മരുന്നുകളെക്കുറിച്ച് പരസ്യം ചെയ്യുന്ന മേഖലയില്‍നിന്ന് വിദേശികള്‍ പുറത്ത്
റിയാദ്: മരുന്നുകളെക്കുറിച്ച് പരസ്യം ചെയ്യുന്ന മേഖലയില്‍നിന്നു സഊദിയില്‍ വിദേശികളെ പൂര്‍ണമായും വിലക്കി. സഊദി ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയാണ് ഈ മേഖല സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തിയത്. മരുന്നുകളെക്കുറിച്ചു പരസ്യം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന മുഴുവന്‍ മേഖലയില്‍നിന്നും ഇതോടെ വിദേശികള്‍ ഒഴിവാക്കപ്പെടും. ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി ഡയരക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്വദേശികളായ ഫാര്‍മസിസ്റ്റുകള്‍ ലഭ്യമാണെന്ന് നേരത്തെതന്നെ അതോറിറ്റി സി.ഇ.ഒ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയുടെ കീഴിയിലുള്ള വിവിധ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്നോണം മരുന്ന് പരസ്യമേഖലയില്‍നിന്നു വിദേശികളെ ഒഴിവാക്കിയത്.
പതിനാലുവര്‍ഷം മുന്‍പുതന്നെ ഇത്തരത്തിലൊരു നിയമംകൊണ്ട് വന്നിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. ഈ മേഖലയില്‍ ലൈസന്‍സുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ഇത്തരത്തിലുള്ള സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രം ആരോഗ്യമന്ത്രിക്ക് ഇളവ് ചെയ്തു കൊടുക്കാവുന്നതാണെന്നും പതിനാലു വര്‍ഷം മുന്‍പ് അംഗീകരിച്ച ഫാര്‍മസ്യൂട്ടിക്കല്‍ നിയമത്തിലെ പതിനൊന്നാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഈ നിയമം കര്‍ശനമായി തുടരാനാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."