കനത്ത മഴ: മരങ്ങള്‍ വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി
നിലമ്പൂര്‍: മേഖലയില്‍ ഞായറാഴ്ച ഇടക്കിടെ ഉണ്ടായ കനത്ത മഴയില്‍ നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് നാശനഷ്ടം. നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാന പാതയില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് ഗതാഗതം പുന: സ്ഥാപിച്ചത്. വൈദ്യുതി പൂര്‍ണമായും മുടങ്ങി. ഒറ്റപ്പെട്ട കനത്ത മഴക്കിടെ ഉണ്ടാകുന്ന കാറ്റാണ് മരങ്ങള്‍ കടപുഴകാന്‍ കാരണം. അമരമ്പലം പഞ്ചായത്തില്‍ കോട്ടപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ജനങ്ങള്‍ ഭീതിയിലാണ്.
മലമുകളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചോക്കാടന്‍ പുഴ, കരിമ്പുഴ എന്നിവ നിറഞ്ഞൊഴുകി. കരയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമരമ്പലം, കരുളായി, ചോക്കാട് എന്നീ പഞ്ചായത്തുകളില്‍ നിരവധി റബര്‍ മരങ്ങളും, വാഴകളും കാറ്റില്‍ നിലംപൊത്തി. മഴക്ക് ശമനം ലഭിച്ചാല്‍ മാത്രമേ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭ്യമാവുകയുള്ളു.
ചാലിയാര്‍ പഞ്ചായത്തില്‍ മൈലാടി പൊട്ടി കരിവേലില്‍ വര്‍ഗീസ് കുര്യന്റെ വീട്ടിലെ 21 റിങ്ങുകളുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപം ബൈക്കിനു മുകളില്‍ മരംവീണ് ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
സമീപത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂര ഭാഗികമായി നശിച്ചു. വടപുറം പാലത്തിന് സമീപം പുറമ്പോക്ക് ഭൂമിയിലെ കൂറ്റന്‍ ചീനി മരം കടപുഴകി കെ.എന്‍.ജി റോഡിന്റെ നടപ്പാത തകര്‍ന്നു. കുതിരപ്പുഴയിലെ തടയണയുടെ ഭാഗം തകര്‍ന്ന് വെള്ളം വനഭൂമിയിലൂടെ ഒഴുകി. കാറ്റില്‍ മരം കടപുഴകി വീണ് പാട്ടക്കരിമ്പ് കോളനിയിലെ കൊച്ചു രവിയുടെ വീട് ഭാഗികമായി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."