ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ നാല് പേര്‍ക്ക്; യു.പിയില്‍ വീണ്ടും മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു
ലഖ്‌നൗ: ഓകിസിജന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 72 കുട്ടികള്‍ മരിച്ച് പത്ത് മാസത്തിനകം യു.പിയില്‍ ആശുപത്രിയില്‍ ജീവനക്കാരുടെ പിഴവില്‍ വീണ്ടും ശിശു മരണം. ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ നാല് കുട്ടികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി (കെ.ജി.എം.യു) ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു.
ശനിയാഴ്ചയാണ് സംഭവം. അധികൃതരുടെ അനാസ്ഥ പുറത്തറിയിക്കാതിരിക്കാന്‍ ആശുപത്രി ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഒരു സ്ട്രക്ചറിലെ ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ നാല് കുഞ്ഞുങ്ങള്‍ക്കാണ് നല്‍കിയത്. കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ട്രോമ സെന്ററില്‍നിന്ന് ശിശു വിഭാഗത്തിലേക്ക് 500 മീറ്റര്‍ വ്യത്യാസമുണ്ട്. ശിശു വിഭാഗത്തിലേക്ക് എത്തിയ നഴ്‌സ് നാല് ശിശുക്കളെയും ഒരു ഓക്‌സിജന്‍ സിലിണ്ടറില്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കുട്ടികളും മരിച്ചു. ശിശുക്കളെ കൊണ്ടുവരുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നാണ് ഡോക്ടറുടെ വാദം.
എന്നാല്‍, ശിശുക്കളെ വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ അവര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടിയെന്നും ഇക്കാര്യം നഴ്‌സിനോട് ചൂണ്ടിക്കാട്ടിയെങ്കിലും പരിഗണിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് കെ.ജി.എം.യു ആശുപത്രിയിലെ തൊഴിലാളികള്‍ സമരത്തിന് പോയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് രോഗികള്‍ മരിച്ചിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരും പ്രദേശത്തുകാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സമരം നടത്തിയത്. എന്നാല്‍ തങ്ങളുടെ വീഴ്ചയാലല്ല ശിശുക്കള്‍ മരിച്ചതെന്നും ഒരാള്‍ ഹൃദയാഘാതത്താലും മറ്റുള്ളവര്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയറില്‍ പ്രവേശിപ്പിച്ച ശിശുക്കളായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കെ.ജി.എം.യു അധികൃതര്‍ ഉത്തരവിട്ടു. നഴ്‌സ് ഉത്തരവാദിയാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും ചികിത്സാ പിഴവിനാല്‍ ജനങ്ങള്‍ മരിക്കുകയാണെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലുണ്ടായ ദുരന്തത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ലെന്ന് അദ്ദേഹ പറഞ്ഞു.
എയര്‍കണ്ടീഷന്‍ കേടായതിനെ തുടര്‍ന്ന് കാണ്‍പൂര്‍ ഹാല്ലറ്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അഞ്ച് രോഗികള്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രി അധികൃതരുടെ വീഴ്ചയാല്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."