യത മനസിലാക്കിയാണ് ജീവനക്കാരും പെരുമാറുന്നത്. കൊവിഡാനന്തര കാലത്ത് തൊഴില്‍ സംസ്‌കാരത്തില്‍തന്നെ മാറ്റമുണ്ടാകും. ഒരുവലിയ പ്രതിസന്ധി നേരിടുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നതിന്റെ വലിയ പാഠങ്ങളാണ് ഈ അനുഭവം നല്‍കുന്നത്.തൊഴിലാളികളെ ഒപ്പം നിര്‍ത്തുക എന്നത് പ്രധാനമാണ്. അവരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ പാടില്ല.
എന്നാല്‍, അനാവശ്യ ചെലവുകളെല്ലാം വെട്ടിച്ചുരുക്കേണ്ടിവരും. ഈ പ്രതിസന്ധി എത്രനാള്‍ നീളുമെന്ന് നമുക്കറിയില്ല. എന്നാല്‍, ഭാവിയില്‍ ഇത്തരത്തിലൊരു പ്രതിസന്ധി വന്നാല്‍ എങ്ങനെ നേരിടണമെന്ന് ഇത് നമുക്കൊരു അനുഭവ പാഠമാണ്.
എല്ലാ ഉല്‍പാദന കേന്ദ്രങ്ങളും ഒരു സ്ഥലത്തുതന്നെ കേന്ദ്രീകരിക്കുന്നത് അപകടമാണെന്നാണ് കൊവിഡ്കാലം പഠിപ്പിക്കുന്നത്. ഒരു സംസ്ഥാനമോ പ്രദേശമോ പെട്ടെന്ന് ലോക്ക് ഡൗണായാല്‍ ആ കച്ചവടം തന്നെ സ്തംഭിച്ചുപോകും.
വിവിധ സംസ്ഥാനങ്ങളില്‍ ഉല്‍പാദന ശാലകളും ഗോഡൗണ്‍ സൗകര്യങ്ങളും ഉള്ളതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം രക്ഷയായത്. അതുകൊണ്ടുതന്നെ, സംസ്ഥാനാതിര്‍ത്തികള്‍ അടക്കുന്നത് വഴിയുള്ള പ്രശ്‌നങ്ങളും നേരിടേണ്ടിവന്നില്ല.
ഐ.ടി മേഖലയിലുണ്ടാകുക തളര്‍ച്ചയും വളര്‍ച്ചയും
(തസ്‌ലീം ടി.പി, മാനേജിങ് ഡയരക്ടര്‍, വേ ടു നികാഹ്)
ചൈനയിലെ വുഹാനില്‍ തുടങ്ങി ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് 19 വ്യവസായങ്ങളെയെല്ലാം തകിടം മറിക്കുകയാണ്. കൊവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ നിശ്ചലമായപ്പോള്‍ എല്ലാ വ്യവസായങ്ങളുടെയും അഭിവാജ്യ ഘടകമായ ഐ.ടി മേഖലയും ഒരിക്കലും അനുഭവിക്കാത്ത വിധമുള്ള പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഐ.ടി മേഖലയുടെ വികാസം ലോകത്തിന്റെ അതിരുകളെ ഇല്ലാതാക്കുന്നതായിരുന്നു. ലോകതലത്തില്‍ കൊവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യയിലെ ഐ.ടി മേഖലയെ ഗുരുതരമായാണ് ബാധിക്കുക.
ഇന്ത്യന്‍ ഐ.ടി കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും വഹിക്കുന്ന യു.എസിനെയും യൂറോപ്പിനെയുമാണ് കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇനി അവരെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യവുമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ ഐ.ടി ബജറ്റുകള്‍ വെട്ടിക്കുറക്കുമെന്ന് ഉറപ്പാണ്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ മന്ദഗതിയിലാക്കുകയും പുതിയവ തുടങ്ങാതിരിക്കുകയും ചെയ്യും. ഇത് ഇന്ത്യയിലെ ഐ.ടി കമ്പനികളെയാണ് ബാധിക്കുക. ജോലിക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതിനും ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനും ഇന്ത്യയിലെ കമ്പനികള്‍ നിര്‍ബന്ധിതരാകും.
അതേസമയം വലിയ നഷ്ടം ഐ.ടി മേഖല നേരിടുമെന്ന് കണക്കുകൂട്ടുമ്പോള്‍ തന്നെ ഐ.ടി മേഖല പഴയ നിലയിലേക്ക് തിരിച്ചു വരുന്നതിനുള്ള സാധ്യതയുമുണ്ട്. മറ്റു പല വ്യവസായങ്ങളെയും സംബന്ധിച്ചിടത്തോളം ഒരിക്കല്‍ പ്രതിസന്ധി നേരിട്ടാല്‍ തിരിച്ചുവരവ് അത്രയെളുപ്പമല്ല. എന്നാല്‍ ഐ.ടി ഇന്‍ഡസ്ട്രി കുറച്ചുകൂടി എളുപ്പത്തില്‍ പൂര്‍വസ്ഥിതി കൈവരിക്കാറുണ്ട്. ചിലപ്പോള്‍ നേരത്തേതിനേക്കാള്‍ മികച്ച നിലയിലേക്ക് എത്താനും സാധ്യതയുണ്ട്. നേരത്തെ നേരിട്ട പ്രതിസന്ധികളെക്കാള്‍ കനത്തതാണ് ഇത്തവണത്തേതെങ്കിലും കൊവിഡ് കാരണം ലോകക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ ഐ.ടി വ്യവസായത്തില്‍ പല പുതിയ സാധ്യതകളും തുറന്നുവയ്ക്കുന്നുണ്ട്. റോബോട്ടിക്‌സ്, ഓട്ടോമേഷന്‍, ഹെല്‍ത്ത്, ഡിജിറ്റലൈസേഷന്‍ തുടങ്ങിയ മേഖലകളില്‍ ഭാവിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരും. മാറുന്ന ലോകത്തിന് ആവശ്യമുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇവിടെയുള്ള കമ്പനികള്‍ പ്രാപ്തമായാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഐ.ടി വ്യവസായം കൂടുതല്‍ തിളക്കത്തോടെ മുന്നോട്ട് കുതിക്കും.
കൊവിഡ് നല്‍കിയ പ്രഹരത്തില്‍നിന്ന് മുക്തമാകാന്‍ ഐ.ടി മേഖലക്ക് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ആവശ്യമാണ്. വാടക ഇളവ്, നികുതി ഇളവ്, ശമ്പളത്തിന് സബ്‌സിഡി തുടങ്ങിയ റിലീഫ് പാക്കേജുകള്‍ ഐ.ടി മേഖലയുടെ ഉത്തേജനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. മേഖല തിളക്കത്തോടെ നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമായതിനാല്‍ അതിന് വേണ്ട നടപടികള്‍ നമ്മുടെ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.
നിയന്ത്രണങ്ങള്‍ നീങ്ങിയാലും
പ്രശ്‌നങ്ങള്‍ അവസാനിക്കില്ല
(എന്‍. കുഞ്ഞാലന്‍ ഹാജി, മാനേജിങ് ഡയരക്ടര്‍, ഗ്രാന്റ് ട്രേഡേഴ്‌സ് വെളിമുക്ക് )
നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യാപാരമാണ് ടൈല്‍സ് ആന്‍ഡ് സാനിറ്ററി വെയര്‍ ബിസിനസ്. സ്വന്തം തൊഴിലാളികള്‍ക്ക് പുറമെ ടൈല്‍സ് പതിക്കുന്നവര്‍ അടക്കമുള്ളവര്‍ കൂടി ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടിക്കടി മാറിവരുന്ന മോഡലുകളും സാനിറ്ററി ഡിജിറ്റലൈസേഷനുമെല്ലാമുള്ള മേഖല കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്.
മലബാര്‍ മേഖലയില്‍ പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍ ഗള്‍ഫ് മേഖലയെ ആശ്രയിച്ച് കഴിയുന്ന ആളുകളാണ് ഭൂരിഭാഗവും. അടുത്ത ഏതാനും വര്‍ഷങ്ങളായി ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മലബാര്‍ മേഖലയെ സാമ്പത്തികമായി ബാധിക്കുകയും ഇത് നിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
കൊവിഡും ഇതിനു മുന്‍പ് നിപയും തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളും പ്രളയവുമെല്ലാം മറ്റു മേഖലകളെ ബാധിച്ച പോലെ ഈ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. അതില്‍നിന്ന് മുക്തമായി വരുന്നതിനിടെയാണ് ഇപ്പോള്‍ 'കൊവിഡ് 19' എന്ന കരിനിഴല്‍ വീണത്. കേരളത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീങ്ങിയതുകൊണ്ടുമാത്രം ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. ടൈല്‍സ്, സാനിറ്ററി വെയര്‍, അനുബന്ധ വസ്തുക്കള്‍, പ്ലമ്പിങ് മെറ്റീരിയല്‍സ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ കൊറോണയുടെ പിടിയില്‍നിന്നും മുക്തമാകാന്‍ ഇനിയും മാസങ്ങളെടുക്കും.
ഫാക്ടറികളെല്ലാം അടഞ്ഞു കിടക്കുകയാണ്. മിക്ക സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും ചൈനയെയാണ് ആശ്രയിക്കുന്നത്. പൂര്‍വസ്ഥിതിയിലെത്താന്‍ ഇനിയും ഒരു വര്‍ഷത്തോളമെടുക്കും. പെട്ടെന്ന് ലോക്ക് ഡൗണിലേക്ക് മാറിയപ്പോള്‍ നിത്യചെലവിനു പോലും പണമില്ലാതെ പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. ടൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു തൊഴിലാളികളെ സംരക്ഷിക്കേണ്ട ചുമതലകൂടി സ്ഥാപനങ്ങള്‍ക്ക് വന്നുചേര്‍ന്നു.
ലേബര്‍ രജിസ്‌ട്രേഷനും പി.എഫും ഇ.എസ്.ഐയുമൊക്കെയുള്ള തൊഴിലാളികള്‍ക്ക് നാമമാത്ര സഹായം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം എല്ലാവര്‍ക്കും ഉറപ്പു വരുത്തേണ്ടതുണ്ട്.
ഗുജറാത്തില്‍നിന്ന് വന്ന ആയിരക്കണക്കിന് കണ്ടൈനറുകള്‍ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. ഇത്രയും ദിവസത്തെ ഭീമമായ ഗ്രൗണ്ട് ചാര്‍ജ് നല്‍കിയാല്‍ മാത്രമേ കണ്ടൈനര്‍ കടത്തിവിടൂ. ഇതില്‍ സര്‍ക്കാര്‍ ഇടപെടണം. വൈദ്യുതിയിനത്തില്‍ ഫിക്‌സഡ് ചാര്‍ജായി വലിയൊരു സംഖ്യ വൈദ്യുതി ബോര്‍ഡ് ഈടാക്കുന്നുണ്ട്.
ഇത് കുറക്കണം. കെട്ടിട ഉടമകള്‍ വാടക കാര്യം പരിഗണിക്കണം. ഈ മേഖലയില്‍ ഭൂരിഭാഗം ആളുകളും ബാങ്കില്‍ നിന്ന് ലോണെടുത്ത് ബിസിനസ് ചെയ്യുന്നവരാണ്. സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമ്പോള്‍ പലിശ ബാധ്യതയുണ്ടാവും. ബാങ്കിന്റെ മൊറട്ടോറിയം ഉണ്ടെങ്കിലും പലിശയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജി.എസ്.ടി, തൊഴില്‍ വകുപ്പ് എന്നിവയുടെ ഫീസുകളും ജി.എസ്.ടി വകുപ്പിന്റെ ഭീഷണികളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഓരോ സ്ഥാപനത്തിലും ഒന്നിലേറെ വാഹനങ്ങളുണ്ട്.
ഇന്‍ഷുറന്‍സ്, ടാക്‌സ്, ക്ഷേമനിധി കാര്യങ്ങളിലും ഓരോ സ്ഥാപനങ്ങള്‍ക്കും അനുകൂലമായ തീരുമാനമെടുത്താല്‍ മാത്രമേ ഇനി ഈ മേഖലയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."