നാളെയുടെ പൂക്കള്‍
അക്ഷരമുറ്റത്ത് വ്യാപരിക്കേണ്ട കുട്ടികള്‍ തൊഴിലിടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നത് ലോകത്തിന്റെ ദുരന്തമാണ്. കൃഷിയിടങ്ങളില്‍, കരകൗശല മേഖലകളില്‍, ഭക്ഷണശാലകളില്‍, ഫുട്‌ബോള്‍ തുന്നല്‍ശാലകളില്‍ ദൈന്യതയാര്‍ന്ന കണ്ണുകളും നിഷ്‌കളങ്കതയും പേറി പണിയെടുക്കുന്ന എത്രയോ അനാഥ ബാല്യങ്ങള്‍. ലോകത്താകെ 25 കോടിയിലധികം കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ന്യൂസ് വേള്‍ഡിന്റെ സമീപകാല പഠനറിപ്പോര്‍ട്ട് തെളിയിക്കുന്നു.
18 ഉം 19 ഉം മണിക്കൂറുകള്‍ വരെ പണിയെടുക്കുന്ന കുട്ടികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപപക്ഷവും അപകട സാധ്യതയുള്ള പടക്കനിര്‍മാണശാലകള്‍, കീടനാശിനി നിര്‍മാണം, സര്‍ക്കസ് എന്നീ മേഖലകളിലാണ് പണിയെടുക്കുന്നത്. തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ കമ്പനികളിലും ഒട്ടേറെ കുട്ടികള്‍ പണിയെടുക്കുന്നുണ്ട്. ക്രിസ്മസിനും വിഷുവിനും ദീപാവലിക്കുമെല്ലാം നാം കത്തിച്ചുതീര്‍ക്കുന്ന പൂത്തിരികള്‍ക്കു പിന്നിലും ഇവരുടെ രാപ്പകലില്ലാത്ത അധ്വാനമുണ്ട്.
എന്താണ് ബാലവേല
കുട്ടികളെ ശാരീരികവും മാനസികവും സാമൂഹ്യവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വചിച്ചിരിക്കുന്നത്. ഇത് അവരുടെ വിദ്യാഭ്യാസത്തെ പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുത്തും. ലോകത്ത് കുട്ടികളുമായി ബന്ധപ്പെട്ട ചൂഷണങ്ങളില്‍ ഒന്നാണ് ബാലവേല. അതുകൊണ്ടുതന്നെ ലോകമെമ്പാടും ബാലവേലയ്ക്ക് എതിരെയുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബാലവേല നിരോധനം എന്നാല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നത് തടയുക മാത്രമല്ല, അവര്‍ക്ക് പഠിക്കാനും കളിക്കാനും നല്ല ആഹാരം കഴിക്കാനും വളരാനുമുള്ള അവകാശം സ്ഥാപിച്ചെടുക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവര്‍, പത്തിനും പതിനാലിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളില്‍ 14ലധികമാണ്. ഇന്ത്യയില്‍ 1.2 കോടിയിലധികം കുട്ടികള്‍ (2001-ലെ സെന്‍സസ് കണക്കനുസരിച്ച്) ബാലവേലയ്ക്ക് ഇരയായി ജീവിക്കുന്നുവെന്നാണ് കണക്ക്.
ദിനാചരണ ചരിത്രം
1989-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാണ് ലോക ബാലവേല വിരുദ്ധദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (കഘഛ) ബാലവേലയ്‌ക്കെതിരേ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992-ല്‍ തൊഴില്‍ സംഘടന നടപ്പാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു. 2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോകബാലവേല വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്. ബാലവേല എന്ന സാമൂഹ്യ തിന്മ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ ബോധവല്‍കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പാക്കി വരുന്നു.
രക്ഷയ്ക്ക് നിയമങ്ങള്‍
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെക്കൊണ്ട് വേല ചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു.1986 ലെ (ബാലവേല നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു.1996 ഡിസംബര്‍ 10-ന് സുപ്രിം കോടതി ബാലവേല ഇല്ലാതാക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു. 1997ലെ അടിമ നിരോധന നിയമം, 2000 ലെ ജുവനൈല്‍ ജസ്റ്റിസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്‌ക്കെതിരേ നിലവിലുണ്ട്.
2006 ഒക്‌ടോബര്‍10 മുതല്‍ ബാലവേല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം നമുക്ക് സര്‍ക്കാരിനെ അറിയിക്കാം. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാം.
കേരളത്തിലെ ബാലവേല
സാക്ഷരരുടെ നാട് എന്ന് അഭിമാനിക്കുന്ന കൊച്ചു കേരളത്തില്‍ പോലുമുണ്ട് ബാലവേലക്കാര്‍. 2012-ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ബാലവേല കൂടി വരികയാണ്. ഒഡീസ, ബംഗാള്‍, ബീഹാര്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഹോട്ടല്‍ ജോലി, റോഡ് പണി, വീട് നിര്‍മാണം, ഇഷ്ടിക ജോലി എന്നിവയ്ക്കായി ഇടനിലക്കാര്‍ കുട്ടികളെ കൊണ്ടുവരുന്നു.
മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കുറഞ്ഞ കൂലി നല്‍കിയാല്‍ മതിയെന്നതാണ് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കുവാനുള്ള പ്രധാന കാരണം. ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ നിന്ന് മുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തിലെങ്കിലും നമുക്ക് ചിന്തിക്കാം.
ദാരിദ്ര്യം തന്നെ വില്ലന്‍
വിദ്യ നുകരേണ്ട പ്രായത്തില്‍ തൊഴില്‍ മേഖലകളിലേക്ക് പോകുന്നതിന്റെ കാരണങ്ങള്‍ കൂട്ടുകാര്‍ ആലോചിച്ചിട്ടുണ്ടോ? ബാലവേലയ്ക്കു പല കാരണങ്ങളുണ്ടാകും. ദാരിദ്ര്യം തന്നെയാണ് പ്രധാനം. ദാരിദ്ര്യമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ബാല്യകാലത്ത് ജോലിക്കു പോയി പണം സമ്പാദിച്ച് കുടുംബത്തെ പോറ്റുന്നത്.
കാരണങ്ങള്‍ വേറെയുമുണ്ട്. മാതാപിതാക്കള്‍ വൃദ്ധരാകുയോ തീരാരോഗികളാകുകയോ കുടുംബത്തില്‍ ആഹാരത്തിനുപോലും വരുമാനമില്ലാതെ വരുകയോ ചെയ്താല്‍ സ്വാഭാവികമായും കുരുന്നുപ്രായത്തില്‍ വിദ്യ നേടുന്നതിനേക്കാള്‍ പണം സ്വരൂപിക്കുന്നതിന് ഇവര്‍ നിര്‍ബന്ധിതരായി മാറുന്നു. സാമൂഹ്യ പിന്നോക്കാവസ്ഥ, അറിവില്ലായ്മ, കുടുംബ ബന്ധങ്ങളിലെ താളപ്പിഴകള്‍, വലിയ കുടുംബം എന്നീ കാരണങ്ങളും ബാലവേലയെ ബലപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."