കൊവിഡിനെ തോല്‍പ്പിക്കുന്ന വര്‍ഗീയ വൈറസുകള്‍
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും കൊവിഡിന് ജാതിയോ മതമോ ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തുകയുണ്ടായി. കൊവിഡ് വിവേചനമില്ലാതെ എല്ലാവരെയും ബാധിക്കുമെന്നും അതിനു മതമോ വര്‍ഗമോ നിറമോ ഭാഷയോ നോട്ടമില്ലെന്നും ഈ അവസരത്തില്‍ ഐക്യവും സമാധാനവുമാണ് പ്രധാനമെന്നും അതു നിലനിര്‍ത്തണമെന്നും പൊതുവായ കാര്യങ്ങളില്‍ ഒരുമിച്ചു നിന്ന ചരിത്രമാണ് ഇന്ത്യയുടേതെന്നും അതു തുടരണമെന്നുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
കൊവിഡ് പരിശോധന നടത്തിയതിനു ശേഷം മാത്രമേ മുസ്‌ലിംകള്‍ക്ക് ആശുപത്രിയില്‍ പ്രവേശനം നല്‍കൂ എന്ന് മീററ്റിലെ ഒരു സ്വകാര്യ കാന്‍സര്‍ ആശുപത്രി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം നല്‍കിയ ആശുപത്രി മാനേജ്‌മെന്റിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നത്. തന്റെ കാറിന്റെ ടയറിനടിയില്‍പെടുന്ന പട്ടിക്കുട്ടിയോട് മുസ്‌ലിംകള്‍ ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടതിനെ മുന്‍പ് ഉപമിച്ച മോദിയില്‍ നിന്ന് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന വന്നത് ശ്രദ്ധേയവും കൗതുകവുമാണ്. ലോകത്ത് ഏറ്റവുമധികം ട്വിറ്റര്‍ ഫോളേവേഴ്‌സുള്ളവരില്‍ ഒരാളായ മോദിയില്‍ നിന്ന് ഇങ്ങനെയൊരു പ്രസ്താവന വരുമ്പോള്‍ അതു ലോകമാകെ അപ്പോള്‍ തന്നെ അറിയും. ആ ഉദ്ദേശ്യം വച്ചു തന്നെയായിരിക്കണം മാധ്യമങ്ങള്‍ക്കൊന്നും ഈ പ്രസ്താവന അദ്ദേഹം നല്‍കാതിരുന്നതെന്നു വേണം കരുതാന്‍. ഇതിനു പിന്നില്‍ വ്യക്തമായൊരു കാരണവുമുണ്ടായിരിക്കണം.
മോദിയോട് അടുപ്പം പുലര്‍ത്തിയിരുന്ന യു.എ.ഇ ഭരണാധികാരികളും ഇതര അറബ് രാഷ്ട്രനേതാക്കളും ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയെത്തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരേ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. അറബ് മാധ്യമങ്ങളൊക്കെയും ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ ഭരണാധികാരികള്‍ക്കത് കാണാതിരിക്കാനായില്ല. സംഘികളായ പ്രവാസികള്‍ ഇടക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെതിരേ അറബ് രാഷ്ട്രങ്ങള്‍ നടപടിയെടുക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള തൊഴില്‍ കരാറുകളില്‍ കാതലായ മാറ്റംവരുത്താനും യു.എ.ഇ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ അത്തരം നിലപാടുകളെ മയപ്പെടുത്താന്‍ കൂടിയായിരിക്കണം പ്രധാനമന്ത്രിയില്‍ നിന്ന് ഇപ്പോള്‍ വന്ന പ്രസ്താവന.
അതല്ലായിരുന്നെങ്കില്‍ കൊവിഡ് ഇന്ത്യയില്‍ പരത്തിയത് തബ്‌ലീഗുകാരാണെന്ന സംഘികളുടെ പ്രചാരണത്തിനൊപ്പം കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും നില്‍ക്കുമായിരുന്നില്ലല്ലോ. തുടര്‍ന്ന് ആ പ്രചാരണം ഇന്ത്യയിലെ മൊത്തം മുസ്‌ലിംകള്‍ക്കെതിരായി തിരിച്ചുവിടുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും സംഘി പ്രചാരണത്തിന് അവസരമൊരുക്കിക്കൊടുത്തു.
ഇന്ത്യയിലെ മുസ്‌ലിംകളുടെ പൗരത്വമില്ലാതാക്കാന്‍ ഇസ്‌ലാമോഫോബിയയ്ക്കു പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുന്ന, അവരെ ഇല്ലാതാക്കാന്‍ അവസരം കാത്തിരിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കും അവരെ പിന്താങ്ങുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും തളികയിലെന്നപോലെ ഇന്ത്യന്‍ മുസ്‌ലിംകളെ വച്ചുനീട്ടിക്കൊടുത്ത ബുദ്ധിമോശമാണ് തബ്‌ലീഗ് ജമാഅത്ത് ഡല്‍ഹി കൂട്ടായ്മയിലൂടെ ചെയ്തത്. ആ സമ്മേളനം തടയാന്‍ ഡല്‍ഹി ഭരണകൂടവും കേന്ദ്ര സര്‍ക്കാരും തയാറാകാതിരുന്നത് എന്തുകൊണ്ടായിരുന്നു? പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡിന്റെ വാഹകര്‍ വിദേശരാജ്യങ്ങളില്‍ നിന്നു വന്ന തബ്‌ലീഗ് സമ്മേളന പ്രതിനിധികളായിരുന്നെന്ന പ്രചാരണം നടത്താനായിരുന്നില്ലേ ഇരു സര്‍ക്കാരുകളും ഈ വിഷയത്തില്‍ ബോധപൂര്‍വമായ നിസ്സംഗത പാലിച്ചത്?
ഇപ്പോഴിതാ വിവിധ മതദര്‍ശനങ്ങളുമായി കെജ്‌രിവാളും രംഗത്തെത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യ നടന്നപ്പോള്‍ നിശ്ശബ്ദ ഭരണധികാരിയായി മാറിയ കെജ്‌രിവാളിന്റെ ചായ്‌വ് എങ്ങോട്ടാണെന്നു നേരത്തെ തന്നെ വെളിപ്പെട്ടതാണ്. ഡല്‍ഹി കത്തിയെരിഞ്ഞപ്പോള്‍ രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പോയി ചമ്രംപടിഞ്ഞിരിക്കുകയായിരുന്നു ഈ ഭരണാധികാരി.
കഴിഞ്ഞ ദിവസം അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലോകശക്തികളായ രാജ്യങ്ങള്‍ മഹാമാരിക്കു മുന്നില്‍ അന്തിച്ചുനില്‍ക്കുകയാണെന്നും പ്രകൃതിയുടെ ഇത്തരം ദുരന്താവസ്ഥയില്‍ ജനങ്ങള്‍ നിസ്സഹായരായിത്തീരുമെന്നും ആ പ്രകൃതിയെയാണ് നമ്മള്‍ ഈശ്വരനെന്നോ അല്ലാഹുവെന്നോ പറയുന്നതെന്നും ആ ശക്തി നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണെന്നും മനുഷ്യര്‍ ആ ശക്തിയുടെ നിയമങ്ങള്‍ അനുസരിക്കാതിരുന്നപ്പോഴൊക്കെയും പ്രകൃതിയുടെ കോപത്തിനു വിധേയരായിട്ടുണ്ടെന്നുമാണ് കെജ്‌രിവാള്‍ പറഞ്ഞത്. കൂടാതെ നമ്മുടെ ജീവിതം സഹജീവികളെ സേവിക്കാനുള്ളതാണ്, ഓരോ നിമിഷവും മറ്റുള്ളവര്‍ക്കുള്ള സേവനത്തിനു വേണ്ടി ചെലവഴിക്കണം, അതിനു പകരം ചിലര്‍ വെറുപ്പ് പ്രകടിപ്പിക്കുന്നു, ഈ മഹാവ്യാധിയിലും വിദ്വേഷം പരത്തുന്നു, അതു ദൈവത്തിനെതിരേയുള്ള പ്രവര്‍ത്തനമാണ്, ദൈവം അതൊരിക്കലും പൊറുക്കുകയില്ല, ദൈവം അത്തരമാളുകള്‍ക്ക് ഒരിക്കലും മാപ്പുനല്‍കില്ല എന്നുമൊക്കെ അദ്ദേഹം പറയുകയുമുണ്ടായി.
ഭരണാധികാരികള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ഗുജറാത്തിലെ ആശുപത്രിയില്‍ മുസ്‌ലിംകള്‍ക്കു പ്രത്യേക കൊവിഡ് വാര്‍ഡ് ഒരുക്കുകയില്ലായിരുന്നു. ഝാര്‍ഖണ്ഡില്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ, രക്തസ്രാവമുണ്ടായ മുസ്‌ലിം സ്ത്രീക്ക് ആശുപത്രി അധികൃതരില്‍ നിന്ന് വംശീയാധിക്ഷേപം കേള്‍ക്കേണ്ടിവരില്ലായിരുന്നു. അവരെക്കൊണ്ട് തറയിലെ രക്തം തുടപ്പിക്കില്ലായിരുന്നു.
മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായ മഹാവ്യാധിയെ ചെറുത്തുതോല്‍പിക്കാന്‍ ലോകം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍, അപരവിദ്വേഷത്തിന്റെ വൈറസ് പരത്തുന്ന ഇന്ത്യയിലെ ക്ഷുദ്രശക്തികളെ ചെറുത്തുതോല്‍പിക്കേണ്ട ബാധ്യതയും കൂടിയാണ് മനുഷ്യസ്‌നേഹികളില്‍ അര്‍പ്പിതമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."