ആരോഗ്യപ്രവര്‍ത്തകര്‍ക്കും കരുതല്‍ വേണം
കൊവിഡ് രോഗബാധിതരുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കാവലാളുകളായി വര്‍ത്തിച്ച അനേകം ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് വിവിധ രാജ്യങ്ങളിലായി ഇതിനകം മരണപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചത് യൂറോപ്പിലാണ്. ഇറ്റലിയില്‍ മാത്രം 11000 ത്തോളം പേരാണ് രോഗി പരിചരണത്തിനിടയില്‍ രോഗ ബാധിതരായി മാറിയത്. 100ല്‍ പരം ഡോക്ടര്‍മാര്‍ മരിക്കുകയും രണ്ട് നഴ്‌സുമാര്‍ മാനസിക സംഘര്‍ഷം മൂലം അവിടെ ആത്മഹത്യ ചെയ്യുകയുമുണ്ടായി. മരണം പേമാരിയായി പെയ്തിറങ്ങിയ അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളിലെ ജീവന്‍ രക്ഷകരും സമാനമായ ദുരവസ്ഥയിലാണ്. മൂന്ന് ഡോക്ടര്‍മാര്‍ മരിക്കുകയും മുംബൈയിലെ വൊഖാര്‍ഡ് ആശുപത്രിയിലെ 74 മലയാളി നഴ്‌സ്മാരുള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായതിനെ തുടര്‍ന്ന് ഇന്ത്യയുടെ സ്ഥിതിയും പരുങ്ങലിലാണ്.
കൊറോണ രോഗത്തെ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് ചൈനയിലെ നേത്രരോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ ലീ വെന്‍ലിയാങ്ങായിരുന്നു. ഡിസംബറില്‍ തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ പുതിയ തരം വൈറസ് ബാധയെ അദ്ദേഹം തിരിച്ചറിഞ്ഞു. 2002ല്‍ പടര്‍ന്ന സാര്‍സ് വൈറസിനോട് കിടപിടിക്കും വിധം രോഗവ്യാപന സാധ്യതയുണ്ടെന്നായിരുന്നു ലീ വെന്‍ലിയാങ് നല്‍കിയ അപായസൂചനകള്‍. വ്യാജ പ്രചാരകനെന്ന് മുദ്രകുത്തി ലീയുടെ വായ മൂടികെട്ടാനാണ് അന്ന് പലരും ശ്രമിച്ചത്. ചികിത്സക്കിടയില്‍ കൊറോണ ബാധിതനായി ഡോക്ടര്‍ ഫെബ്രുവരി ഏഴിനായിരുന്നു മരണപ്പെട്ടത്. മരണാനന്തരം ലീയുടെ കുടുംബത്തോട് ചൈനീസ് സര്‍ക്കാര്‍ ക്ഷമാപണം നടത്തുകയുണ്ടായി. കൊറോണ വൈറസ് മൂലം മരിച്ച മുഴുവനാളുകളെയും സ്മരിച്ച് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം ദേശീയ ദുഃഖാചരണം നടത്തിയപ്പോള്‍ ലീ ഉള്‍പ്പെടെ 12 ആരോഗ്യ പ്രവര്‍ത്തകരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു.
ഒരു കൂട്ടം ഡോക്ടര്‍മാരുടെയും മാലാഖമാര്‍ എന്ന് വിളിക്കപ്പെടുന്ന നഴ്‌സുമാരുടെയും നിസ്വാര്‍ഥമായ സേവനങ്ങളാണ് മരണസംഖ്യ ഇപ്പോഴും തടഞ്ഞു നിര്‍ത്തുന്നത്. ഇറ്റലിയില്‍ കൊവിഡ് രോഗം ഏറ്റവും കൂടുതലായി ബാധിച്ച ലംബാര്‍ഡി മേഖലയില്‍ രക്ഷകരായെത്തിയത് അതിര്‍ത്തികള്‍ താണ്ടിയെത്തിയ ക്യൂബയിലെ ഡോകടര്‍മാരായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും വീടുകള്‍ കയറിയിറങ്ങിയാണ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. 610 പേര്‍ മരിച്ച അയര്‍ലന്‍ഡില്‍ ആരോഗ്യമേഖലയില്‍ നിന്ന് വിട്ടു പോയ ആരോഗ്യ പ്രവര്‍ത്തകരോട് മടങ്ങി വരാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ഒരിക്കല്‍ അഴിച്ചു വെച്ച ഡോക്ടറുടെ കുപ്പായമണിഞ്ഞ് ആദ്യമായി രംഗത്തെത്തിയത് പ്രധാനമന്ത്രി ലിയോ വരദ്ക്കറായിരുന്നു. ആതുര ശുശ്രൂഷകനായി പ്രധാനമന്ത്രി തന്നെ എത്തിയതോടെ 60,000ത്തിലധികം പേരാണ് സര്‍ക്കാരിനെ നേരിട്ട് സേവന സന്നദ്ധത അറിയിച്ചത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാര്‍ വീണ്ടും സേവന രംഗത്തിറങ്ങണമെന്ന് നമ്മുടെ ഭരണകൂടവും ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് അംഗങ്ങളായ ഡോ. മഹേശ് ശര്‍മയും ഡോ. സഞ്ജയ് ജയ്‌സാളും മഹാരാഷ്ട്രയില്‍ നിന്നുള്ള കോര്‍പ്പറേഷന്‍ അംഗമായ ഡോ. സീഷാന്‍ ഹുസൈനുമെല്ലാം സ്റ്റെതസ്‌കോപ്പും വെള്ളകുപ്പായവുമണിഞ്ഞ് സര്‍ക്കാരിന്റെ യജ്ഞത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ പ്രമുഖരാണ്.
ലോകത്തിലെ ഓരോ ആരോഗ്യപ്രവര്‍ത്തകനും ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രീറ്റസിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ ബാധ്യതയുള്ളവരാണ്. 'എന്റെ പ്രാപ്തിയും ഗ്രാഹ്യവും അനുസരിച്ച് രോഗബാധിതരായവരുടെ പ്രയോജനത്തിന് വേണ്ടി ഉചിതമായ ഭക്ഷണക്രമം നിര്‍ദേശിക്കുകയും അവരെ ഞാന്‍ ദ്രോഹത്തില്‍ നിന്നും അനീതിയില്‍ നിന്നും സംരക്ഷിക്കും. ആവശ്യപ്പെട്ടാല്‍ പോലും മരണകരമായ ഒരൗഷധം കൊടുക്കുകയോ അത്തരമൊരൗഷധം നിര്‍ദേശിക്കുകയോ ചെയ്യില്ല. സമാനമായി ഒരു സ്ത്രീക്കും ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കൊടുക്കില്ല. എന്റെ ജീവിതവും എന്റെ വിദ്യയും നിര്‍മലതയോടെയും വിശുദ്ധിയോടെയും കാത്തുകൊള്ളും'. രോഗിയുടെ മതമോ ജാതിയോ സാമ്പത്തിക ഉച്ച നീചത്വമോ ഡോക്ടറെ സംബന്ധിച്ച് ചികിത്സക്ക് തടസമാവാന്‍ പാടില്ല. രാജസ്ഥാനിലെ ഭരത്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്ത മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പ്രത്യേക മതത്തില്‍ പെട്ടതിനാല്‍ ഗര്‍ഭിണിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ആംബുലന്‍സില്‍വച്ച് പ്രസവിച്ചുവെങ്കിലും കുഞ്ഞ് മരിച്ചു. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാനാണ് ഡോക്ടറുടെ മതവിവേചനത്തെ പറ്റി വെളിപ്പെടുത്തിയത്. ഡോ. മൊനീത് വാലയാണ് യുവതിക്ക് ചികിത്സ നിഷേധിച്ചതെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് തന്നെ രംഗത്തെത്തുകയുണ്ടായി.
ബിഹാറിലെ അനുഗ്രഹ് നാരായണ്‍ മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ വെച്ച് ഡോക്ടറുടെ ക്രൂരമായ ബലാത്സംഗത്തിനിരയായി യുവതിയുടെ ജീവനും പൊലിയുകയുണ്ടായി. വിളക്കുതെളിച്ച് കൊറോണയെ നാടുകടത്താമെന്ന് കപടശാസ്ത്രം നിരത്തിയത് പത്മശ്രീ അവാര്‍ഡ് ജേതാവും ഐ.എം.എയുടെ മുന്‍ പ്രസിഡന്റുമായ കെ.കെ അഗര്‍വാളായിരുന്നു. രോഗികള്‍ക്ക് മാത്രമല്ല നൈതികത മറക്കുന്ന ഡോക്ടര്‍മാര്‍ക്കും സാമൂഹ്യവും മാനസികവുമായ ചികിത്സ ആവശ്യമാണെന്നാണ് മനുഷ്യത്വരഹിത സംഭവങ്ങള്‍ വിളിച്ചു പറയുന്നത്.
കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പല സ്ഥലങ്ങളിലും അക്രമങ്ങള്‍ക്കിരയാവുകയാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ അവരിലൂടെ രോഗം പകരുമെന്ന മിഥ്യാധാരണ മൂലമാണ് അക്രമിക്കപ്പെടുന്നത്. അമേരിക്കയിലെ ഒക്ക്‌ലഹോമയില്‍ യൂണിഫോം ധരിച്ച് ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്‌സ് വെടിയേറ്റു മരിക്കുക വരെയുണ്ടായി. ഡല്‍ഹി, മുംബൈ, യു.പി, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ പല സ്ഥലങ്ങളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ താമസ സ്ഥലത്ത് നിന്ന് ആട്ടിയിറക്കിയതായും മര്‍ദിച്ചതായുമുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എയിംസിലെ ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ വായ്ത്താരികള്‍ കൊണ്ട് പ്രധാനമന്ത്രി ഉപദേശപ്രസംഗം നടത്തിയതല്ലാതെ കുറ്റമറ്റ രീതിയില്‍ പ്രയോഗികമായ നടപടികള്‍ കൈക്കൊള്ളാന്‍ നാളിതുവരെയായി കഴിഞ്ഞിട്ടില്ല. ശുശ്രൂഷക്കിടയില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി പിടിച്ച് ന്യൂയോര്‍ക്കിലെ കിക്ക് മെഡിസിനിലെ നഴ്‌സുമാര്‍ നടത്തിയ സമരം അവഗണന തുടരുന്ന ഭരണകൂടങ്ങള്‍ക്ക് മുന്നറിയിപ്പായിരുന്നു.
കാണാത്ത ശത്രുവിനോട് യുദ്ധം ചെയ്യേണ്ട സൈനികരായ ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുമെല്ലാം നിരായുധരാണ്. സുരക്ഷാ വസ്ത്രങ്ങളുടെയും മാസ്‌കിന്റെയും അഭാവത്തില്‍ റെയിന്‍കോട്ടുകളും ഹെല്‍മറ്റും ധരിച്ച് ചികിത്സ നടത്താന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ ആരോഗ്യ പ്രവര്‍ത്തകരെ മരണക്കയത്തിലേക്ക് തള്ളിവിടാതെ പരിരക്ഷ ഒരുക്കാന്‍ ഇനിയെങ്കിലും ഭരണകൂടം ഉണരേണ്ടതുണ്ട്. സാധ്യമാവാത്ത പക്ഷം കൊറോണയുടെ സമൂഹവ്യാപന ഘട്ടത്തില്‍ രാഷ്ട്രത്തിന് കാലിടറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."