കട്ടപ്പന ഗവ. കോളജിനെ സംസ്ഥാനത്തെ മികച്ച കോളജാക്കി മാറ്റുക ലക്ഷ്യം : റോഷി അഗസ്റ്റിന്‍
കട്ടപ്പന : മികച്ച പഠന സൗകര്യവും കൂടുതല്‍ കോഴ്‌സുകളും പ്രഗത്ഭരായ അദ്ധ്യാപക നിരയും ഒത്തുചേര്‍ന്നതോടെ കട്ടപ്പന ഗവ. കോളജ് ജില്ലയിലെ ഏറ്റവും മികച്ച ഗവ. കോളജായി മാറി. കൂടുതല്‍ ബിരുദ - ബിരുദാനന്തര കോഴ്‌സുകള്‍ കൂടി ആരംഭിച്ച് സംസ്ഥാനത്തെ മികച്ച കോളജുകളില്‍ ഒന്നാക്കി മാറ്റുകയാണ് അടുത്ത ലക്ഷ്യമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞു. കോളജിനായി എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച ബസ്സിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസ്ബറ്റോസ് ഷീറ്റും പുല്ലും മേഞ്ഞ ഏതാനും താല്ക്കാലിക കെട്ടിടങ്ങളിലാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടു മുമ്പു വരെ കോളജ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് മികച്ച അക്കാദമിക് സൗകര്യങ്ങളും ഹോസ്റ്റലുകളും ലാബ് - ലൈബ്രറി സൗകര്യങ്ങളും ഏര്‍പ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളജിനോട് അനുബന്ധിച്ച് മികച്ച ഗ്രൗണ്ടും ക്യാന്റീനും വനിതാ വിശ്രമ കേന്ദ്രവും മികച്ച സൗകര്യങ്ങളോട് കൂടിയ ഓഡിറ്റോറിയവും നിര്‍മ്മിക്കണമെന്ന നിവേദനം പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ. ഉറപ്പ് നല്കി. കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ്‌ഡേ പരിപാടി ഉദ്ഘാടനം ചെയ്യവേ ആണ് കോളേജിന് സമ്മാനമായി എം.എല്‍.എ. ബസ്സ് അനുവദിച്ചത്. സാമ്പത്തികശാസ്ത്ര ബിരുദ വിഷയത്തില്‍ 100 ശതമാനവും ബി.കോം വിഭാഗത്തിന് 98 ശതമാനവും മറ്റ് ബിരുദ വിഷയങ്ങളിലെല്ലാം 90 ശതമാനത്തിലധികം വിജയം നേടാനായതോടെ കട്ടപ്പന കോളജ് ഹൈറേഞ്ചിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍നിരയിലേക്ക് എത്തിയിരുന്നു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. സുമ അധ്യക്ഷത വഹിച്ചു. പി.റ്റി.എ. സെക്രട്ടറി ഡോ. അജയകുമാര്‍ ജി., പി.റ്റി.എ. എക്‌സിക്യൂട്ടീവ് അംഗം സണ്ണി വളവനാല്‍, വിദ്യാര്‍ഥി പ്രതിനിധി ദര്‍ശന വിജയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."