അഭിഭാഷകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസ്: പ്രതികളെ വെറുതെ വിട്ടു
പയ്യോളി: കോഴിക്കോട് ബാറില്‍ പ്രാക്ടീസ് ചെയ്യുന്ന ചെങ്ങോട്ട്കാവിലെ അഡ്വ: മുസ്തഫയെ വധിക്കുന്നതിന് 25 ലക്ഷം ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ സ്ത്രീയടക്കം ഏഴ് പ്രതികളെ കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന മൂടാടി സില്‍ക്ക് ബസാറിലെ നടുവിലക്കണ്ടി ഷംസുദ്ദീനായിരുന്നു കേസിലെ പ്രധാന പ്രതി. ഷംസുദ്ദീന്റെ പിതാവ് അബൂബക്കര്‍, കിനാലൂരിലെ കിഴക്കോത്ത് ഉണ്ണിരാജന്‍, മകന്‍ പ്രജീഷ്, മുത്തേരിക്കുളങ്ങര ഹരിദാസന്‍, കോരങ്ങാട് കന്നുകട്ടിപ്പാറ രാധാമണി, ഭര്‍ത്താവ് നാരായണന്‍ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍. 2014ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അഡ്വ: മുസ്തഫയുടെ ഭാര്യയെ സ്വന്തമാക്കാനും സ്വത്ത് കൈക്കലാക്കാനും ഒന്നാം പ്രതിയായ ഷംസുദ്ദീന്‍ പിതാവ് അബൂബക്കറുമായി യോജിച്ച് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു കേസ്. ഷംസുദ്ദീന്റെ മൂടാടിയിലെയും വിദേശത്തെയും വീട്ടില്‍ ജോലിക്കാരിയായ രാധാമണിയുമായി ഷംസുദ്ദീന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇവരുടെ ഭര്‍ത്താവ് നാരായണനുമായി ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്‌തെന്നും പൊലിസ് കണ്ടെത്തിയിരുന്നു.
അന്നത്തെ സിറ്റി പൊലിസ് കമ്മിഷണര്‍ എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. പട്രോളിങ്ങിനിടെ ചേവായൂര്‍ പൊലിസ് കേസിലെ പ്രതികളായ ഉണ്ണിരാജന്‍, മകന്‍ പ്രജീഷ് എന്നിവരെ അഡ്വ: മുസ്തഫയുടെ ഫോട്ടോയും ഒരു ലക്ഷം രൂപയുമായി പിടികൂടിയിരുന്നു. എന്നാല്‍ കേസിലെ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി പ്രതികളെ വെറുതെ വിട്ടു. വിചാരണമധ്യേ കേസിലെ പ്രതിയും ഷംസുദ്ദീന്റെ പിതാവുമായ അബൂബക്കര്‍ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."