എടത്തല മര്‍ദനം: പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യാത്തത് അംഗീകരിക്കാനാവില്ല: ചെന്നിത്തല
ആലുവ: എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ മര്‍ദിക്കാന്‍ നേതൃത്വം കൊടുത്ത പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യാത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിലുള്‍പ്പെട്ട പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡി.ജി.പിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇവരെ സംരക്ഷിക്കുന്ന സമീപനം ഒരിക്കലും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല. ക്രൂരമര്‍ദനത്തിന് ഇരയായ ഉസ്മാനെതിരേ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തപ്പോള്‍ യുവാവിന്റെ കവിളെല്ല് തല്ലിയൊടിച്ച പൊലിസുകാര്‍ക്കെതിരേ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചുമത്തിയത് അംഗീകരിക്കാനാവില്ല.
വിഷയത്തില്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ അപമാനിക്കുകയാണ് ചെയ്തത്. ആലുവയെന്താ സ്വതന്ത്ര റിപ്പബ്ലിക് ആണോയെന്ന് ചോദിച്ചതിന് പിന്നിലെ ദുഃസൂചന എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആലുവക്കാരെമുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന പിന്‍വലിക്കണം. കുറ്റക്കാരായ പൊലിസുകാരെ ഇപ്പോള്‍ ട്രെയിനിങിന് അയച്ചിരിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അവരെ അയക്കേണ്ടത് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ്. ഉസ്മാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യമുന്നയിച്ച് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. താനും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
ഉസ്മാന്റെ മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഉസ്മാനായിരുന്നു വീടിന്റെ ഏക ആശ്രയമെന്ന് മാതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞു. ചികിത്സാ ചെലവ് സര്‍ക്കാരിനെക്കൊണ്ട് വഹിപ്പിക്കാമെന്നും, അല്ലെങ്കില്‍ എം.എല്‍.എ നേരിട്ട് വഹിക്കുമെന്നും ഉറപ്പ് നല്‍കി. ചെന്നിത്തല രാജഗിരി ആശുപത്രിയിലെത്തി ഉസ്മാനെ സന്ദര്‍ശിക്കുകയും ഭാര്യയോട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് ടി.ജെ വിനോദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."