ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവ്
ആത്മാവിനെ ശുദ്ധീകരിച്ചെടുക്കാനുള്ള പുണ്യമാസമാണല്ലോ ഇത്. ശരീരത്തെ താല്‍ക്കാലികമായി പട്ടിണിക്കിട്ട് ആത്മാവിനെ ഊട്ടേണ്ട മാസം. പക്ഷേ, നാം പലപ്പോഴും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ പട്ടിണിക്കിടുകയാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം അനാവശ്യ കാര്യങ്ങള്‍ ഉപേക്ഷിക്കല്‍ കൂടിയാണ് നോമ്പ്. മര്‍യംബീവിയും സകരിയ്യ നബിയും വ്രതം അനുഷ്ഠിക്കാന്‍ തീരുമാനമെടുത്ത വിവരം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. തുടര്‍ന്ന് അവര്‍ പറയുന്നത് 'ആയതിനാല്‍ ഞാനിന്ന് ഒരു മനുഷ്യനോടും സംസാരിക്കില്ല' എന്നാണ്. വളരെ ശ്രദ്ധിക്കേണ്ടൊരു കാര്യമാണിത്. പകല്‍ സമയം മുഴുവന്‍ പട്ടിണി കിടക്കുന്നൊരാള്‍, അന്നപാനീയങ്ങളുപേക്ഷിക്കുകയും വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യുകയും അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ എന്തുണ്ട് പ്രയോജനം? സോഷ്യല്‍ മീഡിയയുടെ കാലമാണല്ലോ, ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമോ അസത്യമോ എന്ന് അന്വേഷിക്കാതെ മറ്റുള്ളവരിലേക്ക് വ്യാപകമായി അയച്ചുകൊടുക്കുന്നു. പൂര്‍ണമായി വായിക്കുകയോ കാണുകയോ പോലും ചെയ്യാതെയാണ് പലതും പ്രചരിപ്പിക്കുന്നത്. വിശുദ്ധ റമദാനില്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് കടുത്ത പാപമാണ്. റമദാനില്‍ പ്രതിഫലം അനേക ഇരട്ടി വര്‍ധിക്കുന്നതു പോലെ ഈ മാസത്തില്‍ പാപങ്ങള്‍ ചെയ്യുന്നതും അതീവ ഗൗരവമുള്ള കാര്യമാണ്.
ദാനധര്‍മങ്ങളുടെ മാസമാണ് റമദാന്‍. വലതുകൈ ചെലവഴിക്കുന്നത് ഇടതുകൈ അറിയാതെ ആയിരിക്കണം. ആയിരങ്ങള്‍ ചെലവഴിച്ച് ഷോപ്പിങ് നടത്തുന്നവര്‍ അത്രയും തുകയോ അതില്‍ കുറഞ്ഞതോ മസ്ജിദിന് സംഭാവന ചെയ്യുമ്പോള്‍ അത് കൊട്ടിഘോഷിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ഉപകാരത്തിലേറെ ഉപദ്രവമാണ് വരുത്തിവയ്ക്കുക.
അവസാനത്തെ പത്തിലെ ഒറ്റയിട്ട രാത്രികളിലൊന്നിലാണ് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലതുല്‍ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഈ പത്തിലെ ഓരോ രാത്രിയും ആരാധനയും പ്രാര്‍ത്ഥനയും കൊണ്ട് ധന്യമായാലേ ആ സൗഭാഗ്യം ഉറപ്പിക്കാനാവൂ. ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നതില്‍ മനുഷ്യന്‍ സന്തോഷം കണ്ടെത്തുന്നു. കുടുംബം പുലര്‍ത്താനും വീട് വയ്ക്കാനും വാഹനങ്ങള്‍ വാങ്ങാനും കഷ്ടപ്പെടുന്നതില്‍ ആര്‍ക്കും ആവലാതിയില്ല. കുടുംബത്തെ നല്ല രീതിയില്‍ സംരക്ഷിക്കുന്നത് ഉത്തമമായ കാര്യം തന്നെ. പക്ഷേ, ആരാധനാനുഷ്ഠാനങ്ങളിലും ഈ ത്യാഗമനസ്‌കതയും സന്തോഷ മനോഭാവവും ഉണ്ടായാലേ കാര്യമുള്ളൂ. ജോലിയുടെ ഭാഗമായി ഉറക്കമൊഴിക്കുന്നവരെ ധാരാളം കാണാം. പക്ഷേ, ഇത്രക്ക് ഉത്തമമായ ഒരു രാത്രി സര്‍വശക്തനായ സ്രഷ്ടാവ് വാഗ്ദാനം ചെയ്തിട്ടും അത് മുതലെടുക്കാന്‍ നമ്മള്‍ അലസത കാണിക്കുകയാണ്. ഈ അലംഭാവം വിട്ട് നമ്മള്‍ ഉണര്‍ന്നേ മതിയാവൂ.
വിശുദ്ധമായൊരു മാസമാണ് കഴിഞ്ഞുപോവുന്നത്. ഇനിയുള്ള ഓരോ നിമിഷവും വിനിയോഗിക്കുന്നത് ജാഗ്രതയോടെ ആവണം. ഈ സുവര്‍ണാവസരം പാഴായിപ്പോവാന്‍ ഇടവരരുത്. അങ്ങനെ റമദാന്‍ മാസത്തെ ഇബാദത് കൊണ്ട് ധന്യമാക്കിയ സംതൃപ്തിയോടെ സന്തോഷപൂര്‍വം ഈദുല്‍ ഫിത്വറിനെ നമുക്ക് വരവേല്‍ക്കാം.
(ബഗ്ദാദില്‍ ജനിക്കുകയും പഠിക്കുകയും ചെയ്ത ശൈഖ് അഫീഫുദ്ദീന്‍ ജീലാനി വാഗ്മിയും കര്‍മശാസ്ത്ര പണ്ഡിതനുമാണ് .
ഇപ്പോള്‍ മലേഷ്യയിലെ ക്വലാംലപൂരില്‍ മതാധ്യാപകനാണ്)
മൊഴിമാറ്റം: സുഹൈല്‍ ഹുദവി വിളയില്‍
(ഇന്നലെ പ്രസിദ്ധീകരിച്ച ഹകീം മുറാദിന്റെ ലേഖനം
മൊഴിമാറ്റം നടത്തിയത് മിദ്‌ലാജ് റഹ്മാനി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."