മഴ; രാത്രികാല മോഷണങ്ങള്‍ തടയാന്‍ ജില്ലയില്‍ പൊലിസിന്റെ ജാഗ്രതാ നിര്‍ദേശം
നിലമ്പൂര്‍: മഴ കനത്തതോടെ രാത്രികാല മോഷണ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലിസ് നിര്‍ദേശം. ജില്ലയില്‍ നോമ്പുതുറ സമയത്തുള്ള മോഷണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യവുമുള്ളതിനാലാണ് അതീവ ശ്രദ്ധ വേണമെന്ന നിര്‍ദേശം നല്‍കുന്നത്.
മേലാറ്റൂര്‍ പാണ്ടിക്കാട് വെട്ടത്തൂര്‍, പ്രദേശങ്ങളില്‍ നോമ്പുതുറ സമയത്ത് വീടുകളില്‍ കയറിയുള്ള മോഷണസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ മഴക്കാലമായതോടെ രാത്രികാലങ്ങളില്‍ വീടുകളില്‍ അതിക്രമിച്ചു കയറി നടത്തുന്ന മോഷണങ്ങള്‍ക്കും സാധ്യതയുണ്ട്. അപരിചിതരെ കണ്ടാല്‍ ഉടനെ പൊലിസ് സ്റ്റേഷനില്‍ അറിയിക്കുകയാണ് വേണ്ടത്. വീടിനു മുന്‍വശത്തും പിറകുവശത്തും വെളിച്ചം ഇട്ടുവയ്ക്കണം. വൈദ്യുതി ഇല്ലാത്ത സമയമായിരിക്കും കൂടുതലും.
അതുകൊണ്ട് രാത്രി സമയങ്ങളില്‍ വെളിച്ചത്തിനായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജ്വല്ലറി, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരം കാടുപിടിക്കാതെ നോക്കണം. സുരക്ഷാ സംവിധാനങ്ങളും അലാറങ്ങളും സി.സി.ടി.വിയും കാര്യക്ഷമമായിരിക്കണം. വീടുകളിലെ പിറകുവാതിലുകള്‍ താരതമ്യേന ബലം കുറഞ്ഞതായിരിക്കും. ഇതിനു ഇരുമ്പു പട്ട ഉപയോഗിച്ച് ബലം നല്‍കണം.
കൂടുതല്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുക, വാതില്‍ പൂട്ടി താക്കോല്‍ പൂച്ചെട്ടിയിലും മറ്റും സൂക്ഷിക്കുക എന്നിവ ശ്രദ്ധിക്കണം. സ്വര്‍ണാഭരണങ്ങള്‍ കൂടുതല്‍ പ്രായമായവര്‍ ധരിക്കാതെ നോക്കുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. വീടിനുപുറത്ത് ഇരുമ്പ് ആയുധങ്ങള്‍ വെക്കുന്നതതും അപകടകരമാണ്. രാത്രി കാലങ്ങളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ വീടുകളില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പൊലിസ് അധികാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."