ഇറാഖില്‍ ബാലറ്റ് പേപ്പര്‍ സൂക്ഷിപ്പു കേന്ദ്രത്തില്‍ വന്‍ തീപിടിത്തം
ബഗ്ദാദ്: ഇറാഖിലെ ഏറ്റവും വലിയ ബാലറ്റ് പേപ്പര്‍ സൂക്ഷിപ്പുകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകള്‍ സൂക്ഷിച്ച കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. വോട്ടെണ്ണല്‍ മാറ്റിനടത്താന്‍ തീരുമാനിച്ചതിനു പിറകെയാണു സംഭവം. ഇത് സംഭവത്തില്‍ ദുരൂഹത ഉണര്‍ത്തുന്നുണ്ട്.
കിഴക്കന്‍ ബഗ്ദാദിലെ റുസാഫ ജില്ലയിലെ ബാലറ്റ് ബോക്‌സുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മെയ് 12നു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാറ്റിനടത്താന്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.
അഗ്നിശമന സേനയും മറ്റു സന്നദ്ധ സംഘങ്ങളും എത്തിയെങ്കിലും മുഴുവന്‍ ബാലറ്റ് പേപ്പറുകളും കത്തിനശിച്ചതായാണു വിവരമെന്ന് ബഗ്ദാദ് പ്രവിശ്യ കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ റബീഅ് പറഞ്ഞു. തീപിടിത്തത്തിനു കാരണം ഇതുവരെ വ്യക്തമല്ല. എന്നാല്‍, ഏതാനും രേഖകള്‍ തീപിടിത്തത്തില്‍ നശിച്ചെങ്കിലും ബാലറ്റ് പേപ്പറുകളിലേക്കു തീപടരാതിരിക്കാന്‍ അഗ്നിശമനസേന പരിശ്രമിക്കുന്നതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ ശീഈ നേതാവ് മുഖ്തദാ സദര്‍ അപ്രതീക്ഷിത വിജയം നേടിയിരുന്നു. 328 അംഗ പാര്‍ലമെന്റില്‍ സദറിന്റെ സഖ്യം 54 ഇടത്താണു വിജയിച്ചത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ പാര്‍ട്ടി ഞെട്ടിപ്പിക്കുന്ന പരാജയം നേരിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."