കോളില്‍നിന്ന് നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു
പൊന്നാനി: കോള്‍ മേഖലയിലെ നാടന്‍ മത്സ്യങ്ങളില്‍ വലിയൊരു വിഭാഗം കുറഞ്ഞുവരുന്നതായി പഠനങ്ങള്‍. കോള്‍ മേഖലയിലെയും ജലാശയങ്ങളിലെയും ജൈവസമ്പത്തിലെ വലിയൊരു വിഭാഗമാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നത്.
ശേഷിക്കുന്നവയാകട്ടെ, കടുത്ത വംശനാശ ഭീഷണിയിലുമാണെന്നു 2010 മുതലുള്ള പഠനങ്ങള്‍ പറയുന്നു. തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഹെക്ടര്‍ കണക്കിനു വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കോള്‍മേഖലയിലെ ഉള്‍നാടന്‍ ജലസമ്പത്ത് ഗണ്യമായ അളവില്‍ കുറയുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരുകാലത്തു നൂറിലേറെ ഇനം മത്സ്യങ്ങളുടെയും ജീവജാലങ്ങളുടെയും കേന്ദ്രമായിരുന്നു കോള്‍പാടങ്ങള്‍.
കോള്‍പാടങ്ങളില്‍ നല്ലൊരു സ്ഥലത്തും നാടന്‍ മുഷിവംശം ഇല്ലാതായെന്നാണ് മത്സ്യഗവേഷകനായ ഡോ. സി.പി ഷാജിയുടെ പഠനത്തില്‍ കണ്ടെത്തിയത്. പ്രജനന കാലത്തെ അശാസ്ത്രീയ മീന്‍പിടിത്തവും വഴിയടയ്ക്കുന്ന തരത്തിലുള്ള ബണ്ട് നിര്‍മാണങ്ങളുമാണ് നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകാന്‍ കാരണം. കളനാശിനികളുടെ വ്യാപകമായ ഉപയോഗവും ഇതിനു കാരണമാകുന്നുണ്ട്.
നാടന്‍ മത്സ്യങ്ങളായ ആരകന്‍, മുണ്ടത്തി, വാലേകൊടിയന്‍, കാരി, വരാല്‍, കല്ലുത്തി എന്നിവയില്‍ ഒരു തരം പുണ്ണുരോഗം വ്യാപകമാണ്. രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ കാരണമാണിത്. വളര്‍ത്തു മത്സ്യങ്ങളായ ആഫ്രിക്കന്‍ മുഷി, തിലാപ്പിയ എന്നിവയും നാടന്‍ മത്സ്യങ്ങള്‍ക്കു വെല്ലുവിളിയാണ്. കോള്‍മേഖലയിലെ മത്സ്യസമ്പത്തിനെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പ് നടപടികള്‍ ശക്തമാക്കുന്നുണ്ട്. ഇതുപ്രകാരം കോള്‍പടവുകളില്‍ മീന്‍പിടിക്കാന്‍ ലൈസന്‍സ് വേണം. പൊതു ജലാശയങ്ങളില്‍നിന്നു മീന്‍ പിടിക്കാനും ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."