മിസൈല്‍ ആക്രമണത്തില്‍ സഊദിയില്‍ മൂന്നുമരണം
റിയാദ്: രാജ്യത്തെ അതിര്‍ത്തി പ്രദേശമായ ജിസാനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. യമനിലെ വിമത വിഭാഗമായ ഹൂതികളാണ് ആക്രമണം നടത്തിയത്. ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍നിന്നു ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യസേന അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് മിസൈല്‍ ആക്രമണം നടന്നതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ജിസാന്‍ ഗവര്‍ണറേറ്റിന് കീഴിലെ മൂന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യമനിലെ അവശേഷിക്കുന്ന ഹൂതിവിമതരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സഖ്യസേന ആക്രമണം ശക്തമാക്കി.
തന്ത്രപ്രധാനമായ ഹുദൈദ തുറമുഖം പിടിച്ചെടുക്കാനായി കനത്ത പോരാട്ടമാണ് നടക്കുന്നതെന്ന് അന്താഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലിന് തീരത്തെ ഈ പ്രദേശം പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ സഖ്യസേന ഏകദേശം അടുത്തായി നിലയുറപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാന തുറമുഖ നഗരത്തിലെ ആക്രമണങ്ങള്‍ തടയുന്നതിന് വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന ശ്രമിക്കുന്നതിനിടയിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. പോരാട്ടത്തില്‍ യമന്‍ സൈന്യത്തിലെ കേണല്‍ റിദ്വാന് അല്‍ വസാബി കൊല്ലപ്പെട്ടതായി യമന്‍ സൈന്യം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."