വരാപ്പുഴ കസ്റ്റഡി മരണം: നിയമോപദേശം ലഭിക്കാത്തത് രേഖാമൂലം തേടാത്തതിനാല്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ മുന്‍ എസ്.പി എ.വി.ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇതുവരെ രേഖാമൂലം തേടിയിട്ടില്ലെന്ന് വിവരം. കേസില്‍ എ.വി ജോര്‍ജിനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഇതിനാണ് നിയമോപദേശം വൈകിപ്പിക്കുന്നതെന്നുമുള്ള ആരോപണത്തിനിടയിലാണ് ഇക്കാര്യം പുറത്തുവരുന്നത്.
കഴിഞ്ഞ മാസം 17നാണ് അന്വേഷണസംഘം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയതെന്നാണ് വിവരം. എന്നാല്‍ ഇതുവരെ നിയമോപദേശം ലഭിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ജോര്‍ജിനെ രണ്ടു തവണ അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നിയമോപദേശം ലഭിച്ചാല്‍ മാത്രമേ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ച് തീരുമാനമാകൂ. അന്വേഷണ സംഘം ഫോണിലൂടെ മാത്രമാണ് നിയമോപദേശം തേടിയതെന്നും ഇത് സംബന്ധിച്ച ഫയലുകള്‍ ഒന്നും തന്നെ കൈമാറിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫിസ് വ്യക്തമാക്കി. ഫയല്‍ കിട്ടിയാലുടന്‍ മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ട ശ്രീജിത്തിനെ ജോര്‍ജ് മര്‍ദിച്ചിട്ടില്ലെന്നതിനാല്‍ കൊലക്കുറ്റം ചുമത്താനാകുമോ എന്നാണ് പൊലിസ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ആരാഞ്ഞ പ്രധാന സംശയം. കൂടാതെ, ജോര്‍ജ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്(ആര്‍.ടി.എഫ്) രൂപീകരിച്ചത് ചട്ടവിരുദ്ധമായാണെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ ബോധ്യപ്പെട്ടിരുന്നു.
പിന്നീട് ആര്‍.ടി.എഫ് പിരിച്ചു വിടുകയും ചെയ്തു. ആര്‍.ടി.എഫ് അംഗങ്ങളാണ് ശ്രീജിത്തിനെ മര്‍ദിച്ചത്. ഇവര്‍ ശ്രീജിത്തിനെ മര്‍ദിക്കുന്നത് തടയാതിരുന്ന എസ്.പി കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിയാക്കാമോയെന്നും അന്വേഷണ സംഘം ആരാഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടില്ല. തെളിവില്ലാതാക്കാന്‍ പൊലിസുകാര്‍ വ്യാജമൊഴി ഉണ്ടാക്കിയതിലും അന്വേഷണം നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."